ഡിജിപി ജേക്കബ് തോമസ് സര്‍വീസില്‍ നിന്നും സ്വയം വിരമിച്ചു
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്നും ജേക്കബ് തോമസ് മല്‍സരിച്ചേക്കുമെന്നാണ് സൂചന. 33 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പടിയിറങ്ങുന്നത്. 2017 ഡിസംബര്‍ മുതല്‍ അദ്ദേഹം സസ്‌പെന്‍ഷനിലായിരുന്നു.
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന സൂചനയ്ക്കിടെ ഡിജിപി ജേക്കബ് തോമസ് സര്‍വീസില്‍ നിന്നും സ്വയം വിരമിച്ചു. ചീഫ് സെക്രട്ടറിക്കും കേന്ദ്രസര്‍ക്കാരിനും സ്വയം വിരമിക്കലിന് അദ്ദേഹം അപേക്ഷ നല്‍കി. 33 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പടിയിറങ്ങുന്നത്. 2017 ഡിസംബര്‍ മുതല്‍ അദ്ദേഹം സസ്‌പെന്‍ഷനിലായിരുന്നു. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജേക്കബ് തോമസ് മല്‍സരിച്ചേക്കുമെന്നാണ് സൂചന. ചാലക്കുടി മണ്ഡലത്തില്‍ നിന്നും ട്വന്റി-20 കൂട്ടായ്മയുടെ ഭാഗമായാവും മല്‍സരിക്കുക.
1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസിന് 14 മാസത്തോളം സര്‍വീസ് ബാക്കിയുണ്ട്. കേരള കേഡറിലെ ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ കഴിയാത്തതിനാല്‍ സര്‍വീസില്‍നിന്നു സ്വയം വിരമിക്കാന്‍ അപേക്ഷ നല്‍കുകയോ രാജിവയ്ക്കുകയോ വേണം. ഇതേത്തുടര്‍ന്നാണ് അദ്ദേഹം സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ അഴിമതിക്കെതിരായ മുഖമെന്ന നിലയിലാണ് വിജിലന്‍സ് തലപ്പത്തേക്ക് ജേക്കബ് തോമസിനെ കൊണ്ടുവന്നത്. എന്നാല്‍, മന്ത്രി ഇ പി ജയരാജന്റെ ബന്ധുനിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളോടെ ജേക്കബ് തോമസും സര്‍ക്കാരും തമ്മിലകന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരായ നീക്കങ്ങളും അദ്ദേഹത്തിന് തിരിച്ചടിയായി. സര്‍ക്കാരുമായി നിരന്തരം കലഹിച്ചതോടെയാണ് നടപടിയുണ്ടായത്.
തിരുവനന്തപുരം ഗാന്ധി സ്മാരക നിധിയില്‍ 2017 ഡിസംബറില്‍ നടത്തിയ പ്രസംഗത്തില്‍ സര്‍ക്കാരിന്റെ ഓഖി രക്ഷാപ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചതിന്റെ പേരിലായിരുന്നു ആദ്യ സസ്‌പെന്‍ഷന്‍. ആറുമാസം കഴിഞ്ഞപ്പോള്‍ പുസ്തകത്തിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ചതിന് രണ്ടാമത്തെ സസ്‌പെന്‍ഷന്‍ ലഭിച്ചു. തുറമുഖ ഡയറക്ടറായിരിക്കേ ഡ്രഡ്ജര്‍ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണത്തിന്റെ പേരിലാണ് മൂന്നാമത്തെ സസ്‌പെന്‍ഷന്‍.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് മല്‍സരിച്ച ട്വന്റി-20 കൂട്ടായ്മ 19 വാര്‍ഡുകളില്‍ 17ലും ജയിച്ച് പഞ്ചായത്ത് ഭരണം പിടിച്ചിരുന്നു. ചാലക്കുടിയില്‍ സിറ്റിങ് എംപിയും നടനുമായ ഇന്നസന്റാണ് ഇത്തവണയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ബെന്നി ബഹനാനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 13,884 വോട്ടുകള്‍ക്കാണ് ഇന്നസെന്റ് കോണ്‍ഗ്രസിലെ പി സി ചാക്കോയെ തോല്‍പിച്ചത്. ജേക്കബ് തോമസ് കൂടി മല്‍സരത്തിനെത്തുമ്പോള്‍ ഇവിടെ പോരാട്ടം കടുക്കും. ഞായറാഴ്ച ജേക്കബ് തോമസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.