'ക്രമസമാധാപാലനം തകര്‍ക്കാന്‍ ഗൂഢാലോചന നടത്തി... ഒരു നിമിഷത്തെ പൊട്ടിത്തെറിയായിരുന്നില്ല'; ഡല്‍ഹി കലാപക്കേസില്‍ പ്രതിക്ക് ജാമ്യം നിഷേധിച്ച് ഹൈക്കോടതി

Update: 2021-09-28 07:51 GMT

ന്യൂഡല്‍ഹി: വടക്ക് -കിഴക്കന്‍ ഡല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത് ഒരു നിമിഷം കൊണ്ടല്ലെന്നും കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമായിരുന്നെന്നും നഗരത്തിലെ ക്രമസമാധാനനില തകര്‍ക്കാന്‍ ശ്രമം നടന്നെന്നും ഡല്‍ഹി ഹൈക്കോടതി. സിഎഎ പ്രക്ഷോഭ കാലത്ത് കോണ്‍സ്റ്റബിള്‍ രത്തന്‍ലാല്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ടയാളുടെ ജാമ്യം നിഷേധിച്ച ഉത്തരവില്‍ ഹൈക്കോടതി നിരീക്ഷിച്ചു.

സിസിടിവി കാമറകള്‍ വിച്ഛേദിച്ചിരുന്നു. അത് ആസൂത്രണത്തിന്റെ ഭാഗമാണ്. നഗരത്തിലെ ക്രമസമാധാനച്ചുമതല തകര്‍ക്കാന്‍ ശ്രമിച്ചു. കലാപകാരികള്‍ വടിയും മറ്റ് ആയുധങ്ങളുമായെത്തിയത് ഗൂഢാലോചനയുടെ ഭാഗമായാണ്. പോലിസുകാരെക്കാള്‍ കൂടുതല്‍ കലാപകാരികളുണ്ടായിരുന്നു- രത്തന്‍ ലാല്‍ വധക്കേസില്‍ പ്രതിയായ മുഹമ്മദ് ഇബ്രാഹിമിന് ജാമ്യം നിഷേധിച്ച ഉത്തരവില്‍ ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എഴുതി.

മുഹമ്മദ് ഇബ്രാഹിമിന്റെ കയ്യിലെ വാളല്ല രത്തന്‍ലാലിനെ കൊല്ലാന്‍ ഉപയോഗിച്ചതെന്ന വാദം കോടതി അംഗീകരിച്ചില്ല. സ്വന്തം കുടുംബത്തെ സംരക്ഷിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന വാദവും കോടതി തള്ളി. ഇബ്രാഹിമിന്റെ കൈവശമുള്ള വാള് പരിക്കേല്‍പ്പിക്കാന്‍ പര്യാപ്തമാണെന്ന് കോടതി നിരീക്ഷിച്ചു. 

കുറ്റകൃത്യമ നടന്ന ഇടത്ത് പ്രതി ഇല്ലായിരുന്നെങ്കിലും അത് നടത്തിയ കലാപകാരികളുടെ കൂടെയുണ്ടായിരുന്നെന്ന് കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല, സ്വന്തം വീട്ടില്‍ നിന്ന് 1.6 കിലോമീറ്റര്‍ അകലെ വരികയും ചെയ്തു. സംഘര്‍ഷം സൃഷ്ടിക്കാനുള്ള നീക്കമായിരുന്നു അത്- ജസ്റ്റിസ് പ്രസാദ് പറഞ്ഞു.

ഇതേ കേസില്‍ അഞ്ച് പേര്‍ക്ക് ജസ്റ്റിസ് പ്രസാദ് ജാമ്യം നല്‍കിയിരുന്നു. സ്വയരക്ഷയെന്നത് ആയുധമെടുത്ത് ആക്രമിക്കാനുള്ള ന്യായീകരണമാവുന്നില്ലെന്ന് അന്നും ജസ്റ്റിസ് പ്രസാദ് പറഞ്ഞിരുന്നു.

ഇതേ കേസില്‍ മറ്റ് മൂന്ന് പേര്‍ക്കും കോടതി ജാമ്യം നിഷേധിച്ചു. എട്ട് പേര്‍ക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു. 

Tags:    

Similar News