പാലാ തന്റെ ചങ്കെന്ന് മാണി സി കാപ്പന്‍; ജോസ് കെ മാണിയെ സ്വാഗതം ചെയ്യുന്നുവെന്ന് ടി പി പീതാംബരന്‍ മാസ്റ്റര്‍

Update: 2020-10-16 12:10 GMT

കൊച്ചി:പാലാ സീറ്റ് കേരള കോണ്‍ഗ്രസിന് ഹൃദയവികാരമാണെങ്കില്‍ തനിക്ക് പാലാ ചങ്കാണെന്ന് എന്‍സിപി നേതാവും പാലാ എംഎല്‍എയുമായ മാണി സി കാപ്പന്‍. കൊച്ചിയില്‍ എന്‍സിപി നേതൃയോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.താന്‍ യുഡിഎഫുമായോ രമേശ് ചെന്നിത്തലയുമായോ യാതോരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി മാണി സി കാപ്പന്‍ പറഞ്ഞു.പാലാ സീറ്റ് കേരള കോണ്‍ഗ്രസിന വിട്ടു നല്‍കണമെന്ന് സിപിഎമ്മോ എല്‍ഡിഎഫോ തങ്ങളോട് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ടി പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

ചര്‍ച്ച ചെയ്യാത്ത കാര്യത്തെക്കുറിച്ച് ഇപ്പോള്‍ പറയേണ്ട കാര്യമില്ലെന്നും ടി പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. എല്‍ഡിഎഫ് മുന്നണിയെ ശക്തിപ്പെടുത്താനുള്ള ഏതു പ്രവര്‍ത്തനത്തെയും എന്‍സിപി സ്വാഗതം ചെയ്യുന്നുവെന്നും ടി പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.ജോസ് കെ മാണിയുടെ വരവില്‍ എന്‍സിപിക്ക് യാതൊരു വിധ അതൃപ്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.ജോസ് കെ മാണിയെ എല്‍ഡിഎഫില്‍ എടുക്കുന്നത് സംബന്ധിച്ച് എന്‍സിപിയുമായി സിപിഎം ചര്‍ച ചെയ്തിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി ടി പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.സര്‍ക്കാരിന് തുടര്‍ ഭരണമുണ്ടാകുമെന്നാണ് പ്രതീക്ഷ. അതിന് ജോസ് കെ മാണിയുടെ വരവും സഹായകമാകുമെന്നും ടി പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.മുന്നണിയിലേക്ക് പുതുതായി വരുന്ന പാര്‍ടികളുടെ ഭൂതകാലം നോക്കേണ്ട കാര്യമില്ലെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

Tags:    

Similar News