കെഎസ്ആര്‍ടിസിയെ 'താമരാക്ഷന്‍പിള്ള'യാക്കിയ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു

Update: 2022-11-07 11:05 GMT

കൊച്ചി: വിവാഹ ഓട്ടത്തിന് വിളിച്ച കെഎസ്ആര്‍ടിസി ബസ്സില്‍ വാഴയും തെങ്ങോലയും ഇലകളും വച്ച് അലങ്കരിച്ച് 'ഈ പറക്കുംതളിക' സിനിമയിലെ 'താമരാക്ഷന്‍ പിള്ള' ബസ് മാതൃകയിലാക്കി ആഘോഷ യാത്ര നടത്തിയ സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്റ് ചെയ്തു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ നെല്ലിക്കുഴി സ്വദേശി റഷീദിന്റെ ലൈസന്‍സാണ് സസ്‌പെന്റ് ചെയ്തത്. നേരത്തെ കെഎസ്ആര്‍ടിസി കോതമംഗലം ഡിപ്പോയിലെത്തി ബസ് പരിശോധിച്ച മോട്ടോര്‍ വാഹനവകുപ്പ് നിയമലംഘനത്തിന് കേസെടുത്തിരുന്നു.

കെഎസ്ആര്‍ടിസി ഡ്രൈവര്‍ നെല്ലിക്കുഴി സ്വദേശി റഷീദിന് കാരണം കാണിക്കല്‍ നോട്ടീസും എംവിഡി നല്‍കി. ഡ്രൈവറുടെ കാഴ്ച മറച്ചതിനും (184) മറ്റ് റോഡ് യാത്രക്കാര്‍ക്ക് അപകടം വരുത്തുന്ന രീതിയില്‍ ബസ്സില്‍ മരച്ചില്ലകള്‍ വച്ചുകെട്ടി വാഹനം ഓടിച്ചതിനുമാണ് (177) നടപടി. തിങ്കളാഴ്ച രാവിലെ 11ന് കോതമംഗലം മോട്ടോര്‍ വെഹിക്കിള്‍ ഓഫിസില്‍ വിശദീകരണം നല്‍കാന്‍ റഷീദ് എത്തിയിരുന്നു. സുഹൃത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ടാണ് ബസ് അലങ്കരിച്ചതെന്നും തനിക്ക് അബദ്ധം സംഭവിച്ചതാണെന്നും എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും റഷീദ് പറഞ്ഞു.

കോതമംഗലം നെല്ലിക്കുഴിയില്‍ നിന്ന് വരന്റെ ബന്ധുക്കളും സുഹൃത്തുക്കളും അടിമാലി ഇരുമ്പുപാലത്തെ വധുഗൃഹത്തിലേക്കെത്തിയ കെഎസ്ആര്‍ടിസി ബസ്സാണ് താമരാക്ഷന്‍പിള്ളയായി അലങ്കരിച്ചത്. 'പറക്കുംതളിക... ഇത് മനുഷ്യരെ കറക്കുംതളിക' എന്ന പാട്ടുംവച്ചായിരുന്നു ബസ്സിന്റെ യാത്ര. ഇത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ വിവാദമായി. വടക്കഞ്ചേരി അപകടത്തെ തുടര്‍ന്ന് ടൂറിസ്റ്റ് ബസ്സുകള്‍ക്കെതിരേ കര്‍ശന നിയമനടപടിയെടുത്ത ഗതാഗത വകുപ്പ് കെഎസ്ആര്‍ടിസിയുടെ നിയമലംഘനത്തിന് കൂട്ടുനില്‍ക്കുകയാണെന്നായിരുന്നു വിമര്‍ശനം. ഇതോടെയാണ് വിഷയത്തില്‍ ഗതാഗത വകുപ്പ് ഇടപെട്ടത്.

Tags:    

Similar News