ഡോളര്‍ക്കടത്ത്:ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ ബുധനാഴ്ച വിധി പറയും
കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിവശങ്കര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.ഇരുഭാഗം വാദവും കേട്ടശേഷമാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യ ചെയ്യുന്ന എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധി പറയാന്‍ മാറ്റിയത്
കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലുടെ സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ കോടതി ബുധനാഴ്ച വിധി പറയും. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിവശങ്കര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
ഇരുഭാഗത്തിന്റെയും വാദം കേട്ടശേഷമാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യ ചെയ്യുന്ന എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധി പറയാന്‍ മാറ്റിയത്. ഇത്തരം കേസുകളില്‍ പ്രതിക്ക് ജാമ്യം നല്‍കുന്നതുസംബന്ധിച്ച് ഹൈകോടതി നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ ശിവശങ്കറിന് എതിരാണെന്ന് കസ്റ്റംസ് കോടതിയെ ബോധിപ്പിച്ചു. ഉന്നത അധികാരിയായ പ്രതിയുടെ വിദേശ ബന്ധങ്ങളും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളിയാകുന്ന രീതിയും രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസിലും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലും നേരത്തെ ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നു. ഡോളര്‍ക്കടത്ത് കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ ശിവശങ്കറിന് ജയിലില്‍ നിന്നും പുറത്തിരങ്ങാം.കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 28 നാണ് ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തത്.അന്നു മുതല്‍ ശിവശങ്കര്‍ റിമാന്റിലാണ്.