രണ്ട് അന്തേവാസികള്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍; ജയില്‍ ആസ്ഥാനം മൂന്നുദിവസം അടച്ചിടും
ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം ജയില്‍ വകുപ്പധ്യക്ഷന്‍ ഋഷിരാജ് സിങ്ങാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്.
തിരുവനന്തപുരം: ജയില്‍ ആസ്ഥാനകാര്യാലയം മൂന്നുദിവസത്തേക്ക് അടച്ചിടുന്നു. സെന്‍ട്രല്‍ ജയിലില്‍നിന്ന് ജയില്‍ ആസ്ഥാന കാര്യാലയത്തില്‍ ശുചീകരണത്തിനായി നിയോഗിച്ചിരുന്ന രണ്ട് അന്തേവാസികള്‍ക്ക് കൊവിഡ് രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്നാണ് തീരുമാനം. ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം ജയില്‍ വകുപ്പധ്യക്ഷന്‍ ഋഷിരാജ് സിങ്ങാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്.
പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 41 തടവുകാര്‍ക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നൂറ് പേരിലാണ് ആന്റിജന്‍ പരിശോധന നടത്തിയത്. കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ 59 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതുവരെ 200 പേരില്‍ നടത്തിയ പരിശോധനയില്‍ 101 പേരില്‍ രോഗം കണ്ടെത്തിയതോടെ ജയില്‍ അന്തേവാസികളും ഉദ്യോഗസ്ഥരും ആശങ്കയിലാണ്. എഴുന്നൂറിലേരെ തടവുകാരാണ് ജയിലിലുള്ളത്.