രാജിവച്ചില്ല; വെമ്പായം പഞ്ചായത്ത് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും കോണ്‍ഗ്രസ് പുറത്താക്കി
വെമ്പായം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബീന ജയനെയും വൈസ് പ്രസിഡന്റ് ജഗന്നാഥന്‍പിളളയെയുമാണ് കോണ്‍ഗ്രസ്സിന്റെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കിയത്.
തിരുവനന്തപുരം: ഭാരവാഹിത്വം രാജിവയ്ക്കാന്‍ തയ്യാറാവാത്തതിനെത്തുടര്‍ന്ന് വെമ്പായം പഞ്ചായത്ത് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും കോണ്‍ഗ്രസ് പുറത്താക്കി. വെമ്പായം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബീന ജയനെയും വൈസ് പ്രസിഡന്റ് ജഗന്നാഥന്‍പിളളയെയുമാണ് കോണ്‍ഗ്രസ്സിന്റെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കിയത്.
തിരഞ്ഞെടുപ്പില്‍ എസ് ഡിപിഐ അംഗം യുഡിഎഫിന് വോട്ടുചെയ്തതിനെത്തുടര്‍ന്ന് എല്‍ഡിഎഫും യുഡിഎഫും സമനിലയിലെത്തുകയും നറുക്കെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിക്കുകയുമാണുണ്ടായത്. പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായ സംഘടനകളുമായി ബന്ധം സ്ഥാപിക്കരുതെന്ന നിര്‍ദേശം അവഗണിക്കുകയും പാര്‍ട്ടി നിര്‍ദേശിച്ചിട്ടും പദവികള്‍ രാജിവയ്ക്കാന്‍ തയ്യാറാവാത്തതിനുമാണ് രണ്ടുപേരെയും കോണ്‍ഗ്രസ്സില്‍നിന്നും പുറത്താക്കിയതെന്ന് തിരുവനന്തപുരം ഡിസിസി നേതൃത്വം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
21 അംഗ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഒമ്പതും യുഡിഎഫിന് എട്ടും ബിജെപിക്ക് മൂന്നും എസ് ഡിപിഐയ്ക്ക് ഒന്നും അംഗങ്ങളായിരുന്നു. വോട്ടെടുപ്പില്‍ എസ് ഡിപിഐ അംഗം യുഡിഎഫിനെ പിന്തുണച്ചതോടെ ഇരുമുന്നണികള്‍ക്കും തുല്യമായി. ഇതോടെ മൂന്ന് വോട്ട് നേടിയ ബിജെപി പുറത്തായി. തുടര്‍ന്നുള്ള നറുക്കെടുപ്പില്‍ യുഡിഎഫിന് ഭരണം കിട്ടി. ഭരണം ഉപേക്ഷിക്കണമെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം നിര്‍ദേശിച്ചെങ്കിലും പ്രാദേശിക നേതൃത്വം തള്ളുകയായിരുന്നു.