മകന്റെ വിവാഹത്തിന് ഡിജെ പാര്‍ട്ടി; സിപിഎം നേതാവിന് സസ്‌പെന്‍ഷന്‍

ആലപ്പുഴ കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി അംഗം സി വി മനോഹരനെയാണ് ആറുമാസത്തേക്ക് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഏരിയാ കമ്മിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്.

Update: 2019-12-15 07:33 GMT

ആലപ്പുഴ: മകന്റെ വിവാഹത്തിന് ആഡംബര സല്‍ക്കാരം നടത്തിയ സിപിഎം നേതാവിനെതിരേ അച്ചടക്ക നടപടി. ആലപ്പുഴ കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി അംഗം സി വി മനോഹരനെയാണ് ആറുമാസത്തേക്ക് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഏരിയാ കമ്മിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്. പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി, വിവാഹസല്‍ക്കാരം ആഡംബരമാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. മകന്റെ വിവാഹത്തോട് അനുബന്ധിച്ച് കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി അംഗം സി വി മനോഹരന്‍ ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചുവെന്നാണ് ആരോപണമുയര്‍ന്നത്.

പാര്‍ട്ടിക്കിടെ ചിലര്‍ തമ്മില്‍തല്ലുണ്ടാക്കിയെന്നും ആക്ഷേപമുണ്ട്. 12 നായിരുന്നു വിവാഹം. തൊട്ടടുത്ത ദിവസം ചേര്‍ത്തല അരീപ്പറമ്പില്‍ നടന്ന വിവാഹസല്‍ക്കാരമാണ് വിവാദത്തിലായത്. ഇതിനിടെയുണ്ടായ തമ്മില്‍തല്ലിനെത്തുടര്‍ന്ന് മേഖലയിലെ ചില വീടുകള്‍ ആക്രമിക്കപ്പെട്ടിരുന്നു. ഇതോടെയാണ് തിടുക്കത്തിലുള്ള നടപടിക്ക് പാര്‍ട്ടിയെ നിര്‍ബന്ധിതരാക്കിയത്. അതേസമയം, താനല്ല, മകനാണ് സല്‍ക്കാരം ഒരുക്കിയതെന്ന വിശദീകരണമാണ് മനോഹരന്‍ ഏരിയാ കമ്മിറ്റി യോഗത്തില്‍ നല്‍കിയത്. എന്നാല്‍, ഇത് നേതൃത്വം മുഖവിലയ്‌ക്കെടുക്കാന്‍ തയ്യാറായില്ല. 

Tags:    

Similar News