ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം; പിന്നില്‍ ആര്‍എസ്എസ്: സജി ചെറിയാന്‍

Update: 2023-07-19 06:58 GMT

ആലപ്പുഴ: കായംകുളത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസാണെന്ന ആരോപണവുമായി മന്ത്രി സജി ചെറിയാന്‍. ഡിവൈഎഫ്‌ഐ ദേവികുളങ്ങര മേഖല കമ്മിറ്റിയംഗം അമ്പാടിയെ (22) വെട്ടിക്കൊലപ്പെടുത്തിയത് ആര്‍എസ്എസ് - മയക്കുമരുന്ന് - ക്വട്ടേഷന്‍ സംഘമാണെന്ന് സജി ചെറിയാന്‍ ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു. ഡിവൈഎഫ്‌ഐ നടത്തുന്ന ശക്തമായ ഇടപെടലുകളുടെ പകയിലാണ് ആക്രമണമെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ കുറിപ്പ്

'കായംകുളം ബ്ലോക്കിലെ ഡിവൈഎഫ്‌ഐ ദേവികുളങ്ങര മേഖല കമ്മിറ്റിയംഗം സ. അമ്പാടിയെ ആര്‍എസ്എസ് - മയക്കുമരുന്ന് - ക്വട്ടേഷന്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയിരിക്കുകയാണ്. ഇത്തരം മാഫിയക്കെതിരെ ഡിവൈഎഫ്‌ഐ നടത്തുന്ന ശക്തമായ ഇടപെടലുകളുടെ പകയിലാണ് സഖാവിനെതിരെ ആക്രമണം നടന്നത്. സാമൂഹ്യവിരുദ്ധ സംഘങ്ങള്‍ക്കെതിരായ പോരാട്ടത്തെ ആയുധംകൊണ്ട് തോല്‍പ്പിക്കാമെന്നത് വ്യാമോഹം മാത്രമാണ്. കൂടുതല്‍ കരുത്തോടെ ഡിവൈഎഫ്‌ഐയും പാര്‍ട്ടിയും ഇത്തരക്കാര്‍ക്കെതിരെ മുന്നോട്ടുപോകുക തന്നെ ചെയ്യും. സ. അമ്പാടിക്ക് അന്ത്യാഭിവാദ്യങ്ങള്‍. ലാല്‍സലാം.'

കായംകുളം കൃഷ്ണപുരം കാപ്പില്‍ കളത്തട്ട് ജങ്ഷനില്‍ ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് ആക്രമണം ഉണ്ടായത്. നാലു ബൈക്കുകളിലായി എത്തിയ സംഘം അമ്പാടിയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. യുവാവിന്റെ കഴുത്തിനും കൈയ്ക്കുമാണ് വെട്ടേറ്റത്. കഴുത്തിനേറ്റ വെട്ടാണ് മരണകാരണം.



വാഹനം തട്ടിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. പുതുപ്പള്ളി പത്തിശേരി കടക്കക്കാവില്‍ വേലശേരില്‍ സന്തോഷ് ശകുന്തള - ദമ്പതികളുടെ മകനാണ് അമ്പാടി. കൊലപാതകത്തില്‍ പ്രതിഷേധിച്ചു ഡിവൈഎഫ്‌ഐയും സിപിഎമ്മും ദേവികുളങ്ങര ഗ്രാമപഞ്ചായത്തില്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമുതല്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.





Tags:    

Similar News