ഡല്‍ഹി സംഘര്‍ഷം: ബിജെപി ന്യൂനപക്ഷ സെല്‍ നേതാവിന്റെ വീടും സംഘ്പരിവാര്‍ തകര്‍ത്തു
ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയുടെ ബിജെപി ന്യൂനപക്ഷ സെല്‍ വൈസ് പ്രസിഡന്റ് അക്തര്‍ റാസയുടെ ഭാഗീരഥി വിഹാര്‍ നല്ലാ റോഡില്‍ സ്ഥിതിചെയ്യുന്ന വീടാണ് മറ്റു മുസ്ലിംവീടുകള്‍ക്കൊപ്പം അക്രമികള്‍ കത്തിച്ചത്.
ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ അഴിഞ്ഞാടിയ സംഘ്പരിവാര്‍ അക്രമിക്കൂട്ടം തകര്‍ത്തെറിഞ്ഞവയില്‍ ബിജെപി ന്യൂനപക്ഷ സെല്‍ നേതാവിന്റെ വീടും. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയുടെ ബിജെപി ന്യൂനപക്ഷ സെല്‍ വൈസ് പ്രസിഡന്റ് അക്തര്‍ റാസയുടെ ഭാഗീരഥി വിഹാര്‍ നല്ലാ റോഡില്‍ സ്ഥിതിചെയ്യുന്ന വീടാണ് മറ്റു മുസ്ലിംവീടുകള്‍ക്കൊപ്പം അക്രമികള്‍ കത്തിച്ചത്.
'അവര്‍ മതപരമായ മുദ്രാവാക്യം മുഴക്കി രാത്രി ഏഴോടെ തങ്ങളുടെ നേരെ കല്ലെറിയാന്‍ തുടങ്ങി. പോലിസ് സഹായത്തിനായി വിളിച്ചെങ്കിലും എന്നോട് രക്ഷപ്പെടാനാണ് അവര്‍ പറഞ്ഞത്.അവര്‍ തന്റെ വീട് കത്തിച്ച് എല്ലാം നശിപ്പിക്കുന്നതിന് മുമ്പ് ഞങ്ങള്‍ പലായനം ചെയ്യുകയായിരുന്നുവെന്ന് റാസ പറഞ്ഞു.
കലാപത്തില്‍ അക്രമികള്‍ അഗ്നിക്കിരയാക്കിയ റാസയുടെ വീടിന്റെ മുന്‍ഭാഗം പുകയേറ്റ് കറുത്തിരുണ്ടിരിക്കുകയാണ്. മുസ്‌ലിംകളുടെ 19 വീടുകളായിരുന്നു ഈ ലൈനിലുണ്ടായിരുന്നത്. അവയൊക്കെയും കൃത്യമായി തിരിച്ചറിഞ്ഞ് അക്രമികള്‍ അഗ്നിക്കിരയാക്കി. കലാപകാരികള്‍ പുറത്തുനിന്നുള്ളവരായിരുന്നു. എന്നാല്‍ ചില പ്രദേശവാസികളാണ് മുസ്‌ലിംകളുടെ വീടുകള്‍ അക്രമികള്‍ക്ക് കാട്ടിക്കൊടുത്തത്.-റാസ പറഞ്ഞു.
ആറ് മോട്ടോര്‍ സൈക്കിളുകളും വീട്ടിലെ സാധന സാമഗ്രികകളും അക്രമികള്‍ കത്തിച്ചു. ഏതാനും മീറ്റര്‍ അകലയെുള്ള റാസയുടെ രണ്ട് അമ്മാവന്മാരുടെ വീടുകളും കത്തിക്കപ്പെട്ടവയില്‍ ഉള്‍പ്പെടും. കഴിഞ്ഞ അഞ്ച് വര്‍ഷമായി റാസ ബിജെപിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് വരികയാണ്. കലാപത്തിനുശേഷം ബിജെപിയില്‍ നിന്നുള്ള ആരും തന്നെ ബന്ധപ്പെട്ടിട്ടില്ല. ഒരു ഫോണ്‍വിളിയും അവരില്‍നിന്നു തന്നെ തേടിയെത്തിയിട്ടില്ല. ഒരു ദുരിതാശ്വാസ സഹായമോ പ്രത്യേക സഹായമോ ഒന്നും ലഭിച്ചില്ലെന്നും റാസ പറഞ്ഞു.
അതേസമയം, താന്‍ ബിജെപിയുടെ ഭാഗമാണെന്നും തുടര്‍ന്നും ഒരു പക്ഷെ ബന്ധം തുടര്‍ന്നേക്കാമെന്നും റാസ പറഞ്ഞു. തന്റെ വീടിനു മുമ്പിലുള്ള പാതയില്‍നിന്നു നിരവധി മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നതായും അദ്ദേഹം പറഞ്ഞു. ഭാഗീരഥി വിഹാറും അടുത്തുള്ള മുസ്തഫാബാദും ഞായറാഴ്ചയും സംഘര്‍ഷ ഭരിതമായിരുന്നു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ വര്‍ഗീയ 42 ആണ് മരിച്ചത്.