വിദ്യാഭ്യാസരംഗത്തെ ഹിന്ദുത്വവല്‍ക്കരണവും കച്ചവടവല്‍ക്കരണവും അവസാനിപ്പിക്കുക: ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍
. കൊവിഡ് 19 മഹാമാരിയുടെ സാഹചര്യങ്ങള്‍ ഇന്ത്യയിലെ ഹിന്ദുഫാഷിസ്റ്റ് ഭരണകൂടം അവരുടെ സ്വപ്‌നപദ്ധതികള്‍ നടപ്പാക്കാനുള്ള സുവര്‍ണാവസരമായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്.
കോഴിക്കോട്: വിദ്യാഭ്യാസരംഗത്തെ ഹിന്ദുത്വവല്‍ക്കരണവും കച്ചവടവല്‍ക്കരണവും അവസാനിപ്പിക്കണമെന്നും ശാസ്ത്രീയ-സോഷ്യലിസ്റ്റ് വിദ്യാഭ്യാസത്തിനായി വിദ്യാര്‍ഥികളും ബഹുജനങ്ങളും പോരാട്ടത്തിനിറങ്ങണമെന്നും ഡെമോക്രാറ്റിക് സ്റ്റുഡന്റസ് അസോസിയേഷന്‍ സംസ്ഥാന പുനസ്സംഘടന കമ്മിറ്റി. കൊവിഡ് 19 മഹാമാരിയുടെ സാഹചര്യങ്ങള്‍ ഇന്ത്യയിലെ ഹിന്ദുഫാഷിസ്റ്റ് ഭരണകൂടം അവരുടെ സ്വപ്‌നപദ്ധതികള്‍ നടപ്പാക്കാനുള്ള സുവര്‍ണാവസരമായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്.
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ അടിച്ചേല്‍പ്പിക്കലും പല സംസ്ഥാനങ്ങളിലെയും തൊഴില്‍ നിയമഭേദഗതികളും പൊതുമേഖലാ സ്ഥാപനങ്ങള്‍ തുരുതുരാ വിറ്റഴിക്കുന്നതുമൊക്കെ ഇതിന്റെ ഭാഗമായാണ്. അതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇത്രതിടുക്കത്തില്‍ ദേശീയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഈ ജനവിരുദ്ധ- വിദ്യാര്‍ഥി വിരുദ്ധ ദേശീയ വിദ്യാഭ്യാസനയം പിന്‍വലിക്കണം. ലിബറല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് വിദ്യാഭ്യാസത്തെ അതുത്പാദിപ്പിക്കുന്ന മൂല്യങ്ങളെ ഇന്ത്യയുടെ പാരമ്പര്യവുമായി കൂട്ടിക്കെട്ടാന്‍ നടത്തുന്ന ശ്രമം ഇന്ത്യയുടെ പാരമ്പര്യം ബ്രാഹ്മണ്യം മാത്രമായിരുന്നുവെന്നു സ്ഥാപിക്കുന്നു.
ബ്രാഹ്മണ്യവും അതിന്റെ രാഷ്ട്രീയപദ്ധതിയായ ഹിന്ദുത്വവുമാണ് എന്‍ഇപി 2020 മുന്നോട്ടുവയ്ക്കുന്ന മൂല്യമെന്ന് ഇതിലൂടെ വ്യക്തമാക്കുന്നു. മതേതരത്വവും സോഷ്യലിസവും പോലുള്ള ഭരണഘടനാ മൂല്യങ്ങളെപ്പറ്റി നയരേഖ പരാമര്‍ശിക്കുന്നുപോലുമില്ല. സിലബസ് പരിഷ്‌കരണങ്ങളിലൂടെയും വെട്ടിക്കുറയ്ക്കലുകളിലൂടെയും ആര്‍എസ്എസ് തുടങ്ങിവച്ച വിദ്യാഭ്യാസത്തിന്റെ ഹിന്ദുത്വവല്‍ക്കരണപ്രക്രിയ എന്‍ഇപി 2020 ലൂടെ സമഗ്രമായി നടപ്പാക്കാന്‍ പോവുകയാണ്. സംസ്‌കൃതവും, ഹിന്ദിയുമൊക്കെ അടിച്ചേല്‍പ്പിക്കുന്നത് ഇതിന്റെ ഭാഗമായാണ്.
നിലവിലുള്ള യുജിസി, എഐസിടി സംവിധാനങ്ങളില്ലാതാക്കി പകരം പ്രധാനമന്ത്രി അധ്യക്ഷനായുള്ള ഉന്നത വിദ്യാഭ്യാസ കമ്മീഷനില്‍ സാമ്പത്തികവും, അക്കാദമികവും, ഗുണനിലവാരപരിശോധന അധികാരവും, ഭരണപരമായതുമായ സര്‍വ അധികാരങ്ങളും നിക്ഷിപ്തമാവുന്നതോടുകൂടി ഇന്ത്യന്‍ ഭരണവര്‍ഗങ്ങള്‍ക്കു അവരുടെ രാഷ്ട്രീയതാല്‍പര്യങ്ങള്‍ വിദ്യാഭ്യാസമേഖലയില്‍ സുഗമമായി നടപ്പാക്കന്‍ സാധിക്കുമെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തി.