ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തെത്തിയ ട്രെയിനിലെ യാത്രക്കാരന് കൊവിഡ് ലക്ഷണം
പത്തനംതിട്ട സ്വദേശിയായ ഇയാളെ പ്രാഥമികപരിശോധനകള്‍ക്ക് ശേഷം തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട്: ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തെത്തിയ ട്രെയിനിലെ ഒരു യാത്രക്കാരന് കൊവിഡ് ലക്ഷണം. പത്തനംതിട്ട സ്വദേശിയായ ഇയാളെ പ്രാഥമികപരിശോധനകള്‍ക്ക് ശേഷം തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയില്‍നിന്നാണ് ഇയാളെത്തിയത്. നേരത്തെ ഇതേ ട്രെയിനില്‍ കോഴിക്കോട്ട് ഇറങ്ങിയ ആറുപേര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടിരുന്നു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതോടെ ഈ ട്രെയിനില്‍ കേരളത്തിലേക്ക് വന്ന ഏഴുപേരെ കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ട്രെയിന്‍ തിരുവനന്തപുരത്തെത്തിയത്. ലോക്ക് ഡൗണിനിടയില്‍ കേരളത്തിലേക്ക് യാത്രക്കാരുമായെത്തുന്ന ആദ്യ ട്രെയിനാണിത്. 602 യാത്രക്കാരുമായി ട്രെയിനെത്തുമെന്നാണ് നേരത്തെ ലഭിച്ചിരുന്ന വിവരം. എന്നാല്‍, 400 യാത്രക്കാരാണ് തിരുവനന്തപുരത്ത് ഇറങ്ങിയതെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. വലിയ സജ്ജീകരണങ്ങളാണ് യാത്രക്കാരുടെ പരിശോധനയ്ക്കായി തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ജില്ലാഭരണകൂടം ഒരുക്കിയിരിക്കുന്നത്.
ട്രെയിനില്‍നിന്നും 20 പേരടങ്ങുന്ന സംഘമായാണ് യാത്രക്കാരെ പുറത്തിറക്കിയത്. 15 കൗണ്ടറുകളായി പരിശോധന നടത്തി നാല് ഗേറ്റുകളിലൂടെയാണ് ഇവരെ സ്റ്റേഷന് പുറത്തേക്കെത്തിച്ചത്. 25 കെഎസ്ആര്‍ടിസി ബസ്സുകളിലായി സാമൂഹിക അകലം പാലിച്ച് ഇവരെ നാട്ടിലെത്തിക്കും. യാത്രക്കാരെ പുറത്തിറക്കിയ ശേഷം റെയില്‍വേ സ്റ്റേഷന്‍ അണുനശീകരണം നടത്തി.