അഞ്ജുവിന്റെ മരണം; എംജി സര്‍വകലാശാല മൂന്നംഗ സമിതി അന്വേഷിക്കും, പോലിസ് അന്വേഷണം തുടങ്ങി

നിലവില്‍ അസ്വാഭാവികമരണത്തിനാണ് പോലിസ് കേസെടുത്തിരിക്കുന്നത്. എന്തെങ്കിലും കൃത്രിമം നടത്തുകയോ വിദ്യാര്‍ഥിനിക്ക് മാനസികപീഡനം ഏല്‍പ്പിക്കുകയോ ചെയ്തുവെന്ന് വ്യക്തമായാല്‍ കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തി നിയമനടപടികള്‍ സ്വീകരിക്കും.

Update: 2020-06-09 10:27 GMT

കോട്ടയം: പാലാ ചേര്‍പ്പുങ്കലില്‍ പരീക്ഷാ ഹാളില്‍നിന്നിറങ്ങിയ അഞ്ജു ഷാജിയെന്ന വിദ്യാര്‍ഥിനിയെ മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ എംജി സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് സര്‍വകലാശാലയുടെ മൂന്നംഗസമിതി സംഭവം അന്വേഷിക്കുമെന്ന് വൈസ് ചാന്‍സിലറാണ് അറിയിച്ചത്. ഡോ.എം എസ് മുരളി, ഡോ.അജി സി പണിക്കര്‍, പ്രഫ.വി എസ് പ്രവീണ്‍കുമാര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. വിദ്യാര്‍ഥിനിയുടെ മരണത്തിന് പിന്നില്‍ കോളജ് പ്രിന്‍സിപ്പലിന്റെയും അധ്യാപകരുടെയും മാനസികപീഡനമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കോപ്പിയടിച്ചെന്നാരോപിച്ച് മകളെ പരീക്ഷാ ഹാളില്‍നിന്ന് പുറത്താക്കിയതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നും പ്രിന്‍സിപ്പലിനെയും അധ്യാപകരെയും അറസ്റ്റുചെയ്യണമെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു.

അഞ്ജുവിന്റെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിക്കുകയും ചെയ്തു. കോളജിനെതിരേ ഗുരുതരമായ ആരോപണങ്ങളുയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍വകലാശാല അന്വേഷണസമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ കോളജ് അധികാരികള്‍ പ്രദര്‍ശിപ്പിച്ച സിസിടിവി ദൃശ്യത്തില്‍ ക്രമക്കേട് നടത്തി, അഞ്ജുവിനെ കാണാഞ്ഞ് അന്വേഷിച്ച് ചെന്നപ്പോള്‍ പ്രിന്‍സിപ്പല്‍ മോശമായി സംസാരിച്ചു, ഹാള്‍ടിക്കറ്റിന് പിന്‍വശത്തെ കൈയക്ഷരം അഞ്ജുവിന്റേതല്ല തുടങ്ങിയ വാദങ്ങളാണ് കുടുംബം ഉയര്‍ത്തുന്നത്. അതേസമയം, അഞ്ജുവിന്റെ മരണത്തില്‍ കാഞ്ഞിരപ്പള്ളി പോലിസ് അന്വേഷണം ആരംഭിച്ചു. എംജി സര്‍വകലാശാലയിലെത്തി സര്‍വകലാശാല നിയമം പരിശോധിച്ചു.

ഹാള്‍ ടിക്കറ്റിലെ കൈയക്ഷരം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടേ കേസെടുക്കൂ. പരീക്ഷ നടന്ന കോളജിലും സിസിടിവി ദൃശ്യങ്ങളും ആധികാരികതയും പോലിസ് പ്രത്യേകമായി പരിശോധിക്കും. കോളജ് പ്രിന്‍സിപ്പല്‍ അടക്കമുള്ളവരുടെ മൊഴിയും രേഖപ്പെടുത്തും. നിലവില്‍ അസ്വാഭാവികമരണത്തിനാണ് പോലിസ് കേസെടുത്തിരിക്കുന്നത്. എന്തെങ്കിലും കൃത്രിമം നടത്തുകയോ വിദ്യാര്‍ഥിനിക്ക് മാനസികപീഡനം ഏല്‍പ്പിക്കുകയോ ചെയ്തുവെന്ന് വ്യക്തമായാല്‍ കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തി നിയമനടപടികള്‍ സ്വീകരിക്കും. സംഭവത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന് എംജി സര്‍വകലാശാല വിശദീകരണം നല്‍കിയിട്ടുണ്ട്.  

Tags:    

Similar News