സി എം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഇ ഡി ; ഡിസംബര്‍ 10 ന് ഹാജരാകാന്‍ നോട്ടീസ്

ഈ മാസം 10 ന് കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചുകൊണ്ടാണ് ഇ ഡി നോട്ടീസ് അയച്ചിരിക്കുന്നത്.സ്വത്തുവിവരങ്ങളും ഹാജരാക്കണമെന്നും രവീന്ദ്രന് ഇ ഡി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.ഡിസംബര്‍ 10 തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം വോട്ടെടുപ്പ് നടക്കുന്ന ദിവസമാണ്.ഇത് മൂന്നാം തവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായി സി എം രവീന്ദ്രന് ഇ ഡി നോട്ടീസ് നല്‍കുന്നത്

Update: 2020-12-04 05:52 GMT

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായി വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. ഈ മാസം 10 ന് കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചുകൊണ്ടാണ് ഇ ഡി നോട്ടീസ് അയച്ചിരിക്കുന്നത്.സ്വത്തുവിവരങ്ങളും ഹാജരാക്കണമെന്നും ഇ ഡി രവീന്ദ്രന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.ഡിസംബര്‍ 10 തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം വോട്ടെടുപ്പ് നടക്കുന്ന ദിവസമാണ്.ഇത് മൂന്നാം തവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായി സി എം രവീന്ദ്രന് ഇ ഡി നോട്ടീസ് നല്‍കുന്നത്.

കഴിഞ്ഞ മാസം ആറിനാണ് സി എം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഇ ഡി നോട്ടീസ് നല്‍കിയത്.എന്നാല്‍ കൊവിഡ് പോസിറ്റീവായി ചികില്‍സയിലായിരുന്നതിനാല്‍ അന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി രവീന്ദ്രന്‍ മറുപടി നല്‍കിയിരുന്നു.തുടര്‍ന്ന് കൊവിഡ് മുക്തനായതിനു ശേഷം കഴിഞ്ഞ മാസം 27 ന് വീണ്ടും ഇ ഡി നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും കൊവിഡാനന്തര ചികില്‍സയുടെ ഭാഗമായി ആശുപത്രിയില്‍ ചികില്‍സയിലായതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് രവീന്ദ്രന്‍ ഇ ഡിയെ അറിയിച്ചിരുന്നു. ഇതിനു രണ്ടു ദിവസത്തിനു ശേഷം രവീന്ദ്രന്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായിരുന്നു.ഇതിനു ശേഷമാണ് ഇപ്പോള്‍ ഈ മാസം 10 ന് ഹാജരാകണമെന്ന് ഇ ഡി സി എം രവീന്ദ്രന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തിരുന്നു.സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷ് ശിവശങ്കറിന്റെ പങ്കാളിത്തം സംബന്ധിച്ച് മൊഴി നല്‍കിയെന്നാണ് ഇ ഡി കോടതിയെ അറിയിച്ചത്.ശിവശങ്കറുമായി രവീന്ദ്രന് ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് രവീന്ദ്രനെ ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം.

Tags:    

Similar News