കൂട്ടബലാല്‍സംഗക്കേസ്: സിഐ പി ആര്‍ സുനുവിനെ പിരിച്ചുവിടാന്‍ നടപടി തുടങ്ങി; കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി

Update: 2022-12-19 04:25 GMT

തിരുവനന്തപുരം: തൃക്കാക്കര കൂട്ടബലാല്‍സംഗ കേസ് ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയായ പോലിസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും പിരിച്ചുവിടാന്‍ നടപടി ആരംഭിച്ചു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി ആര്‍ സുനുവിനെതിരേയാണ് നടപടി. സര്‍വീസില്‍ നിന്നും പിരിച്ചുവിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ മൂന്നുദിവസത്തിനകം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് സുനുവിന് ഡിജിപി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

തൃക്കാക്കര പോലിസ് രജിസ്റ്റര്‍ ചെയ്ത കൂട്ടബലാല്‍സംഗ കേസില്‍ ആരോപണവിധേയാനായതിനെത്തുടര്‍ന്ന് ബേപ്പൂര്‍ കോസ്റ്റല്‍ ഇന്‍സ്‌പെക്ടറായിരുന്ന സുനു ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. 15 തവണ വകുപ്പുതല നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥനാണ് പി ആര്‍ സുനു. ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ സുനുവിനെതിരേ വകുപ്പുതല അന്വേഷണം പൂര്‍ത്തിയാക്കി കഴിഞ്ഞ ജനുവരിയില്‍ ശിക്ഷിച്ചിരുന്നു.

ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളായ പോലിസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടി. ഇതിനുള്ള കരട് ഉത്തരവ് നിയമ സെക്രട്ടറി അംഗീകരിച്ച് ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നു. പ്രാഥമിക ഘട്ടത്തില്‍ തയ്യാറാക്കിയ 85 പേരുടെ പട്ടിയില്‍ സൂക്ഷ്മപരിശോധന നടത്താന്‍ മൂന്നംഗ സമിതിയെ ഡിജിപി ചുമതലപ്പെടുത്തിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളിയില്‍ മാങ്ങ മോഷ്ടിച്ച പോലിസുകാരനെയും എറണാകുളം റൂറലില്‍ സ്വര്‍ണം മോഷ്ടിച്ച പോലിസുകാരനെയും പിരിച്ചുവിടാന്‍ ജില്ലാ പോലിസ് മേധാവിമാര്‍ നടപടി ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News