മുന്‍ഗണന ഇതര വിഭാഗങ്ങള്‍ക്ക് മെയ് എട്ടുമുതല്‍ പലവ്യഞ്ജന കിറ്റുകളുടെ വിതരണം ആരംഭിക്കും
മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സൗജന്യ അധിക വിഹിതം മെയ്, ജൂണ്‍ മാസങ്ങളിലും തുടരും
തിരുവനന്തപുരം : മെയ് എട്ടു മുതല്‍ മുന്‍ഗണന ഇതര വിഭാഗങ്ങള്‍ക്ക് (നീല, വെള്ള കാര്‍ഡുകള്‍ക്ക്) പലവ്യഞ്ജന കിറ്റുകളുടെ വിതരണം ആരംഭിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു. നീല, വെള്ള കാര്‍ഡുകള്‍ക്ക് സാധാരണ ലഭിക്കുന്ന ധാന്യവിഹിതത്തിന് പുറമേ മെയ്, ജൂണ്‍ മാസങ്ങളില്‍ കാര്‍ഡ് ഒന്നിന് 10 കിലോ അരിവീതം അധികമായി ലഭിക്കും.കിലോയ്ക്ക് 15 രൂപ നിരക്കിലായിരിക്കും വിതരണം.
മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സൗജന്യ അധിക വിഹിതം മെയ്, ജൂണ്‍ മാസങ്ങളിലും തുടരും. ഇവര്‍ക്ക് സാധാരണ ലഭിക്കുന്ന റേഷന്‍ വിഹിതത്തിന് പുറമെയാണ് കേന്ദ്രവിഹിതം നല്‍കുന്നത്.മുന്‍ഗണനാ വിഭാഗം കാര്‍ഡുകള്‍ക്ക് (മഞ്ഞ, പിങ്ക് കാര്‍ഡുകള്‍) ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ കാര്‍ഡ് ഒന്നിന് ഒരു കിലോ പയര്‍ അല്ലെങ്കില്‍ കടല നല്‍കുന്നതിന് കേന്ദ്രവിഹിതം അനുവദിച്ചിട്ടുണ്ട്. ഏപ്രില്‍, മെയ് മാസങ്ങളിലെ വിഹിതം ഈ മാസംതന്നെ കാര്‍ഡ് ഒന്നിന് 1+1 (2 കിലോ) വീതം പയര്‍ അല്ലെങ്കില്‍ കടല എന്ന പ്രകാരം വിതരണം ചെയ്യും.