ചെല്ലാനം-കൊച്ചി തീരമേഖലിയിലെ കടല്‍കയറ്റം തടയാന്‍ നടപടിയില്ല; ജനകീയ വേദിയുടെ സമരം 520 ദിവസം പിന്നിട്ടു; വോട്ടു ബഹിഷ്‌കരിക്കാനും തീരുമാനം
അധികൃതരുടെ അവഗണനയ്‌ക്കെതിരെ സമര സമിതിയുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ വീടുകളില്‍ നിരാഹാര സമരം തുടരുകയാണ്.നിയമ സഭാ തിരഞ്ഞെടുപ്പ് ദിവസം വോട്ട് ബഹിഷ്‌കരിച്ച് പ്രദേശത്ത് വഴിയോരത്ത് നിരാഹാര സമരം നടത്തുമെന്നും ചെല്ലാനം-കൊച്ചി ജനകീയവേദി ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ജോര്‍ജ്ജ് കുരിശുങ്കല്‍,ജനറല്‍ കണ്‍വീനര്‍ ജോസഫ് അറയ്ക്കല്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ ജയന്‍ കുന്നേല്‍.സംയുക്ത സമര സമിതി കണ്‍വീനര്‍ വി ടി സെബാസ്റ്റ്യന്‍ എന്നിവര്‍ പറഞ്ഞു
കൊച്ചി: ചെല്ലാനം-കൊച്ചി തീരമേഖലിയിലെ കടല്‍കയറ്റവും തീരശോഷണവും പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും തുടര്‍ന്ന് വരുന്ന അവഗണനയിലും വഞ്ചനയിലും പ്രതിഷേധിച്ച് ചെല്ലാനം-കൊച്ചി ജനകീയ വേദിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന സമരം 520 ദിവസം പിന്നിടുന്നു.മേഖലയിലെ ജനങ്ങളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് നിയമസഭാ തിരിഞ്ഞെടുപ്പില്‍ വോട്ടു ബഹിഷ്‌കരിക്കുമെന്ന് ചെല്ലാനം-കൊച്ചി ജനകീയവേദി ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ജോര്‍ജ്ജ് കുരിശുങ്കല്‍,ജനറല്‍ കണ്‍വീനര്‍ ജോസഫ് അറയ്ക്കല്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ ജയന്‍ കുന്നേല്‍.സംയുക്ത സമര സമിതി കണ്‍വീനര്‍ വി ടി സെബാസ്റ്റ്യന്‍ എന്നിവര്‍ പറഞ്ഞു.
അധികൃതരുടെ അവഗണനയ്‌ക്കെതിരെ സമര സമിതിയുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ വീടുകളില്‍ നിരാഹാര സമരം തുടരുകയാണെന്നും പ്രദേശത്തെ വിവിധ യൂണിറ്റുകള്‍ വഴിയും സമരം നടക്കുന്നുണ്ടന്നും ഇവര്‍ പറഞ്ഞു. നിയമ സഭാ തിരഞ്ഞെടുപ്പ് ദിവസം വോട്ട് ബഹിഷ്‌കരിച്ച് പ്രദേശത്ത് വഴിയോരത്ത് നിരാഹാരം സമരം നടത്തുമെന്നും ഇവര്‍ പറഞ്ഞു.സമരം എന്ന നിലക്കാണ് ജനകീയവേദി തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണത്തെ കാണുന്നത്.
ചെല്ലാനം-കൊച്ചി തീരത്തെ കടല്‍കയറ്റത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കൊച്ചി തുറമുഖത്തിന് വേണ്ടി കപ്പല്‍ച്ചാല്‍ നിര്‍മ്മിച്ചത് മുതല്‍ ഈ തീരം കടുത്ത തീരശോഷണം നേരിടുന്ന ഒരു പ്രദേശമായി മാറി. രണ്ട് കിലോ മീറ്ററോളം ഭൂമി ഇതിനകം തന്നെ തീരശോഷണം കാരണം തീരത്ത് നിന്നും ഇല്ലാതായി.കൊച്ചി കപ്പല്‍ച്ചാലിന്റെ സാന്നിധ്യവും അതിന്റെ ആഴം നിലനിറുത്താനും കൂട്ടാനായി ദിവസംതോറും നടത്തുന്ന എക്കല്‍ നീക്കം ചെയ്യലും നിമിത്തം വേലിയേറ്റ-ഇറക്ക സമയങ്ങളില്‍ വെള്ളത്തിന്റെ കുത്തൊഴുക്ക് ഉണ്ടാകുന്നു. ഈ കുത്തൊഴുക്കും കടലിലെ സ്വാഭാവികമായുള്ള വടക്കു നിന്നുംതെക്കോട്ടുള്ള നീരൊഴുക്കും കൂട്ടിമുട്ടി കപ്പല്‍ച്ചാലിന്റെ തെക്കുവശത്ത് ചുഴി രൂപപ്പെടുന്നു. ഇതിന്റെ ഫലമായി ചെല്ലാനം-കൊച്ചി ഭാഗത്തെ കടലില്‍ തെക്കു നിന്നും വടക്കോട്ട് നീരൊഴുക്കുണ്ടാകുന്നു.
ഈ ഒഴുക്കില്‍ തീരത്ത് നിന്നും എടുത്തു പോകുന്ന മണ്ണ് കപ്പല്‍ച്ചാലില്‍ നഷ്ടപ്പെടുന്നു. എല്ലാ ദിവസവും മുടങ്ങാതെ നടക്കുന്ന ഈ പ്രക്രിയ കാരണമാണ് തീരം കടുത്ത തീരാ ശോഷണം നേരിടുന്നതെന്നും ഇവര്‍ പറഞ്ഞു. തീരശോഷണം മൂലം ചെല്ലാനം-കൊച്ചി തീരത്തെ തീരക്കടലിനു ആഴം കൂടിയിരിക്കുന്നു. തീരക്കടലില്‍ ആഴം കൂടും തോറും കടല്‍കയറ്റവും രൂക്ഷമാകും എന്നത് ഒരു പ്രകൃതി സത്യമാണ്.അതാണ് ഇന്ന് ചെല്ലാനം-കൊച്ചി തീരത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.പ്രശ്‌നം പരിഹരിക്കാന്‍ രണ്ടു നടപടികളാണ് വേണ്ടത്. തീരക്കടലിന്റെ ആഴം കുറയ്ക്കുകയും നഷ്ടപ്പെട്ടു പോയ തീരം പുനര്‍ നിര്‍മ്മിക്കുകയും ചെയ്യുക എന്നതാണ് ഒന്നാമത്തെ നടപടി. അതോടൊപ്പം തീരത്തെ മണ്ണ് വീണ്ടും നഷ്ടപ്പെടാതിരിക്കാന്‍ ചെല്ലാനം-കൊച്ചി തീരത്തുടനീളം പുലിമുട്ട് പാടവും കടല്‍ഭിത്തിയും നിര്‍മ്മിക്കുക എന്നതാണ് രണ്ടാമത്തെ നടപടി.
കൊച്ചി കപ്പല്‍ച്ചാലില്‍ നിന്നു ദിവസം തോറും നീക്കം ചെയ്യുന്ന എക്കല്‍ ഉപയോഗിച്ച് തീരം പുനര്‍ നിര്‍മ്മിക്കാവുന്നതാണ്. പുലിമുട്ട് ഉണ്ടാക്കുന്നതിനു ജിയോ സിന്തറ്റിക് ഫൈബര്‍ കൊണ്ടുള്ള ട്യൂബുകളോ, ട്രൈപോഡ്, ടെട്രാപോഡ് പോലുള്ള കോണ്‍ക്രീറ്റ് നിര്‍മ്മിതികളോ ഉപയോഗിക്കാം.എന്നാല്‍ തീരം നേരിടുന്ന കടല്‍കയറ്റ ഭീഷണിയെ അതിന്റെ ഗൗരവത്തില്‍ പരിഗണിക്കാനും പരിഹാര നടപടികള്‍ സ്വീകരിക്കാനും നാളിതുവരെ മാറി മാറി ഭരിച്ച ഇടതു വലതു മുന്നണികളും ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരും തയ്യാറല്ല എന്നതാണ് വാസ്തവമെന്നും ഇവര്‍ പറഞ്ഞു.
കഴിഞ്ഞ അഞ്ചു വര്‍ഷം ഭരിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ നാമമാത്രമായ പദ്ധതികള്‍ പ്രഖ്യാപിച്ചു കാലം കഴിക്കുകയായിരുന്നു. 2017 ല്‍ പ്രഖ്യാപിച്ച വാച്ചാക്കല്‍,കമ്പനിപ്പടി, ബസാര്‍,വേളാങ്കണ്ണി,ചെറിയകടവ് എന്നിവിടങ്ങളില്‍ ജിയോ ട്യൂബ് കൊണ്ടുള്ള കടല്‍ഭിത്തി നിര്‍മ്മാണം ഇന്നും എങ്ങും എത്തിയിട്ടില്ല. ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ 2021 ജനുവരിയില്‍ പൂര്‍ത്തിയാകുമെന്ന് പ്രഖ്യാപിച്ച പദ്ധതി ഒരിഞ്ചു പോലും മുന്നോട്ട് പോയിട്ടില്ല. കടല്‍ഭിത്തി ബലപ്പെടുത്താനും അറ്റകുറ്റപണികള്‍ക്കുമായി ഭരണം അവസാനിക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രമുള്ളപ്പോള്‍ മാത്രമാണ് 15 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചത്.
എന്നാല്‍ അതിനുള്ള ടെന്‍ഡര്‍ നടപടി പോലും ഇപ്പോഴും പൂര്‍ത്തിയായിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. മാലാഖപ്പടിയിലും കണ്ണമാലിയിലുമായി രണ്ടു പുലിമുട്ടുകളുടെ നിര്‍മ്മാണവും നിലവിലുള്ള രണ്ടു പുലിമുട്ടുകളുടെ ബലപ്പെടുത്തലും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതും അടുത്തെങ്ങും നടക്കുന്ന അവസ്ഥയില്ല. കഴിഞ്ഞ അഞ്ചു വര്‍ഷം ഉണ്ടായിട്ടും ഒന്നുംചെയ്യാതെ ഈ വര്‍ഷവും ചെല്ലാനം-കൊച്ചി തീരത്ത കടല്‍കയറ്റം ഉറപ്പു വരുത്തിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കാലാവധി അവസാനിപ്പിച്ചതെന്നും ഇവര്‍ ആരോപിച്ചു.
പ്രതിപക്ഷത്തുണ്ടായ യുഡിഎഫ് അനാസ്ഥയുടെ മൂകസാക്ഷികളായി നില്‍ക്കുകയായിരുന്നു. യുഡിഎഫ് ഈ തീരത്തെ ജനങ്ങള്‍ ദുരിതമനുഭവിക്കുന്നത് അക്ഷരാര്‍ഥത്തില്‍ കയ്യുംകെട്ടി നോക്കി നില്‍ക്കുകയാണ് ചെയ്തത്. കഴിഞ്ഞ സര്‍ക്കാരിന് മുന്‍പ് യുഡിഎഫ് അധികാരത്തിലുണ്ടായിരുന്ന കാലത്തും കടല്‍ക്ഷോഭം പരിഹരിക്കാന്‍ അവര്‍ യാതൊരു നടപടിയും കൈക്കൊണ്ടില്ല.കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ നിലപാടും ഒട്ടും വ്യത്യസ്തമായിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനമാണ് കൊച്ചിന്‍ പോര്‍ട്ട്. കപ്പല്‍ച്ചാലില്‍ നിന്നും നീക്കം ചെയ്യുന്ന എക്കല്‍ തീരാ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കേന്ദ്രഭരണം നടത്തുന്ന ബിജെപിക്കു നിസ്സാരമായി സാധ്യമാക്കാവുന്ന കാര്യമാണ്.
കപ്പല്‍ച്ചാല്‍ ആഴം കൂട്ടാനുള്ള പോര്‍ട്ടിന്റെ നീക്കത്തിന് തടയിടാനും ബിജെപി വിചാരിച്ചാല്‍ കഴിയുന്ന കാര്യമാണ്.എന്നാല്‍ അതിനൊന്നും മെനക്കെടാതെ പൊള്ളയായ ചില സമരങ്ങള്‍ നടത്തി തിരഞ്ഞെടുപ്പില്‍ നാല് വോട്ട് കിട്ടുമോ എന്നാണ് ബിജെപി നോക്കുന്നതെന്നും ഇവര്‍ പറഞ്ഞു. 2017 ല്‍ ഓഖി കൊടുങ്കാറ്റ് ദുരിത വിതച്ചപ്പോള്‍ ചെല്ലാനം സന്ദര്‍ശിച്ച ബിജെപി നേതാവും അന്ന് കേന്ദ്ര മന്ത്രിയുമായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനം കടല്‍കയറ്റം പരിഹരിക്കാന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിക്കും എന്ന് ഉറപ്പു നല്‍കിയിരുന്നതാണ്.
എന്നാല്‍ യാതൊരു നടപടിയും ഇന്നുവരെ ബിജെപി സ്വീകരിച്ചില്ലെന്നും ഇവര്‍ പറഞ്ഞു.ഈ പ്രബല പാര്‍ട്ടികളെ കൂടാതെ ചില ചെറുകിട പാര്‍ട്ടികളും ഇപ്പോള്‍ മത്സര രംഗത്തുണ്ട്. പക്ഷെ അവയ്ക്കും കടല്‍കയറ്റം പരിഹരിക്കാന്‍ തക്കതായ പദ്ധതികള്‍ ഒന്നുംതന്നെ മുന്നോട്ട് വെക്കാനില്ല. ചെല്ലാനം-കൊച്ചി തീരം നേരിടുന്ന കടല്‍കയറ്റത്തിന്റെ കാരണങ്ങളെ കുറിച്ച് പഠിക്കാനോ ജനങ്ങളുടെ സമരത്തെ പിന്തുണക്കാനോ അവര്‍ നാളിതു വരെ തയ്യാറായിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.
2016 ല്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന നരേന്ദ്രമോദി സര്‍ക്കാര്‍ തീരമേഖലയെ കേന്ദ്രീകരിച്ചു കൊണ്ട് സാഗര്‍മാല എന്ന പേരില്‍ ഒരു ബൃഹത് പദ്ധതി ആവഷ്‌ക്കരിച്ചിരുന്നു. തുറമുഖങ്ങള്‍ കേന്ദ്രീകരിച്ച് കൊണ്ടുള്ള വികസനം എന്ന കാഴ്ചപ്പാടില്‍ ഊന്നിയ ഈ പദ്ധതി അനുസരിച്ച് ഇന്ത്യയിലെ തുറമുഖങ്ങളെയും തീരദേശത്തെ വ്യവസായകേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു ദേശീയ ഹൈവേ നിര്‍മ്മിക്കുക, തുറമുഖങ്ങളോട് അനുബന്ധമായി വ്യവസായ പാര്‍ക്കുകള്‍ വികസിപ്പിക്കുക, തുറമുഖങ്ങള്‍ ആധുനീകവത്ക്കരിക്കുക തുടങ്ങിയവയാണ് ഈ പദ്ധതിയില്‍ അടങ്ങിയിട്ടുള്ളത്.
സാഗര്‍മാല പദ്ധതിയുടെ ഭാഗമായി നിര്‍ദ്ദേശിക്കപ്പെട്ട പോര്‍ട്ട് കേന്ദ്രീകരിച്ച് കൊണ്ട് പ്രത്യേക സാമ്പത്തിക മേഖലകള്‍, വ്യവസായ പാര്‍ക്കുകള്‍ എന്നിവ നിര്‍മ്മിക്കുക എന്ന പദ്ധതി എല്‍ഡിഎഫും യുഡിഎഫും ഏറ്റുു പിടിക്കുകയാണ്. ലോജിസ്റ്റിക് പാര്‍ക്ക് നിര്‍മ്മിക്കും എന്ന് എല്‍ഡിഎഫ് പറയുമ്പോള്‍ പോര്‍ട്ട് കേന്ദ്രീകരിച്ച് പ്രത്യേക സാമ്പത്തിക മേഖലകള്‍ നിര്‍മ്മിക്കും എന്നാണ് യുഡിഎഫിന്റെ വാഗ്ദാനം.ഇത്തരം പദ്ധതികള്‍ക്ക് സമാന്തരമായിട്ടാണ് മല്‍സ്യത്തൊഴിലാളികളെ തീരത്ത് നിന്നും കുടിയൊഴിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു.
പുനര്‍ഗേഹം എന്ന് പേരിട്ടു കൊണ്ടുള്ള ഈ പദ്ധതി മത്സ്യത്തൊഴിലാളികളെ അവഹേളിക്കുന്നതാണ്. കടല്‍ക്ഷോഭത്തില്‍ നിന്നും സംരക്ഷിക്കാന്‍ എന്ന വ്യാജേനയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് സാഗര്‍മാല, ബ്ലൂ എക്കൊണോമി നയങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതികള്‍ക്കായി ഭൂമി കണ്ടെത്തലാണ് ഇതിനു പുറകിലുള്ള യഥാര്‍ത്ഥ ലക്ഷ്യമെന്നും ഇവര്‍ ആരോപിച്ചു.
തീരത്തെ ജനങ്ങളോട് വലിയ വഞ്ചനയാണ് ഈ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന മുന്നണികളും രാഷ്ട്രീയ പാര്‍ട്ടികളും കാണിച്ചു കൊണ്ടിരിക്കുന്നത്.ഈ സാഹചര്യത്തിലാണ് വോട്ട് ബഹിഷ്‌കരിച്ചു കൊണ്ട് സര്‍ക്കാരിനെയും ഇവിടത്തെ രാഷ്ട്രീയകക്ഷികളെയും പ്രതിഷേധം അറിയിക്കാന്‍ ചെല്ലാനം-കൊച്ചി ജനകീയവേദി തീരുമാനിച്ചതെന്നും ഇവര്‍ പറഞ്ഞു.