കാറിനുള്ളില്‍ മോഡലിനെ കൂട്ടബലാല്‍സംഗം ചെയ്ത കേസ്: പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഇന്ന് അപേക്ഷ നല്‍കും

Update: 2022-11-21 01:42 GMT

കൊച്ചി: മോഡലായ 19കാരിയെ ഓടുന്ന കാറിനുള്ളില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയ കേസില്‍ അറസ്റ്റിലായ നാല് പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി അന്വേഷണസംഘം. ഇതിനായി ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. പ്രതികളായ രാജസ്ഥാന്‍ രാംവാല രഘുവ സ്വദേശി ഡിംപിള്‍ ലാമ്പ (ഡോളി- 21), കൊടുങ്ങല്ലൂര്‍ പരാരത്ത് വിവേക് സുധാകരന്‍ (26), കൊടുങ്ങല്ലൂര്‍ മേത്തല കുഴിക്കാട്ട് വീട്ടില്‍ നിധിന്‍ മേഘനാഥന്‍ (35), കൊടുങ്ങല്ലൂര്‍ കാവില്‍ക്കടവ് തായ്ത്തറ ടി ആര്‍ സുദീപ്(34) എന്നിവരെ എറണാകുളം എസിജെഎം കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

ബലാല്‍സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോവല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിരിക്കുന്നത്. അടുത്ത മാസം മൂന്നുവരെയാണ് പ്രതികളുടെ റിമാന്‍ഡ് കാലാവധി. കാര്യങ്ങള്‍ വ്യക്തമാവാന്‍ കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന നിലപാടിലാണ് പോലിസ്. അറസ്റ്റിലായ ഡിംപിളിന്റെ സുഹൃത്തുക്കളാണ് യുവാക്കള്‍. ഇവര്‍ക്ക് ഒത്താശ ചെയ്ത് നല്‍കിയത് ഡിംപിളാണെന്നാണ് പോലിസ് സംശയിക്കുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്യും. നിധിന്‍ കൊടുങ്ങല്ലൂരിലെ വ്യാപാരിയെയും മകനെയും തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ്.

ഏതാനും വര്‍ഷങ്ങളായി കൊച്ചിയില്‍ മോഡലിങ് രംഗത്തുള്ള രാജസ്ഥാന്‍കാരിയായ ഡിംബിള്‍ ലാമ്പ (ഡോളി-19) ഡിജെ പാര്‍ട്ടിക്കെന്ന് പറഞ്ഞ് ഹോട്ടലിലേക്ക് കൊണ്ടുപോയതാണെന്ന് അതിജീവിത മൊഴി നല്‍കി. ബിയറില്‍ ലഹരി പദാര്‍ഥം കലര്‍ത്തി നല്‍കിയതായി സംശയമുണ്ടെന്നും മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തിലും കൂടുതല്‍ അന്വേഷണമുണ്ടാവും.

സംഭവസമയം പ്രതികള്‍ ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുള്ളതിനാല്‍ രക്തസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം കിട്ടിയ ശേഷമായിരിക്കും തുടര്‍നടപടി. ഡിജെ പാര്‍ട്ടി നടന്ന ബാര്‍ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പരിശോധിച്ചുവരികയാണ്. പ്രതികളും അതിക്രമത്തിനിരയായ യുവതിയും എത്തുന്നതിന്റെയടക്കമുള്ള ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ട്. പ്രതികള്‍ യുവതിയുമായി കാറില്‍ നഗരത്തില്‍ ചുറ്റിസഞ്ചരിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

വ്യാഴാഴ്ച അര്‍ധരാത്രിയാണ് കാസര്‍കോട് സ്വദേശിനിയായ മോഡലിനെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് ഓടുന്ന കാറില്‍ കൂട്ടമാനഭംഗത്തിനിരയാക്കിയത്. എറണാകുളം മെഡിക്കല്‍ കോളജിലായിരുന്ന യുവതിയെ അവരുടെ ആവശ്യപ്രകാരം ഡിസ്ചാര്‍ജ് ചെയ്തു. കാര്യമായ പരിക്കില്ലെന്നാണ് മെഡിക്കല്‍ റിപോര്‍ട്ട്. മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി രേഖപ്പെടുത്തി. യുവതിയും കൂട്ടുകാരിയും താമസിച്ചിരുന്ന കാക്കനാട് ഇന്‍ഫോ പാര്‍ക്കിലെ ഓയോ റൂമില്‍ നിന്ന് സംഭവദിവസം ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു. തേവര അറ്റ്‌ലാന്റിസിലെ ഹോട്ടലിലെ ഡാന്‍സ് ഫ്‌ളോര്‍ പോലിസ് സീല്‍ ചെയ്തു.

Tags:    

Similar News