ഡോക്ടര്‍മാരുടെ സമരം: കേരളത്തില്‍ പൂര്‍ണം; വലഞ്ഞ് രോഗികള്‍
സമരം കാരണം സര്‍ക്കാര്‍ ആശുപത്രികളില്‍ രാവിലെ രണ്ടു മണിക്കൂർ ഒപി പ്രവര്‍ത്തനം നിലച്ചു. സ്വകാര്യ ആശുപത്രികളില്‍ 24 മണിക്കൂറാണ് സമരം. ഇതുകാരണം നേരത്തെ ബുക്ക് ചെയ്ത രോഗികളും കുടുങ്ങി.
തിരുവനന്തപുരം: ബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐഎംഎ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍), കെജിഎംഒഎ (കേരള മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍) ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കില്‍ വലഞ്ഞ് രോഗികള്‍. ഇന്ന് നടത്തിയ സൂചനാ പണിമുടക്ക് കേരളത്തിൽ പൂര്‍ണമായിരുന്നു.
സമരം കാരണം സര്‍ക്കാര്‍ ആശുപത്രികളില്‍ രാവിലെ രണ്ടു മണിക്കൂർ ഒപി പ്രവര്‍ത്തനം നിലച്ചു. ഡോക്ടര്‍മാര്‍ സമരത്തില്‍ ഏര്‍പ്പെട്ടതോടെ ഞായര്‍ ദിവസത്തെ അവധി കഴിഞ്ഞ് പരിശോധനക്കായെത്തിയ രോഗികള്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വന്നു. സ്വകാര്യ ആശുപത്രികളില്‍ രാവിലെ മുതല്‍ ആരംഭിച്ച സമരം കാരണം ഒപി പൂര്‍ണ്ണമായും നിശ്ചലമായി. സ്വകാര്യ ആശുപത്രികളില്‍ 24 മണിക്കൂറാണ് സമരം. ഇതുകാരണം നേരത്തെ ബുക്ക് ചെയ്ത രോഗികളും കുടുങ്ങി. ഇവിടെ നാളെ രാവിലെ ആറ് മണിവരെ ഒപി പ്രവര്‍ത്തിക്കില്ല. എന്നാല്‍ ഐസിയു, ലേബര്‍ റൂം, അത്യാഹിത വിഭാഗങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്.
കെജിഎസ്ഡിഎയുടെ നേതൃത്വത്തില്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരും ഒപിയില്‍നിന്നു വിട്ടുനിന്നു. അത്യാഹിത വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും മിക്ക ആശുപത്രികളിലും ഒന്നോ രണ്ടോ ജൂനിയര്‍ ഡോക്ടര്‍മാര്‍ മാത്രമാണ് ഉള്ളത്.
തിരുവനന്തപുരം ഉള്‍പ്പെടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ രാവിലെ പത്തുമുതല്‍ പതിനൊന്നുവരെയും ജനറല്‍ ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ രാവിലെ എട്ടു മുതല്‍ പത്തുവരെയും നടന്ന പണിമുടക്കില്‍ രോഗികള്‍ വലഞ്ഞു. സാധാരണയായി ഒപികളില്‍ വന്‍ തിരക്ക് അനുഭവപ്പെടുന്ന ദിവസമാണ് തിങ്കളാഴ്ച. പണിമുടക്ക് മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നെങ്കിലും ആശുപത്രികളിലെ തിരക്കിന് കുറവുണ്ടായില്ല.
എമര്‍ജന്‍സി തിയേറ്ററൊഴികെയുള്ള ഓപ്പറേഷന്‍ തിയേറ്ററുകളുടെ പ്രവര്‍ത്തനം പണിമുടക്കില്‍ തടസപ്പെട്ടു. മലബാറിലും സമരം പൂര്‍ണമായിരുന്നു. കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ക്ക് പുറമെ സര്‍ക്കാര്‍ ആശുപത്രികളെ ഡോക്ടര്‍മാരും സമരത്തില്‍ പങ്കെടുത്തു. അത്യാഹിത വിഭാഗം, ഐസിയു, ശാസ്ത്രക്രിയ, ലേബര്‍ റൂം എന്നിവയെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
ബീച്ച് ആശുപത്രിയില്‍ രാവിലെ എട്ടു മുതലായിരുന്നു സമരം ആരംഭിച്ചത്. പകര്‍ച്ചപ്പനി ഉള്‍പ്പടെ ബാധിച്ച നൂറുക്കണക്കിന് രോഗികള്‍ സമരം അറിയാതെ രാവിലെ തന്നെ ആശുപത്രിയില്‍ എത്തിയിരുന്നു. രണ്ടു മണിക്കൂറിനു ശേഷവും ഒപി പ്രവര്‍ത്തനം പൂര്‍വ്വസ്ഥിതിയിലായില്ല. സമരത്തിന് ശേഷവും ഒരു ഒപി മാത്രം പ്രവര്‍ത്തിച്ചത് രോഗികളെ വലച്ചു.
മെഡിക്കല്‍ കോളജില്‍ രാവിലെ പത്തു മുതലായിരുന്നു സമരം ആരംഭിച്ചത്. ദൂര സ്ഥലങ്ങളില്‍ നിന്നുള്‍പ്പടെ ചികിത്സക്കായി എത്തിയ രോഗികള്‍ രാവിലെ മുതല്‍ ഒപി ചീട്ടുമായി കാത്ത് നിന്ന് വലഞ്ഞു. മിക്ക ഡോക്ടര്‍മാരും സിവില്‍ സ്റ്റേഷനിലെ സമര പരിപാടികളില്‍ പങ്കെടുക്കാനും പോയിരുന്നു. ജില്ലയിലെ മറ്റു സര്‍ക്കാര്‍ ആശുപത്രികളില്‍ രാവിലെ എട്ടു മുതല്‍ തന്നെ സമരം ആരംഭിച്ചു. സ്വകാര്യ ആശുപത്രികളില്‍ രാവിലെ മുതല്‍ ആരംഭിച്ച സമരം കാരണം ഒപി പൂര്‍ണ്ണമായും നിശ്ചലമായി.
സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് മെഡിക്കല്‍ കോളജ് അദ്ധ്യാപകര്‍ രാവിലെ 10 മുതല്‍ 11 വരെ ഒപി, അദ്ധ്യാപനം, ലാബ് ജോലികള്‍ എന്നിവ ബഹിഷ്‌ക്കരിച്ചു. ഐഎംഎയുടെ ആഭിമുഖ്യത്തില്‍ കലക്ട്രേറ്റിനു മുന്നില്‍ പ്രതിഷേധ സമരവും സംഘടിപ്പിച്ചു. മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ജൂനിയര്‍ ഡോക്ടര്‍മാരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. കറുത്ത ബാഡ്ജ് ധരിച്ചാണ് എല്ലാവരും രാവിലെ ജോലിക്കെത്തിയത്. സ്വകാര്യ പ്രാക്ടീസ് പൂര്‍ണമായും ഒഴിവാക്കി. സമരം ചെയ്ത ഡോക്ടര്‍മാര്‍ രാവിലെ രാജ്ഭവന് മുന്നില്‍ ധര്‍ണ നടത്തി. ഐഎംഎ സംസ്ഥാന പ്രസിഡന്റ് എം വി സുഗതന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ കെജിഎംസിടിഎയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ ഒരു മണിക്കൂര്‍ പണിമുടക്ക് നടത്തി. ഒപി, അദ്ധ്യാപനം, ലാബ് ജോലികള്‍ എന്നിവയില്‍ നിന്നും ജീവനക്കാര്‍ വിട്ടുനിന്നു.