'പാകിസ്താന്‍ മുര്‍ദാബാദ്' വിളിക്കാന്‍ ആവശ്യപ്പെട്ട് ക്രൂരമര്‍ദ്ദനം; ഡല്‍ഹി കലാപക്കേസ് പ്രതി അറസ്റ്റില്‍(വീഡിയോ)

കഴിഞ്ഞ ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന മുസ് ലിം വിരുദ്ധ കലാപക്കേസിലെ പ്രതിയായ അജയ് ഗോസ്വാമിയെയാണ് അറസ്റ്റ് ചെയ്തത്.

Update: 2021-03-25 05:33 GMT

ന്യൂഡല്‍ഹി: 'പാകിസ്താന്‍ മൂര്‍ദ്ദാബാദ്' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ ആവശ്യപ്പെട്ട് മുസ് ലിം യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കഴിഞ്ഞ ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന മുസ് ലിം വിരുദ്ധ കലാപക്കേസിലെ പ്രതിയായ അജയ് ഗോസ്വാമിയെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഓള്‍ഡ് ഗാരി ഗ്രാമത്തിലെ താമസക്കാരനും ക്ഷീര വ്യാപാരിയുമാണ് അജയ് ഗോസ്വാമിയെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (വടക്ക്കിഴക്ക്) സഞ്ജയ് കുമാര്‍ സെയ്ന്‍ അറിയിച്ചു. ഗോസ്വാമിയുടെ കലാപത്തില്‍ പങ്ക് എന്താണെന്നോ കേസിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചോ പോലിസ് കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ല. ഡല്‍ഹിയിലെ ഖജൂരി ഖാസ് പ്രദേശത്താണ് സംഭവം. 'ഹിന്ദുസ്താന്‍ സിന്ദാബാദ്', 'പാകിസ്താന്‍ മുര്‍ദാബാദ്' എന്നീ മുദ്രാവാക്യങ്ങള്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവിനെ പ്രതി കുത്തുകയും അടിക്കുകയും ചെയ്യുന്നതാണ് ട്വിറ്ററിലൂടെ പ്രചരിച്ച വീഡിയോയില്‍ കാണുന്നത്. റോഡിലുണ്ടായിരുന്ന യുവാവിനെ 'പാകിസ്താന്‍ മുര്‍ദാബാദ്' മുദ്രാവാക്യം വിളിക്കാന്‍ നിര്‍ബന്ധിക്കുന്നതാണ് വീഡിയോയുടെ തുടക്കം. പ്രതി അടിക്കുകയും കോളറില്‍ പിടിച്ചുവലിച്ച് താഴെയിടുകയും ചെയ്യുന്നുണ്ട്. ഇതിനിടെ ഉറക്കെ വിളിക്കൂ എന്നു പറഞ്ഞ് ആക്രേശിക്കുന്നുണ്ട്. ഈ സമയം, തന്നെ തല്ലുന്നത് നിര്‍ത്താന്‍ അപേക്ഷിച്ചെങ്കിലും പ്രതി അയാളുടെ കുപ്പായത്തില്‍ പിടിച്ച് നിലത്തേക്ക് എറിയുകയാണ്. കാലില്‍ പിടിച്ചപ്പോള്‍ കാലിലെ പിടിവിടാന്‍ പ്രതി പറയുന്നുണ്ട്. ഇതിനിടെ 'അസദുദ്ദീന്‍ ഉവൈസി മുര്‍ദാബാദ്' എന്ന് വിളിക്കാനും ആവശ്യപ്പെടുന്നുണ്ട്. ലോക്‌സഭാ എംപിയും അഖിലേന്ത്യാ മജ്‌ലിസെ ഇത്തേഹാദുല്‍ മുസ്‌ലിമീന്‍ പ്രസിഡന്റുമാണ് ഉവൈസി. ദൃശ്യങ്ങള്‍ ഡോ. കഫീല്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കുവച്ചിരുന്നു.

  

വീഡിയോ ക്ലിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും പോലിസിനോട് നടപടി ആവശ്യപ്പെടുകയും ചെയ്തു. വീഡിയോയില്‍ കണ്ട പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തതായും ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും ഡല്‍ഹി പോലിസ് അറിയിച്ചു.

    ഖജൂരി ഖാസ് സംഭവത്തിന്റെ ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതേ്കകുറിച്ച് അന്വേഷിക്കുകയും ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്യുകയും കേസന്വേഷണം പുരോഗമിക്കുകയും ചെയ്യുന്നതായി നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ സെയ്ന്‍ ട്വീറ്റ് ചെയ്തു. അതേസമയം, ഇരയ്ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ പോലിസ് ശ്രമം തുടങ്ങിയിട്ടുണ്ട്. കൊലപാതകം, കവര്‍ച്ചക്കേസുകളില്‍ പ്രതിയാണെന്നാണ് ആരോപണം. മര്‍ദ്ദനമേറ്റയാള്‍ മുസ് ലിം ആണെന്നും ചൊവ്വാഴ്ച ഗോസ്വാമിയുടെ ഡയറിയില്‍ മോഷണത്തിനു വേണ്ടി കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയതെന്നുമാണ് മറ്റൊരു പോലിസുകാരന്‍ ഹിന്ദുസ്താന്‍ ടൈംസിനോട് പറഞ്ഞത്. ഗോസ്വാമി യുവാവിനെ മര്‍ദ്ദിച്ചതായും മറ്റൊരു പ്രതി ദീപക് തന്റെ മൊബൈല്‍ ഫോണില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്തതായും ഡിസിപി പറഞ്ഞു. ദീപക്കിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പൗരത്വ നിയമ ഭേദഗതിക്കെതിരേ സമാധാനപരമായി നടന്ന പ്രതിഷേധത്തിനു നേരെ ഹിന്ദുത്വര്‍ നടത്തിയ ആസൂത്രിത ആക്രമണത്തിന്റെ ഫലമായാണ് 2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മുസ് ലിം വിരുദ്ധ കലാപം അരങ്ങേറിയത്. മതം പൗരത്വത്തിന്റെ പ്രധാന പരിഗണനയാക്കിക്കൊണ്ടുള്ള നിയമഭേദഗതിക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. 2020 ഫെബ്രുവരിയിലുണ്ടായ കലാപത്തില്‍ 54 പേരാണ് കൊല്ലപ്പെട്ടത്.

Man thrashed, forced to chant 'Pakistan Murdabad' slogan; one arrested accused Delhi riot

Tags:    

Similar News