തലചായ്ക്കാനൊരു കൂരയ്ക്കായി അധികാരികളുടെ കനിവുതേടി ദലിത് കുടുംബം

1979 ല്‍ കുടികിടപ്പായി കിട്ടിയ അഞ്ച് സെന്റ് ഭൂമിയില്‍നിന്ന് ഭാഗംവച്ച മൂന്ന് സെന്റില്‍ വീടുവയ്ക്കുന്നതിനായി കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. 2018ലാണ് വീടിനുവേണ്ടി അപേക്ഷകള്‍ നല്‍കുന്നത്. ഓരോ അപേക്ഷകളിലും നിരവധി തടസവാദങ്ങളാണ് നേരിടുന്നത്.

Update: 2020-06-22 11:47 GMT

ഹമീദ് പരപ്പനങ്ങാടി

പരപ്പനങ്ങാടി: അന്തിയുറങ്ങാന്‍ ഒരു കൊച്ചുകൂരയ്ക്കുവേണ്ടി അധികാരികളുടെ കനിവുതേടി വര്‍ഷങ്ങളായി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുകയാണ് നിരാലംബരായ ദലിത് കുടുംബം. പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ ഡിവിഷന്‍ 18 ല്‍ (കരിങ്കല്ലത്താണി) താമസിക്കുന്ന തറയിലൊടി വാസു, ഭാര്യ യശോദ, മൂന്ന് മക്കള്‍ അടങ്ങുന്ന കുടുംബത്തിനാണ് വീടെന്ന സ്വപ്‌നം അധികാരികളുടെ അവഗണനകള്‍ക്ക് മുന്നില്‍ അന്യമായിരിക്കുന്നത്. 1979 ല്‍ കുടികിടപ്പായി കിട്ടിയ അഞ്ച് സെന്റ് ഭൂമിയില്‍നിന്ന് ഭാഗംവച്ച മൂന്ന് സെന്റില്‍ വീടുവയ്ക്കുന്നതിനായി കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് കാലങ്ങളായി.

2018ലാണ് വീടിനുവേണ്ടി അപേക്ഷകള്‍ നല്‍കുന്നത്. ഓരോ അപേക്ഷകളിലും നിരവധി തടസവാദങ്ങളാണ് നേരിടുന്നത്. പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലും വീടിനുവേണ്ടി അപേക്ഷ നല്‍കിയിരുന്നു. നെഞ്ച ഭൂമിയായതിനാല്‍ വീടുനല്‍കാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. എന്നാല്‍, ഇത് തികച്ചും തെറ്റാണെന്നാണ് വിലയിരുത്തല്‍. ഇതേ പരിസരങ്ങളില്‍ നെഞ്ചകളില്‍ ഈവര്‍ഷംവരെ പുതിയ പാര്‍പ്പിട പദ്ധതിയില്‍ നിരവധി വീടുകള്‍ ഉയര്‍ന്നിട്ടുണ്ട്. അതിനൊന്നും യാതൊരു തടസ്സവുമുണ്ടായിട്ടില്ലത്രെ. ഭൂമി തരംതിരിച്ച് നല്‍കിയാല്‍ വീട് പാസാക്കാമെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് കൃഷിഭവന്‍, വില്ലേജ്, ആര്‍ഡിഒ എന്നിവര്‍ക്ക് അപേക്ഷകള്‍ നല്‍കുകയും വേണ്ട ഫീസുകളും അടച്ചു.

ആറുമാസം മുമ്പ് എല്ലാ കടമ്പകളും കടന്ന് തിരൂര്‍ ആര്‍ഡിഒ നടപടി സ്വീകരിച്ച് നെടുവ വില്ലേജ് ഓഫിസിന് റിപോര്‍ട്ട് നല്‍കി. ഏപ്രില്‍ മാസത്തില്‍ വില്ലേജിലെത്താന്‍ അറിയിച്ചു. ഇതുപ്രകാരം ഓഫിസിലെത്തിയപ്പോള്‍ പിന്നീട് വരാന്‍ പറയുകയായിരുന്നു. ആറുതവണയാണ് നെടുവ വില്ലേജില്‍ കയറിയിറങ്ങിയത്. ഓരോ കാരണം പറഞ്ഞ് തിരിച്ചയക്കും. മൂന്നുദിവസം മുമ്പ് ചെന്നപ്പോള്‍ കൊറോണയൊക്കെയല്ലെ, കഴിയട്ടെയെന്നും പറഞ്ഞു. ഇതിനും പരിഹാരം കാണാത്തതിനെത്തുടര്‍ന്ന് വാസു പൊതുപ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായ ഹമീദ് പരപ്പനങ്ങാടി, 18 ഡിവിഷന്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ സലാം കളത്തിങ്ങല്‍ എന്നിവരുമായി ഇന്ന് മലപ്പുറം കലക്ടറേറ്റില്‍ പരാതി നല്‍കിയിരിക്കുകയാണ്.

ഓലച്ചുമരും തകരഷീറ്റും പാകിയ കുടിലിലാണ് അഞ്ചംഗകുടുംബം കഴിയുന്നത്. കാലവര്‍ഷം കനക്കുകയാണ്. പരിസരങ്ങളിലൊക്കെ വെള്ളം നിറഞ്ഞു. 10 ല്‍ പഠിക്കുന്ന പ്രായം തികഞ്ഞ പെണ്‍കുട്ടികളടക്കമുള്ളവരുമായി കൂലിപ്പണിക്കാരനായ ഞാനെന്ത് ചെയ്യാനാണെന്ന് കലക്ടര്‍ക്ക് നല്‍കിയ അപേക്ഷയില്‍ വാസു ചോദിക്കുന്നു. എല്ലാവരും ഒരുമിച്ച് അന്തിയുറങ്ങുന്നതുതന്നെ കഷ്ടപ്പെട്ടാണ്. ഭാര്യ- ഭര്‍ത്താക്കന്‍മാരുടെ സ്വകാര്യതപോലും ഇവര്‍ക്ക് നഷ്ടപ്പെട്ടിട്ട് വര്‍ഷങ്ങളായി. 350 ല്‍ പരം വീടുകളുള്ള ഈ വാര്‍ഡിലും സമീപപ്രദേശങ്ങളിലും ഇത്തരമൊരു അവസ്ഥയുള്ളവരില്ല. കാലവര്‍ഷമുണ്ടാവുമ്പോള്‍ ഇവിടം പൂര്‍ണമായും വെള്ളത്തിലാവും. കൂലിപ്പണിക്കാരനായ വാസുവിന് സ്വന്തം കാശുമുടക്കി വീടുനിര്‍മിക്കുകയെന്നത് സ്വപ്‌നം മാത്രമായി അവശേഷിക്കുന്നു. തലചായ്ക്കാന്‍ ഒരു കൂരയ്ക്കായി ഇനി ജില്ലാ കലക്ടറുടെ കനിവിനായി കാത്തിരിക്കുകയാണ് ഈ ദലിത് കുടുംബം. 

Tags:    

Similar News