ഏറനാട്ടിലെ സ്‌കൂളുകളുടെ നവീകരണ പദ്ധതി മുടങ്ങി; അടച്ച പണമെങ്കിലും മടക്കികിട്ടിയാല്‍ മതിയെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ്
പദ്ധതിയുടെ ഭാഗമായി ക്ലാസ്മുറികള്‍ ടൈല്‍ പാകുന്ന ആദ്യഘട്ട പ്രവര്‍ത്തി നടത്തുന്നതിനായി രണ്ടുവര്‍ഷം മുന്‍പ് ഏറനാട് എംഎല്‍എ പി കെ ബഷീര്‍ ഫണ്ട് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.
കൃഷ്ണന്‍ എരഞ്ഞിക്കല്‍
അരീക്കോട്: രണ്ട് വര്‍ഷം മുന്‍പ് ഏറനാട്ടിലെ സ്‌കൂളുകളുടെ നവീകരണം പൂര്‍ത്തിയാക്കന്‍ തുടങ്ങിയ ഏറ്റം മുന്നേറ്റം പദ്ധതി നിലച്ചു. ഏറനാട്ടിലെ മുഴുവന്‍ വിദ്യാലയങ്ങളും ഹൈടെക് ആക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് 'ഏറ്റം മുന്നേറ്റം' എന്ന പേരിട്ട പദ്ധതി പ്രഖ്യാപിച്ചത്.
പദ്ധതിയുടെ ഭാഗമായി ക്ലാസ്മുറികള്‍ ടൈല്‍ പാകുന്ന ആദ്യഘട്ട പ്രവര്‍ത്തി നടത്തുന്നതിനായി രണ്ടുവര്‍ഷം മുന്‍പ് ഏറനാട് എംഎല്‍എ പി കെ ബഷീര്‍ ഫണ്ട് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.
ഏറനാട്ടിലെ മുഴുവന്‍ സ്‌കൂളുകളുടെ പ്രധാന അധ്യാപകരെയും മാനേജ്‌മെന്റിനേയും പിടിഎ ഭാരവാഹികളെയും വിളിച്ചു ചേര്‍ക്കുകയും എയിഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റില്‍ നിന്ന് ഒരു ലക്ഷം വീതം പദ്ധതി ഗുണഭോക്തൃ വിഹിതമായി എംഎല്‍എ ആവശ്യപ്പെടുകയും ചെയ്തു. എംഎല്‍എയുടെ ആവശ്യപ്രകാരം വിവിധ സ്‌കൂളില്‍ നിന്ന് പിടിഎ കമ്മറ്റി പിരിച്ചെടുത്തത് ഉള്‍പ്പെടെ ലക്ഷങ്ങള്‍ നല്‍കിയതായി സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
തെരട്ടമ്മല്‍ എഎംയു യുപി സ്‌കൂള്‍ മാനേജര്‍ നാല് ലക്ഷം നല്‍കിയതായി മാനേജര്‍ പറഞ്ഞു. പണം തിരിച്ചുകിട്ടിയാല്‍ ആ തുക കൊണ്ട് ക്ലാസ് മുറികള്‍ ടൈല്‍ പാകി കുട്ടികളുടെ ക്ലാസ് റൂം നവീകരിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
മാനേജ്‌മെന്റ് സ്ഥാപനങ്ങളുടെ വിഹിതമായി ഒരു ലക്ഷം വീതം ഗുണഭോക്തൃവിഹിതമായും പകുതി സര്‍ക്കാരില്‍ നിന്നുമാണ് പദ്ധതിയുടെ ഫണ്ടെന്ന് ഉറപ്പ് നല്‍കിയ 'ഏറ്റം മുന്നേറ്റം 'പദ്ധതിക്കായി സ്‌കൂള്‍ മാനേജ്‌മെന്റ് പണം നല്‍കി രണ്ട് വര്‍ഷമായിട്ടും പദ്ധതി തുടങ്ങാത്തതില്‍ സ്‌കൂളുകളെ ഏറെ പ്രതിസന്ധിയിലായിരിക്കയാണ്.
ഏറ്റം മുന്നേറ്റം പദ്ധതി തുടങ്ങുമെന്ന പ്രതീക്ഷയില്‍ പല സ്‌കൂളുകളുടെയും ക്ലാസ് മുറിയുടെ നിലം അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ എല്‍ പി വിഭാഗത്തിലെ കുട്ടികളുടെ പഠനം വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് നടക്കുന്നത്. പൊടി നിറഞ്ഞ ക്ലാസ് മുറികളിലെ പഠനം കുട്ടികളില്‍ അലര്‍ജിയും ആസ്തമയും ശ്വാസകോശ രോഗങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമേഖലയിലുള്ളവര്‍ പറയുന്നു. വയനാട്ടില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ക്ലാസ് മുറിയില്‍ നിന്ന് പാമ്പ് കടിയേറ്റ് മരണപ്പെട്ട സംഭവത്തിന് ശേഷം രക്ഷിതാക്കള്‍ ആശങ്കയിലാണ്. ക്ലാസ് മുറികളുടെ നിലവാരം രക്ഷിതാക്കള്‍ അന്വേഷിക്കാന്‍ ആരംഭിച്ചതോടെ പിടിഎ കമ്മറ്റികളും മാനേജ്‌മെന്റും മറുപടി പറയാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. നിലവില്‍ ക്ലാസ് റൂം അടിയന്തിരമായി ടൈല്‍ പാകാതിരുന്നാല്‍ കുട്ടികളുടെ സുരക്ഷിതത്വം ആശങ്കയിലാവുമെന്നും എയിഡഡ് സ്‌കൂള്‍ അധികര്‍ പറഞ്ഞു.
ഏറ്റം മുന്നേറ്റം പദ്ധതിക്ക് സാങ്കേതിക അനുമതി ലഭിക്കാത്തതാണ് പദ്ധതി മുടങ്ങാന്‍ കാരണമെന്ന് എംഎല്‍എയുമായി ബന്ധപ്പെട്ടവരില്‍ നിന്നുള്ള വിവരം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ടൈല്‍ പാകി ക്ലാസ് മുറികള്‍ ഹൈടെക് ആക്കുന്ന പദ്ധതി പൂര്‍ത്തികരിച്ചതാണ്.