എറണാകുളം -അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പന: വ്യാജ പട്ടയം നിര്‍മിച്ചെന്ന പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് പോലിസ് കോടതിയില്‍
അഡ്വ.പോളച്ചന്‍ പുതുപ്പാറ നല്‍കിയ ഹരജി പരിഗണിച്ച് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നേരത്തെ അന്വേഷണം നടത്തി റിപോര്‍ട് സമര്‍പ്പിക്കാന്‍ പോലിന് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പോലിസാണ് അന്വേഷണം നടത്തി കോടതിയില്‍ റിപോര്‍ട് നല്‍കിയത്
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട് വ്യാജ പട്ടയം നിര്‍മിച്ചെന്ന പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് കാട്ടി പോലിസ് കോടതിയില്‍ റിപോര്‍ട് നല്‍കി.ഇത് സംബന്ധിച്ച് അഡ്വ.പോളച്ചന്‍ പുതുപ്പാറ നല്‍കിയ ഹരജി പരിഗണിച്ച് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നേരത്തെ അന്വേഷണം നടത്തി റിപോര്‍ട് സമര്‍പ്പിക്കാന്‍ പോലിന് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പോലിസാണ് അന്വേഷണം നടത്തി കോടതിയില്‍ റിപോര്‍ട് നല്‍കിയത്.
എറണാകുളം ലാന്‍ഡ് ട്രൈബൂണല്‍ 1976 ല്‍ നല്‍കിയത് എന്ന രീതിയില്‍ എറണാകുളം-അങ്കമാലി അതിരൂപത മെത്രാന്‍ ആയിരുന്ന മാര്‍ ജോസഫ് പാറേക്കാട്ടില്‍ മെത്രാപ്പോലീത്തയുടെ പേരില്‍ വ്യജ പട്ടയം നിര്‍മിച്ചുവെന്നായിരുന്നു പരാതി.എറണാകുളം-അങ്കമാലി അതിരൂപത എന്ന പേര് നിലവില്‍ വന്നത് 1992 ഡിസംബര്‍ 16 നു മാത്രമാണെന്നും എറണാകുളം ലാന്റ് ട്രൈബ്യൂണലില്‍ നിന്നും ഒ.എ 392/1975 എന്ന ക്രയ സര്‍ട്ടഫിക്കറ്റ് നല്‍കിയിട്ടുള്ളത് കുമ്പളം വില്ലേജ് ചേപ്പനം കര,ചെമ്മാഴത്ത് താമസം കുഞ്ഞിത്താത്ത എന്നയാളുടെ പേരിലാണെന്നും പരാതിയില്‍ പറയുന്നു.സഭാ വസ്തുക്കള്‍ ക്രയിവിക്രയം നടത്തുന്നതിന് ഈ വസ്തുവിന്റെ ആധാരങ്ങളോ പട്ടയങ്ങളോ ഇല്ലാതിരുന്നതിനാല്‍ എറണാകുളം ലാന്റ് ട്രൈബൂണലില്‍ നിന്നും 1976 ലെ 157 നമ്പര്‍ പതിച്ചുകൊടുക്കല്‍ സര്‍ട്ടിഫിക്കറ്റ് 1975 ലെ 392ാം നമ്പര്‍ സ്വമേധയായുള്ള നടപടി എന്ന നിലയില്‍ ഭൂമിയിലെ നടപ്പുകുടിയാനായ മാര്‍ ജോസഫ് പാറേക്കാട്ടില്‍ മെത്രാപ്പോലീത്ത എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് പതിച്ചു കൊടുത്തതായി 06/03/1976 തിയതിവെച്ചുള്ള ക്രയ സര്‍ട്ടിഫിക്ക് ചമച്ച് ഭൂമി വില്‍പനയാക്കായി ഉപയോഗപ്പെടുത്തിയെന്നുമാണ് പരാതി.
1896 നില്‍വില്‍ വന്ന എറണാകുളം വികാരിയാത്ത്(രൂപത)1923 ല്‍ അതിരൂപതയായി ഉയര്‍ത്തപ്പെട്ടു.1992 ല്‍ എറണാകുളം-അങ്കമാലി എന്ന പേരില്‍ മേജര്‍ അതിരൂപതയായും സീറോ മലബാര്‍ സഭയുടെ ആസ്ഥാന അതിരൂപതയായും ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഉയര്‍ത്തി.2011 മുതല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് എറണാകുളം-അങ്കമാലി അതിരൂപത അധ്യക്ഷനും സീറോ മലബാര്‍ തലവനും എന്നും പരാതിയില്‍ പറയുന്നു.പരാതി പ്രകാരം ഫയല്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങളുടെ നിജ സ്ഥിതി കണ്ടെത്തുന്നതിനായി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ടത് അനിവാര്യമാണെന്നും സെന്‍ട്രല്‍ പോലിസ് കോടതിയില്‍ നല്‍കിയ റിപോര്‍ടില്‍ ചൂണ്ടിക്കാട്ടുന്നു.