79 കാരിയുടെ കൃത്രിമ വാല്‍വിന്റെ തകരാര്‍ നൂതന ചികില്‍സയിലൂടെ പരിഹരിച്ച് ഡോക്ടര്‍മാര്‍

കഠിനമായ ശ്വാസതടസത്തേയും ഹൃദ്രോഗത്തേയും തുടര്‍ന്ന് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇടുക്കി സ്വദേശിനി സൂസമ്മയിലാണ് വാല്‍വ് വിജയകരമായി മാറ്റിവച്ചത്.ആദ്യ അയോര്‍ട്ടിക് വാല്‍വ് മാറ്റിവച്ച് 14 വര്‍ഷം കഴിഞ്ഞപ്പോഴാണ് സൂസമ്മയില്‍ അയോര്‍ട്ടിക് വാല്‍വ് സ്റ്റീനോസിസ് ഉണ്ടാവുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാവുകയും ചെയ്തതത്

Update: 2021-05-18 10:21 GMT

കൊച്ചി: 79 കാരിയായ സ്ത്രീയില്‍ 14 വര്‍ഷം പഴക്കമുള്ള അയോര്‍ട്ടിക് വാല്‍വ് നീക്കം ചെയ്യാതെ അതിനുള്ളില്‍ തന്നെ കൃത്രിമ വാല്‍വ് സ്ഥാപിക്കുന്ന അതിനൂതന ചികിത്സാരീതിയായ വാല്‍വ് ഇന്‍ വാല്‍വ് ട്രാന്‍സ് കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് ഇംപ്ലാന്റേഷന്‍ ആലുവ രാജഗിരി ആശുപത്രയിലെ ഡോക്ടര്‍മാര്‍ വിജയകരമായി പൂര്‍ത്തിയാക്കി. കഠിനമായ ശ്വാസതടസത്തേയും ഹൃദ്രോഗത്തേയും തുടര്‍ന്ന് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇടുക്കി സ്വദേശിനി സൂസമ്മയിലാണ് വാല്‍വ് വിജയകരമായി മാറ്റിവച്ചത്.

2007 ലാണ് രോഗിയുടെ ഹൃദയത്തിലെ അയോര്‍ട്ടിക് വാല്‍വ് ചുരുങ്ങുന്ന അയോര്‍ട്ടിക് വാല്‍വ് സ്റ്റീനോസിസ് അഥവാ അയോര്‍ട്ടിക് സ്റ്റീനോസിസ് കണ്ടെത്തുന്നത്. വാല്‍വ് പൂര്‍ണ്ണമായി തുറക്കാതിരിക്കുന്നത് മൂലം ഹൃദയത്തില്‍ നിന്ന് പ്രധാന ധമനിയായ അയോര്‍ട്ടയിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും കുറയുകയും ചെയ്യുന്നതും ശരീരത്തിന്റെ മറ്റ് ഭാഗത്തേക്ക് രക്തം എത്തിപ്പെടാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. ഇതിനെ തുടര്‍ന്ന് രോഗി വാല്‍വ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. ഇതില്‍ കേട് വന്ന അയോര്‍ട്ടിക് വാല്‍വ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത ശേഷം അവിടെ ഒരു കൃത്രിമ വാല്‍വ് സ്ഥാപിക്കുകയാണ് മുന്‍പ് ചെയ്തത്. ഇത്തരത്തില്‍ അയോര്‍ട്ടിക് വാല്‍വ് മാറ്റിവെയ്ക്കുന്നതിലൂടെ ശരീരത്തിലേക്കുള്ള രക്തചംക്രമണം സാധാരണ നിലയിലേക്ക് എത്തുകയും ഹൃദയ പേശികളുടെ ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുകയും ചെയ്തു.

സാധാരണഗതിയില്‍ ഈ രീതിയില്‍ സ്ഥാപിക്കുന്ന കൃത്രിമ വാല്‍വുകള്‍ക്ക് ആയുസ്സ് കണക്കാക്കപ്പെടുന്നത് 12 മുതല്‍ 15 വര്‍ഷമാണ്. ആദ്യ അയോര്‍ട്ടിക് വാല്‍വ് മാറ്റിവച്ച് 14 വര്‍ഷം കഴിഞ്ഞപ്പോഴാണ് അയോര്‍ട്ടിക് വാല്‍വ് സ്റ്റീനോസിസ് ഉണ്ടാവുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാവുകയും ചെയ്തതത്. പ്രായാധിക്യം കണക്കിലെടുക്കുമ്പോള്‍ രോഗിയ്ക്ക് സങ്കീര്‍ണ്ണമായ ഹൃദയം തുറന്നുള്ള മറ്റൊരു വാല്‍വ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നത് അപകടകരമാണന്നതിനാല്‍ രാജഗിരി ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റും കാര്‍ഡിയോവാസ്‌കുലാര്‍ ആന്‍ഡ് തൊറാസിക് സര്‍ജനുമായ ഡോ. ശിവ് കെ നായരും കാര്‍ഡിയോളജി കണ്‍സള്‍ട്ടന്റായ ഡോ. സുരേഷ് ഡേവിസും ചേര്‍ന്ന് വാല്‍വ് ഇന്‍ വാല്‍വ് റ്റാവി ചികിത്സ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

പഴയ വാല്‍വ് നീക്കം ചെയ്യാതെ തന്നെ അതിനുള്ളിലേക്ക് പുതിയ വാല്‍വ് ശസ്ത്രക്രിയ ചെയ്യാതെ സ്ഥാപിക്കുന്ന രീതിയാണ് വാല്‍വ് ഇന്‍ വാല്‍വ് റ്റാവി. മറ്റ് അസുഖങ്ങള്‍ ഉള്ള മുതിര്‍ന്ന രോഗികളില്‍ ശസ്ത്രക്രിയ നടത്തുന്നത് അപകടകരമായതിനാല്‍ കാലപ്പഴക്കം മൂലം കേട്പാട് സംഭവിച്ച ബയോപ്രോസ്തറ്റിക് വാല്‍വിനുള്ളില്‍ തന്നെ വാല്‍വ് ഇന്‍ വാല്‍വ് ട്രാന്‍സ്‌കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് ഇംപ്ലാന്റേഷന്‍ നടത്തുന്നത് കൂടുതല്‍ സൗകര്യപ്രദവും സുരക്ഷിതവും ഫലപ്രദവുമാണ്. ഇതില്‍ രോഗിയുടെ നെഞ്ച് തുറക്കാതെ തന്നെ വളരെ ചെറിയ സുഷിരത്തിലൂടെ കത്തീറ്റര്‍ ഉപയോഗിച്ച് രോഗിയുടെ പഴയ വാല്‍വിനുള്ളിലേക്ക് പുതിയ വാല്‍വ് സ്ഥാപിക്കുവാന്‍ സാധിക്കുന്നു.നെഞ്ച് തുറന്നുള്ള ശസ്ത്രക്രിയ നടപടിക്രമങ്ങള്‍ കൂടുതല്‍ അപകടകരമായതോ അല്ലെങ്കില്‍ സാധ്യമല്ലാത്തതോ ആയ രോഗികളില്‍ വാല്‍വ് ഇന്‍ വാല്‍വ് റ്റാവിഒരു നല്ല പോംവഴിയാണെന്ന് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജികണ്‍സള്‍ട്ടന്റ് ആയ ഡോ. സുരേഷ് ഡേവിസ് പറഞ്ഞു.

അതുകൊണ്ട് തന്നെ വാല്‍വ് ഇന്‍ വാല്‍വ് റ്റാവിസാധാരണയായി 65 വയസിന് മുകളിലുള്ള രോഗികള്‍ക്കാണ് നിര്‍ദ്ദേശിക്കാറുള്ളത്. എല്ലാ ജീവനുകളും വിലപ്പെട്ടതാണ് അതിനാല്‍ തന്നെ രോഗിയുടെ വിലപ്പെട്ട ജീവിതത്തിലേക്ക് കൂടുതല്‍ വര്‍ഷങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്ന ഏതൊരു നടപടിക്രമവും പ്രിയപ്പെട്ടവര്‍ക്ക് സന്തോഷം നല്‍കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. സുരേഷ് ഡേവിസ്, ഡോ. രാംദാസ് നായക്, ഡോ. ആന്റണി പാത്താടന്‍, ഡോ.ജേക്കബ്ബ് ജോര്‍ജ്ജ്, കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്‌കുലാര്‍ സര്‍ജന്‍മാരായ ഡോ. ശിവ്.കെ. നായര്‍, ഡോ. റിന്നറ്റ് സെബാസ്റ്റ്യന്‍, കാര്‍ഡിയാക് അനസ്തറ്റിസ്റ്റുമാരായ ഡോ. മേരി സ്മിത തോമസ്,ഡോ. ദിപിന്‍ എന്നിവര്‍ ഈ ചികിത്സയില്‍ പങ്കാളികളായി.

Tags:    

Similar News