ബിജെപിക്കെതിരെ എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രം;ഒരിക്കലും ചേരാത്ത കുപ്പായം സ്വയം അണിഞ്ഞ് അപഹാസ്യരാകുന്നു

ഇന്ധനവില നൂറ് കടക്കുന്നതിന്റെ വിജയാഹ്ലാദമാണോ ബിജെപി സംസ്ഥാന അധ്യക്ഷന്റെ യാത്രോദ്ദേശ്യമെന്ന് ചോദ്യം തികച്ചും രാഷ്ട്രീയമാണെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.അരമന കയറിയിറങ്ങുന്ന ബിജെപി സംസ്ഥാന,ദേശിയ നേതൃത്വത്തോട് കണ്ഡമാലിയിലെ ക്രൈസ്തവര്‍ക്ക് നീതി വൈകുന്നതെന്തുകൊണ്ടാണെന്നും നിരപരാധിയായ സ്റ്റാന്‍സ്വാമി ഇപ്പോഴും ജെയിലില്‍ തുടരുന്നതെന്തുകൊണ്ടാണെന്നും ഉറക്കെ ചോദിക്കണം. ഒപ്പം വിവാദ കാര്‍ഷിക കരിനിയമങ്ങള്‍ റദ്ദാക്കാത്തതെന്തേയെന്നും ചോദിക്കണമെന്നും സത്യദീപം മുഖപ്രസംഗത്തില്‍ സഭാ നേതൃത്വത്തോട് ആവശ്യപ്പെടുന്നു

Update: 2021-03-04 10:36 GMT

കൊച്ചി: ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തെ രൂക്ഷമായി വിമര്‍ശിച്ച് കത്തോലിക്ക സഭയിലെ എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപത്തിന്റെ മുഖപ്രസംഗം.എല്ലാവരോടും ഒരുപോലെയെന്ന ഒരിക്കലും ചേരാത്ത കുപ്പായം സ്വയം അണിഞ്ഞ് അപഹാസ്യമാകുന്നുണ്ട് ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എ സഖ്യമെന്ന് മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.ഇന്ധനവില നൂറ് കടക്കുന്നതിന്റെ വിജയാഹ്ലാദമാണോ ബിജെപി സംസ്ഥാന അധ്യക്ഷന്റെ യാത്രോദ്ദേശ്യമെന്ന ചോദ്യം തികച്ചും രാഷ്ട്രീയമാണെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.

പാചകവാതക വില മൂന്നു മാസത്തിനുള്ളില്‍ 225 രൂപയാണ് കൂട്ടിയത്.റേഷന്‍ ഗുണഭോക്താക്കളുടെ എണ്ണം അമ്പതു ശതമാനത്തോളം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്രശുപാര്‍ശ കേരളത്തിന് തിരിച്ചടിയാകുമെന്നതാണ് മറ്റൊരു വിജയ ഗാഥയെന്നും സത്യദീപം ചൂണ്ടിക്കാട്ടുന്നു.അരമന കയറിയിറങ്ങുന്ന ബിജെപി സംസ്ഥാന,ദേശിയ നേതൃത്വത്തോട് കണ്ഡമാലിയിലെ ക്രൈസ്തവര്‍ക്ക് നീതി വൈകുന്നതെന്തുകൊണ്ടാണെന്നും നിരപരാധിയായ സ്റ്റാന്‍സ്വാമി ഇപ്പോഴും ജെയിലില്‍ തുടരുന്നതെന്തുകൊണ്ടാണെന്നും ഉറക്കെ ചോദിക്കണം. ഒപ്പം വിവാദ കാര്‍ഷിക കരിനിയമങ്ങള്‍ റദ്ദാക്കാത്തതെന്തേയെന്നും ചോദിക്കണമെന്നും സത്യദീപം മുഖപ്രസംഗത്തില്‍ സഭാ നേതൃത്വത്തോട് ആവശ്യപ്പെടുന്നു.

പ്രശംസയുടെ പ്രാതല്‍ രാഷ്ട്രീയമല്ല പ്രതിബദ്ധതയുടെ പ്രതികരണ രാഷ്ട്രീയത്തിലൂടെ സംശുദ്ധമായ സാമൂഹ്യ സാഹചര്യം കേരളത്തിലുണ്ടെന്ന് ഉറപ്പക്കാന്‍ ശക്തമായ നിലപാടുകളോടെ സഭ സജീവമാകണമെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു.ഏതാനും സീറ്റുകളുടെ നീക്കു പോക്കുകള്‍ക്ക് അപ്പുറമാണ് മതമൈത്രിയും മാനവക്ഷേമവുമെന്ന് രാഷ്ട്രീയ കേരളത്തെ സ്വന്തം സുതാര്യതാ ശൈലിയിലൂടെ ഓര്‍മ്മിപ്പിക്കണം.തദ്ദേശ തിരഞ്ഞെടുപ്പിലേതെന്നതുപോലെ വര്‍ഗ്ഗീയതയുടെ വിലാസം ആര്‍ക്കാണ് കൂടുതല്‍ ചേരുന്നതെന്ന തര്‍ക്കം നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലും സജീവമാകുമെന്നുറപ്പായി.മുന്നണികള്‍ അത് പരസ്പരം ചാര്‍ത്തി നല്‍കാന്‍ പാടുപെടുകയാണ്.

പ്രീണന വഴികളില്‍ വഴുതിപ്പോയതിന്റെ പൂര്‍വ്വകാല ചരിത്രം ഇടതുവലതുമുന്നണികളെ കൊഞ്ഞനം കുത്തുകയാണെന്നും മുഖപ്രസംഗം പറയുന്നു.തിരഞ്ഞെടുപ്പുകളെ രാഷ്ട്രീയമായി സമീപിക്കുന്നതായിരുന്നു അടുത്ത കാലം വരെയും പ്രബുദ്ധ കേരളത്തിന്റെ പ്രചരണ ശൈലി. നേട്ടങ്ങളാഘോഷിച്ച് ഭരണമുന്നണിയും കോട്ടങ്ങളുയര്‍ത്തി പ്രതിപക്ഷവും മുമ്പ് പ്രചരണത്തെ വികസന രാഷ്ട്രീയത്തിന്റെ വിചാരണ വേദിയാക്കിയിരുന്നു.എന്നാല്‍ തിരഞ്ഞെടുക്കാനുള്ള പ്രഥമ കാരണം ജാതിമത സമവാക്യങ്ങളായതോടെ സാമുദായിക സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനാകാതെ രാഷ്ട്രീയ കേരളം തളര്‍ന്നപ്പോള്‍ നഷ്ടപ്പെട്ടത് തിരഞ്ഞെടുപ്പിന്റെ നൈതികതയായിരുന്നുവെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

വിജയസാധ്യതയെന്നാല്‍ സാമുദായിക പിന്തുണയുടെ പിന്‍ബലമെന്ന പുതിയ രാഷ്ട്രീയം ബഹുസ്വരതയുടെ ജനാധിപത്യത്തെ പ്രതിനിധീകരിക്കുന്നില്ലെന്നതാണ് വസ്തുതയെങ്കിലും അതിനപ്പുറത്തേക്കിറങ്ങാന്‍ വിപ്ലവപാര്‍ട്ടികള്‍ പോലും തയ്യാറാകുന്നില്ലെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മ്മാണം എവിടെവരെയെന്ന ചോദ്യത്തെ ഭക്ഷ്യകിറ്റ് നല്‍കി പിന്തിരിപ്പിക്കുന്നതിലൂടെ തുടര്‍ഭരണം ഉറപ്പെന്ന മട്ടിലാണ് ഇടതുമുന്നണി.അപ്പോഴും നീതിയുടെ ഉറപ്പൊന്നും കിട്ടാതെ തലമുണ്ഡനം ചെയ്ത് വാളയാറില്‍ നിന്നും ഒരമ്മ കേരളമാകെ അലയുന്നുണ്ടെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.വികസനമെന്നാല്‍ 10,000 കോടിക്കു മുകളില്‍ മാത്രമെന്ന കോര്‍പ്പറേറ്റ് സങ്കല്‍പം ആയിരക്കണക്കിന് സാധാരണക്കാരുടെ കിടപ്പാടമൊഴിപ്പിക്കുന്നുണ്ടെന്ന വസ്തുത പാവപ്പെട്ടവരുടെ സഭ കേരള രാഷ്ട്രീയത്തെ ഓര്‍മ്മിപ്പിക്കേണ്ടതുണ്ടെന്നും മൂലമ്പിളളി അയ്യമ്പുഴയില്‍ ആവര്‍ത്തിക്കരുതെന്ന് അതിശക്തമായി സഭ ആവശ്യപ്പെടണമെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു.

Tags:    

Similar News