ഏകീകൃത കുര്‍ബ്ബാന അര്‍പ്പണം:സിനഡിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം; എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍ ഇന്ന് യോഗം ചേര്‍ന്ന് നിലപാട് അറിയിക്കും
അതിരൂപതയില്‍ 60 വര്‍ഷത്തിലധികമായി തുടര്‍ന്നവരുന്ന ജനാഭിമുഖ കുര്‍ബ്ബാന അല്ലാതെമറ്റൊരു രീതിയും അംഗീകരിക്കില്ലെന്നാണ് വൈദികര്‍ പറയുന്നത്
കൊച്ചി: സീറോ മലബാര്‍ സഭയില്‍ ഏകീകൃതമായ രീതിയില്‍ കുര്‍ബ്ബാന അര്‍പ്പിക്കണമെന്ന സീറോ മലബര്‍ സഭാ സിനഡിന്റെ തീരുമാനത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതിയിലെ വൈദികര്‍ക്ക് പ്രതിഷേധം.എതിര്‍പ്പ് അവഗണിച്ച് ഏകപക്ഷീയമായ രീതിയില്‍ അടിച്ചേല്‍പ്പിക്കുന്ന സിനഡിന്റെ തീരുമാനം അംഗീകരിക്കില്ലെന്നാണ് അതിരൂപതയിലെ വൈദികര്‍ പറയുന്നത്.തീരുമാനത്തിനെതിരെ തുടര്‍ നിലപാട് സ്വീകരിക്കുന്നതിനായി ഇന്ന് എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍ അതിരൂപത ആസ്ഥാനത്ത് യോഗം ചേര്‍ന്ന് ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയിലിനെ നിലപാട് അറിയിക്കും.യോഗത്തില്‍ അതിരൂപതയിലെ 466 വൈദികരില്‍ 400 ഓളം വൈദികര്‍ പങ്കെടുക്കുമെന്നും മുതിര്‍ന്ന വൈദികന്‍ പറഞ്ഞു.
ബാക്കിയുള്ളവര്‍ അസുഖവും പ്രായധിക്യവും മൂലം വിശ്രമത്തിലാണ്.അതിരൂപതയില്‍ 60 വര്‍ഷത്തിലധികമായി തുടര്‍ന്നവരുന്ന ജനാഭിമുഖ കുര്‍ബ്ബാന അല്ലാതെമറ്റൊരു രീതിയും അംഗീകരിക്കില്ലെന്നാണ് വൈദികര്‍ പറയുന്നത്.ഇന്നലെ സിനഡിന്റെ തീരുമാനം വന്നയുടനെ തന്നെ ഇതിനെതിരെ വൈദികരും വിശ്വാസികളും രംഗത്തുവന്നിരുന്നു.
സീറോമലബാര്‍ സിനഡ് മെത്രാന്മാരുടെ അടിസ്ഥാനപരമായ ഐക്യത്തിനു വിരുദ്ധമായി ഏതാനും ചില മെത്രാന്മാരുടെ അഭിപ്രായങ്ങള്‍ അടിച്ചേല്‍പിക്കുന്നത് അംഗീകരിക്കില്ലെന്നും സിനഡിലെ മൂന്നിലൊന്നു മെത്രാന്മാര്‍ ജനാഭിമുഖ കുര്‍ബാനയ്ക്കു വേണ്ടി ശക്തമായി നിലപാടെടുത്തെങ്കിലും ചിലരുടെ വാശിയും വൈരാഗ്യവും തീര്‍ക്കാനെന്ന പോലെ എതിര്‍ അഭിപ്രായം പറഞ്ഞ മെത്രാന്മാരെ തീര്‍ത്തും അവഗണിച്ചാണ് ഇപ്പോഴത്തെ തീരുമാനം വന്നിരിക്കുന്നതെന്നുമാണ് എറണാകുളം-അങ്കമാലി അതിരൂപത സംരക്ഷണ സമിതി ഇന്നലെ വ്യക്തമാക്കിയത്.
2021 ജൂലൈ 3 ന് മാര്‍പാപ്പ നല്‍കിയ കത്തില്‍ 1999ലെ ഏകകണ്‌ഠേന എടുത്ത തീരുമാനത്തെയാണ് സൂചിപ്പിച്ചതെങ്കില്‍ ഇപ്പോഴത്തെ സിനഡില്‍ ഏകകണ്‌ഠേനയല്ല തീരുമാനം എടുത്തിരിക്കുന്നതെന്നത് ചരിത്രപരമായ വൈരുദ്ധ്യമാണ്. ഈ സിനഡിലെ ആമുഖ പ്രസംഗത്തില്‍ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ചുബിഷപ്പ് ലെയൊപോള്‍ഡ് ജിറെല്ലി സഭയില്‍ വിഭാഗിയത സൃഷ്ടിക്കുന്ന തരത്തില്‍ ഐകരൂപ്യം അടിച്ചേല്പിക്കരുതെന്ന് പറഞ്ഞതിനു കടകവിരുദ്ധമായ തീരുമാനം സഭയില്‍ വീണ്ടും വിഭാഗിയതയും പ്രശ്‌നങ്ങളും സൃഷ്ടിക്കാനേ ഉപകരിക്കു. ജനാഭിമുഖ കുര്‍ബാനയ്ക്കു വേണ്ടി വാദിച്ച മെത്രാന്മാര്‍ പ്രതിനിധാനം ചെയ്യുന്നത് ആയിരക്കണക്കിന് വൈദികരെയും ലക്ഷക്കണക്കിനു വിശ്വാസികളെയുമാണ്.
അവരെ കേള്‍ക്കാത്തതും മാര്‍പാപ്പയുടെയും വത്തിക്കാന്‍ പ്രതിനിധിയുടെയും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാത്തതുമായ സിനഡ് എടുത്ത തീരുമാനം വിശ്വാസികള്‍ തള്ളിക്കളയും. അത്തരം ഒരു തീരുമാനത്തില്‍ നിന്ന് സഭയുടെ കാനോനിക നിയമമനുസരിച്ച് ഒഴിവ് ലഭിക്കാന്‍ ജനാഭിമുഖ കുര്‍ബാനയെ പിന്തുണയ്ക്കുന്ന മെത്രാന്മാരും വൈദികരും വിശ്വാസികളും ഒത്തൊരുമിച്ച് മാര്‍പാപ്പയ്ക്ക് പരാതി നല്‍കുമെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.ജനാഭിമുഖ കുര്‍ബ്ബാന തുടരുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് ഇവരുടെ നിലപാട്. അതേസമയം സിനഡ് എടുത്ത തീരുമാനം എല്ലാവരും അനുസരിക്കണമെന്നും ഏകീകൃത കുര്‍ബ്ബാന അര്‍പ്പണം നടപ്പിലാക്കണമെന്നുമാണ് സീറോ മലബാര്‍ സഭാ നേതൃത്വത്തിന്റെ നിലപാട്.