ഫോണ്‍ ചോര്‍ത്തല്‍:ചീഫ് ജസ്റ്റിസിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് പി സി ചാക്കോ

ഇന്ത്യയില്‍ ആദ്യമായാണ് വ്യാപകമായ രീതിയിലുള്ള ഫോണ്‍ ചോര്‍ത്തല്‍ എന്നത് ഏവരെയും ഞെട്ടിപ്പിക്കുന്നതാണ്. ബിജെപി യുടെ ഫാസിസ്റ്റ് നടപടികളുടെ വൃത്തികെട്ട മുഖമാണ് ഇതിലൂടെ പുറത്ത് വരുന്നത്. രാഷ്ട്രീയ എതിരാളികള്‍ ഏത് നിമിഷവും ഭരണകൂട ഭീകരതയുടെ ഇരകളാക്കപ്പെടാം എന്നതാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്

Update: 2021-07-20 13:49 GMT

കൊച്ചി: വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന ഭരണകൂട ഭീകരതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോള്‍ പുറത്ത് വന്ന ഫോണ്‍ചോര്‍ത്തല്‍ സംഭവമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ മേല്‍നോട്ടത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ. ഇന്ത്യയില്‍ ആദ്യമായാണ് വ്യാപകമായ രീതിയിലുള്ള ഫോണ്‍ ചോര്‍ത്തല്‍ എന്നത് ഏവരെയും ഞെട്ടിപ്പിക്കുന്നതാണ്. ബിജെപി യുടെ ഫാസിസ്റ്റ് നടപടികളുടെ വൃത്തികെട്ട മുഖമാണ് ഇതിലൂടെ പുറത്ത് വരുന്നത്.

രാഷ്ട്രീയ എതിരാളികള്‍ ഏത് നിമിഷവും ഭരണകൂട ഭീകരതയുടെ ഇരകളാക്കപ്പെടാം എന്നതാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. സ്വന്തം ജനതക്ക്‌മേല്‍ നിയമവിരുദ്ധമായ രഹസ്യ നിരീക്ഷണം നടത്തുന്ന സ്വേച്ഛാധിപത്യ രാജ്യങ്ങളുടെ കൂട്ടത്തിലേക്ക് ജനാധിപത്യ രാജ്യമായ ഇന്ത്യയും മാറുമോ എന്ന ആശങ്കയും ജനങ്ങള്‍ക്ക് ഉണ്ടെന്നും പി സി ചാക്കോ പറഞ്ഞു. ഇന്ത്യയില്‍ നടക്കുന്ന ഇത്തരം ഫോണ്‍ചോര്‍ത്തലുകള്‍ നിയന്ത്രിക്കാന്‍ ടെലികോം വിഭാഗത്തിന് കഴിയുന്നില്ല എന്നത് അപകടകരമാണ്.

അയല്‍രാജ്യങ്ങളുമായി സംഘര്‍ഷഭരിതമായ അന്തരീക്ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നടക്കുന്ന ഫോണ്‍ ചോര്‍ത്തലുകള്‍ രാജ്യസുരക്ഷക്കും ഭീഷണിയാണ്. രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കണം. സ്വന്തം മന്ത്രിമാരെ പോലും പെഗസസ് ഉപയോഗിച്ച് നിരീക്ഷിച്ചേക്കാമെന്ന വിവരവും പുറത്ത് വരുന്നുണ്ട്. തെറ്റ് ചെയ്തില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം വിശ്വസിക്കാനാവില്ല. ഈ സാഹചര്യത്തില്‍ വിശദമായ അന്വേഷണം അനിവാര്യമാണെന്നും. പി സി ചാക്കോ ആവശ്യപ്പെട്ടു.

Tags:    

Similar News