ഈദ് ദിനം നിര്‍ബന്ധിത പ്രവൃത്തി ദിനം; വിവാദ ഉത്തരവ് പിന്‍വലിച്ച് കസ്റ്റംസ് കേരള ചീഫ് കമ്മീഷണര്‍

കൊച്ചി: ഈദ് ദിനം നിര്‍ബന്ധിത പ്രവൃത്തി ദിനമാക്കിയ വിവാദ ഉത്തരവ് പിന്‍വലിച്ച് കസ്റ്റംസ് കേരള ചീഫ് കമ്മീഷണര്‍. മറ്റ് മേഖലകളിലേത് പോലെ കേരളത്തിലും ഈദ് അവധി എടുക്കാം എന്ന് ഉത്തരവില്‍ പറയുന്നു. ഈദ് ദിനത്തില്‍ ആര്‍ക്കും അവധി നല്‍കരുത് എന്നാണ് കസ്റ്റംസ് കേരള റീജിയന്‍ ചീഫ് കമ്മിഷണര്‍ സൂപ്പര്‍വൈസര്‍മാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.
29,30,31 ദിവസങ്ങളില്‍ നിര്‍ബന്ധമായും ഓഫീസില്‍ എത്തണമെന്ന നിര്‍ദ്ദേശമാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്. കേരളത്തിലെ കസ്റ്റംസ്, സെന്‍ട്രല്‍ ജി എസ് ടി ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. ഇക്കാര്യം ഉറപ്പാക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു. സാമ്പത്തിക വര്‍ഷം അവസാനമായതിനാല്‍ ബാക്കിയുള്ള ജോലികള്‍ തീര്‍ക്കാനെന്നാണ് നല്‍കിയ വിശദീകരണം.
സാമ്പത്തിക വര്‍ഷം അവസാനമായതിനാല്‍ രാജ്യ വ്യാപകമായി കസ്റ്റംസ്, ജി എസ് ടി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റിടങ്ങളില്‍ വിശ്വാസികള്‍ക്ക് അവധി എടുക്കാനാകുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം കസ്റ്റംസ് കേരള റീജിയന്‍ ചീഫ് കമ്മിഷണറുടെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥരെല്ലാം അതൃപ്തിയിലായിരുന്നു. സംഭവം വിവാദമായതോടെ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.