കൊച്ചിയില്‍ മോഡല്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായ കേസ്; തെളിവെടുപ്പ് ഇന്നും തുടരും
കൊച്ചി: കൊച്ചിയില്‍ മോഡല്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായ കേസില്‍ തെളിവെടുപ്പ് ഇന്നും തുടരും. പീഡനത്തിനുശേഷം യുവതിയെ ഇറക്കിവിട്ട കാക്കനാട്ടെ ഫഌറ്റിലുള്‍പ്പെടെയാണ് തെളിവെടുപ്പ് നടത്തുക. പ്രതികളായ നിധിന്‍, വിവേക്, സുദീപ്, മോഡലും രാജസ്ഥാന്‍ സ്വദേശിയുമായ ഡിംപിള്‍ ലാമ്പ എന്നിവരെ ഇന്നലെ പള്ളിമുക്കിലെ പബ്ബിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം നടന്ന ബാര്‍ ഹോട്ടലില്‍ അന്വേഷണ സംഘമെത്തിയത്. ജീവനക്കാരില്‍ നിന്നും ഉദ്യോഗസ്ഥര്‍ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു.
പീഡനം നടന്ന ദിവസത്തെ സംഭവങ്ങള്‍ ഓരോന്നായി പ്രതികള്‍ വിവരിച്ചു. പിന്നീട് പ്രതികള്‍ ഭക്ഷണം കഴിച്ച തെട്ടടുത്ത ഹോട്ടലിലും അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. പബ്ബിന്റെ പാര്‍ക്കിങ് ഏരിയയില്‍ കാര്‍ നിര്‍ത്തിയിട്ടും പിന്നീട് സഞ്ചരിച്ചും പ്രതികള്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. അതിനാല്‍, വാഹനം കടന്ന് പോയ പാതയിലൂടെ പ്രതികളുമായി സഞ്ചരിച്ച് തെളിവെടുക്കും. ഡിംപിള്‍ ലാമ്പയുടെ ഫോണ്‍ കണ്ടെടുക്കാനുള്ള ശ്രമവും തുടരുകയാണ്. ലഹരി സംഘങ്ങളുമായും സെക്‌സ് റാക്കറ്റുമായും ഡിംബിള്‍ ലാംബക്ക് ബന്ധമുണ്ടോയെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഫോണിലുണ്ടോയെന്നാവും പരിശോധിക്കുക. അഞ്ചുദിവസത്തെ കസ്റ്റഡി കാലാവധി തീരുന്നതിനു മുമ്പ് പരമാവധി തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
അതിനിടെ, ബലാല്‍സംഗത്തിനിരയായ മോഡലിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി. തെളിവ് നിയമത്തിലെ 164ാം വകുപ്പ് പ്രകാരമാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. സംഭവത്തില്‍ പോലിസിന് നല്‍കിയ മൊഴി തന്നെയാണ് യുവതി മജിസ്‌ട്രേറ്റിന് മുന്നിലും ആവര്‍ത്തിച്ചത്. എന്നാല്‍, സ്വന്തം താല്‍പര്യപ്രകാരമാണ് മോഡല്‍ തങ്ങള്‍ക്കൊപ്പം വന്നതെന്ന് പ്രതികള്‍ പോലിസിനോട് പറഞ്ഞതായാണ് വിവരം. പണത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് പരാതിക്ക് കാരണമെന്നാണ് പ്രതികള്‍ പറയുന്നത്. ഒരുമിച്ച് ഭക്ഷണം കഴിച്ച ശേഷമാണ് കാക്കനാട്ടെ ഫ്‌ളാറ്റില്‍ മോഡലിനെ കൊണ്ടുവിട്ടതെന്നും നടന്ന കാര്യങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം അബോധാവസ്ഥയിലായിരുന്നില്ലെന്നുമാണ് പ്രതികള്‍ പറയുന്നത്.