സൗജന്യ റേഷന്‍ വിതരണം: കൃത്രിമം കാണിക്കുന്നവര്‍ക്കെതിരേ നടപടി

സൗജന്യറേഷന്‍ വാങ്ങിക്കുന്നതിന് കാര്‍ഡുടമകള്‍ തിരക്കു കൂട്ടേണ്ട കാര്യമില്ലെന്നും ഏപ്രില്‍ മാസത്തെ സൗജന്യറേഷന്‍ 30 വരെ ലഭിക്കുമെന്നും ജില്ലാ സപ്‌ളൈസ് ഓഫിസര്‍ അറിയിച്ചു.

Update: 2020-04-03 11:47 GMT

മലപ്പുറം: കൊവിഡ് 19 ന്റെ സാഹചര്യത്തില്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് നല്‍കുന്ന സൗജന്യ റേഷന്‍ വിതരണത്തില്‍ ക്രമക്കേടും കൃത്രിമവും കാണിക്കുന്ന കടയുടമകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ സപ്‌ളൈസ് ഓഫിസര്‍. ജില്ലയിലെ പലഭാഗങ്ങളില്‍ വിതരണം ചെയ്യുന്ന സൗജന്യ റേഷന്‍ സാധനങ്ങളുടെ തൂക്കത്തില്‍ കൃത്രിമം കാണിക്കുന്നതായി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് നടപടി.

കഴിഞ്ഞ ദിവസം നിലമ്പൂര്‍ നഗരസഭയിലെ 11ാം വാര്‍ഡില്‍ താമസിക്കുന്ന ഫൗസിയ പരാതിയുമായി രംഗത്തെത്തിരുന്നു. തങ്ങള്‍ക്ക് ലഭിക്കേണ്ട വിഹിതം വാങ്ങാനെത്തിയപ്പോള്‍ നേരത്തെ തന്നെ വാങ്ങിയെന്ന് റേഷന്‍കടയുടമ അറിയിച്ചതിനെ തുടര്‍ന്ന് ഫൗസിയക്ക് മടങ്ങിപ്പോകേണ്ടി വന്നു. തങ്ങളുടെ റേഷന്‍ കാര്‍ഡ് നമ്പര്‍ പ്രകാരം ഇന്നലെ (ഏപ്രില്‍ 02) ഉച്ചയ്ക്ക് 2നും വൈകുന്നേരം അഞ്ചിനുമിടയ്ക്കാണ് റേഷന്‍ വിതരണം നടക്കുന്നതെന്ന് അറിയിപ്പുണ്ടായിരുന്നു. അതുപ്രകാരമാണ് റേഷന്‍ വാങ്ങുവാനായി കടയിലെത്തിയത്. എന്നാല്‍ അവര്‍ക്ക് ലഭിക്കേണ്ട സാധനം നേരത്തേ വാങ്ങിയെന്നാണ് റേഷന്‍കടയുടമ അറിയിച്ചത്. എന്നാല്‍ പാസ്വേഡ് നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും പിന്നെങ്ങിനെയാണ് വേറൊരാള്‍ക്ക്് വാങ്ങാന്‍ കഴിഞ്ഞതെന്ന് കാര്‍ഡുടമ ചോദിച്ചിരുന്നു.തുടര്‍ന്ന് എവിടെ നിന്നാണ് ഈ വിഹിതം വാങ്ങിയതെന്ന് അന്വേഷിച്ചപ്പോള്‍ പട്ടാമ്പിയിലുള്ള റേഷന്‍കടയില്‍ നിന്നാണെന്ന് ബോധ്യപ്പെട്ടു.പിന്നീട് താലൂക്ക് സിവില്‍ സപ്ളൈസ് ഓഫിസറെ വിളിച്ച് പരാതിപെടുകയായിരുന്നു.

കാര്‍ഡുടമകള്‍ക്ക് അര്‍ഹമായ വിഹിതം ലഭ്യമാക്കുന്നതിനും പരാതിക്കിടവരുത്താതെ റേഷന്‍ വിതരണം നടത്തുന്നതിനും റേഷന്‍ വ്യാപാരികള്‍ ജാഗ്രത പുലര്‍ത്തണം. കാര്‍ഡുടമകള്‍ ബില്ലുകള്‍ കൃത്യമായി വാങ്ങി ബില്ലുപ്രകാരമുള്ള അളവില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് റേഷന്‍ കടകളില്‍ വിശദ പരിശോധന നടത്തും. സൗജന്യറേഷന്‍ വാങ്ങിക്കുന്നതിന് കാര്‍ഡുടമകള്‍ തിരക്കു കൂട്ടേണ്ട കാര്യമില്ലെന്നും ഏപ്രില്‍ മാസത്തെ സൗജന്യറേഷന്‍ 30 വരെ ലഭിക്കുമെന്നും ജില്ലാ സപ്‌ളൈസ് ഓഫിസര്‍ അറിയിച്ചു.



Tags:    

Similar News