എറണാകുളം ജില്ലയില്‍ 1090 സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി ഹരിത ഓഫീസുകള്‍

ത്രിതല പഞ്ചായത്ത് തലത്തില്‍ വിവിധ സമിതികള്‍ രൂപീകരിച്ച് തദ്ദേശ സ്ഥാപനങ്ങളിലും ഘടക സ്ഥാപനങ്ങളിലും പരിശോധന നടത്തി ലഭിച്ച സ്‌കോറുകള്‍ എ , ബി , സി എന്നിങ്ങനെ ഗ്രേഡുകള്‍ തിരിച്ചാണ് ഹരിത ഓഫീസുകളെ കണ്ടത്തുന്നത്.12 മാനദണ്ഡങ്ങളാണ് ഹരിത ഓഡിറ്റില്‍ ഉണ്ടായിരുന്നത് .

Update: 2021-01-26 10:23 GMT

കൊച്ചി: മികച്ച രീതിയില്‍ ഹരിത ചട്ട പാലനം നടപ്പിലാക്കിയ എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് തദ്ദേശ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.10,000 സര്‍ക്കാര്‍ ഓഫീസുകളുടെ ഹരിത പ്രഖ്യാപനം സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ച പരിപാടിയോടനുബന്ധിച്ച് ജില്ലയിലെ 1090 സര്‍ക്കാര്‍ ഓഫീസുകളുടെ ഹരിത പ്രഖ്യാപനവും മന്ത്രി എ സി മൊയ്തീന്‍ കലക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ നിര്‍വ്വഹിച്ചു.ഓഫീസുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നതിലൂടെ വ്യക്തിജീവിതത്തിലും ഈ സ്വഭാവമാറ്റം പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്നും ഇതിലൂടെ ഗ്രീന്‍ പ്രോട്ടോകോള്‍ എന്ന ആശയം സമൂഹത്തില്‍ തന്നെ പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

വികസനത്തോടൊപ്പം പരിസ്ഥിതി സംരക്ഷണവും എന്നത് ഈ സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ് . ഹരിതകേരളം മിഷന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളെല്ലാം ഈ നയത്തിന്റെ ഭാഗമായുള്ളവയാണ് . ഓഫീസുകളില്‍ ജൈവ മാലിന്യങ്ങള്‍ സംസ്‌കരിച്ച് തയ്യാറാക്കുന്ന ജൈവ വളം പച്ചക്കറി കൃഷിക്കും പൂന്തോട്ടത്തിലും ഉപയോഗിക്കാന്‍ കഴിയും ഹരിത ഓഫീസിലെ വിനിയോഗവും ശാസ്ത്രീയമായി പരിമിതപ്പെടുത്തണം . ഊര്‍ജ്ജ വിനിയോഗത്തില്‍ എല്ലാ ലൈറ്റുകളും എല്‍ഇഡി ബള്‍ബുകളിലേക്ക് മാറ്റണം .ഇതിനെ ഫിലമെന്റ് രഹിത കേരളം പരിപാടിയുമായി ബന്ധിപ്പിക്കാനും നമുക്ക് കഴിയണം .തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാ ജല ഉപകരണങ്ങളുടെയും വൈദ്യുതക്ഷമത ഉറപ്പ് വരുത്താന്‍ കഴിയണം. ഇതുകൂടി ഹരിത ഓഫീസിന് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലയില്‍ ശുചിത്വ പദവി കൈവരിച്ച തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഹരിത കര്‍മ്മ സേന ശേഖരിച്ച് തരംതിരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറിയ അജൈവ പാഴ് വസ്തുക്കളുടെ വിലയായി ചെക്കുകള്‍ കൈമാറുന്നതിന്റെ ഉത്ഘാടനവും തൃക്കാക്കര നഗരസഭാ ഹരിത കര്‍മ്മ സേനക്ക് നല്‍കിക്കൊണ്ട് മന്ത്രി നിര്‍വഹിച്ചു . എറണാകുളം ജില്ലാ പഞ്ചായത്ത് ഓഫീസിനു വേണ്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസും , കലക്ടറേറ്റിലെ മികച്ച ഹരിത ഓഫീസുകളായ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിനു വേണ്ടി ഡിഡിപി കെ.വി മാലതിയും വിദ്യഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിനു വേണ്ടി അഡ്മിനിസ്‌ട്രേറ്റിവ് അസ്സിസ്റ്റന്റ് ടോണി ജോണ്‍സനും മന്ത്രിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റു വാങ്ങ .

ത്രിതല പഞ്ചായത്ത് തലത്തില്‍ വിവിധ സമിതികള്‍ രൂപീകരിച്ച് തദ്ദേശ സ്ഥാപനങ്ങളിലും ഘടക സ്ഥാപനങ്ങളിലും പരിശോധന നടത്തി ലഭിച്ച സ്‌കോറുകള്‍ എ,ബി,സി എന്നിങ്ങനെ ഗ്രേഡുകള്‍ തിരിച്ചാണ് ഹരിത ഓഫീസുകളെ കണ്ടത്തുന്നത്. നോഡല്‍ ഓഫീസറുടെ നിയമനം,നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ നിരോധനം,പുനരുപയോഗിക്കാന്‍ കഴിയുന്ന സാധനങ്ങളുടെ ഉപയോഗം , ജൈവ അജൈവ മാലിന്യ സംസ്‌കരണം, ജൈവമാലിന്യ സംസ്‌കരണം , ശുചിമുറി സംവിധാനങ്ങള്‍,ഹരിത ഓഫീസ് നിര്‍ദ്ദേശക ബോര്‍ഡ്,ജൈവ പച്ചക്കറിത്തോട്ടം,പുന്തോട്ടം , പൊതു ശുചിത്വം തുടങ്ങി 12 മാനദണ്ഡങ്ങളാണ് ഹരിത ഓഡിറ്റില്‍ ഉണ്ടായിരുന്നത്.

40 തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് 28 ടണ്‍ തരംതിരിച്ച് അജൈവ പാഴ് വസ്തുക്കളാണ് കാംപയിന്റെ ഭാഗമായി ക്ലീന്‍ കേരളാ കമ്പനിയ്ക്കും സ്വകാര്യ കമ്പനികള്‍ക്കുമായി കൈമാറിയത് . പാഴ് വസ്തുക്കളുടെ വിലയായി 164037 രൂപയുടെ ചെക്ക് തദ്ദേശ സ്ഥാപനങ്ങളിലെ ഹരിതകര്‍മ്മാസനയ്ക്ക് ലഭിച്ചു. ഒക്ടോബറില്‍ ശുചിത്വ പദവി നേടിയ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ശുചിത്വ മാലിന്യ പരിപാലനത്തിന് രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗ മായാണ് മൂല്യവര്‍ദ്ധനവിനുതകുന്ന വിധത്തില്‍ തരംതിരിവും കൈമാറ്റവും നടന്നത്.

Tags:    

Similar News