ഉപതിരഞ്ഞെടുപ്പ്: കേരളം വീണ്ടും പോരാട്ട ചൂടിലേക്ക്

എം.എല്‍.എമാര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയതോടെയാണ് വട്ടിയൂര്‍കാവ് , കോന്നി, അരൂര്‍, എറണാകുളം മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഈ തിരഞ്ഞെടുപ്പ് കേരളത്തില്‍ ഭരണ-പ്രതിപക്ഷ മുന്നണികള്‍ക്കും ബി.ജെ.പിക്കും നിര്‍ണായകമാണ്.

Update: 2019-09-21 08:37 GMT

തിരുവനന്തപുരം: കേരളത്തിലെ അഞ്ച് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് അടുത്തമാസം 21ന് നടക്കുന്നതോടെ കേരളം ഇനി പോരാട്ട ചൂടിലേക്ക്. വരാനിരിക്കുന്നത് മുന്നണികളുടെ അഭിമാന പോരാട്ടം. വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 24നാണ് ഫലപ്രഖ്യാപനം.

എം.എല്‍.എമാര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയതോടെയാണ് വട്ടിയൂര്‍കാവ് , കോന്നി, അരൂര്‍, എറണാകുളം മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഈ തിരഞ്ഞെടുപ്പ് കേരളത്തില്‍ ഭരണ-പ്രതിപക്ഷ മുന്നണികള്‍ക്കും ബി.ജെ.പിക്കും നിര്‍ണായകമാണ്. സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തുക എന്നത് അഭിമാനപ്പോരാട്ടമാണ് ഇടതു-വലതു മുന്നണികള്‍ക്ക്.

അതേസമയം 2016ല്‍ മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവിലും രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പിക്ക് ഇതു അഗ്‌നിപരീക്ഷയുമാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച മുന്‍തൂക്കം നിലനിര്‍ത്തുന്നതോടൊപ്പം അരൂര്‍ പിടിച്ചെടുക്കുക എന്ന ലക്ഷ്യവുമായാണ് യു.ഡി.എഫ് കളത്തിലിറങ്ങുക. അരൂര്‍ നിലനിര്‍ത്തുന്നതോടൊപ്പം യു.ഡി.എഫില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ പിടിച്ചെടുത്ത് സംസ്ഥാന ഭരണത്തിനുള്ള അംഗീകാരം നേടാനുള്ള കഠിന ശ്രമമാകും എല്‍.ഡി.എഫില്‍ നിന്നുണ്ടാവുക. അരൂര്‍ ഒഴികെ ബാക്കിയെല്ലാം യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ്. പാലായില്‍ കെഎം മാണിയുടെ മരണത്തോടെ ഒഴിവ് വന്ന സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണത്തിൽ വലിയ വീറും വാശിയുമാണ് മുന്നണികള്‍ തമ്മില്‍ ഉണ്ടായിരുന്നത്. രാഷ്ട്രീയ കേരളം മുഴുവന്‍ പാലായില്‍ കേന്ദ്രീകരിക്കുന്ന അവസ്ഥ വരെ ഉണ്ടായി. പാലായില്‍ പരസ്യപ്രചാരണം തീരുന്നതോടെ രാഷ്ട്രീയകേരളം വീണ്ടും ഉപതിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുകയാണ്.

ഉപതിരഞ്ഞെടുപ്പ് ഷെഡ്യൂള്‍

വിജ്ഞാപനം - സെപ്തംബര്‍ 27

പത്രികാസമര്‍പ്പണം - ഒക്ടോബര്‍ 4

സൂക്ഷ്മപരിശോധന - ഒക്ടോബര്‍ 5

പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി - ഒക്ടോബർ 7

വോട്ടെടുപ്പ് - ഒക്ടോബര്‍ 21

വോട്ടെണ്ണല്‍ -ഒക്ടോബര്‍ 24.

Tags:    

Similar News