മൂന്നു മാസത്തേക്കുള്ള അവശ്യഭക്ഷ്യവസ്തുക്കൾ സ്റ്റോക്കുണ്ടെന്ന് ഭക്ഷ്യമന്ത്രി
സംസ്ഥാനത്ത് ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങൾ സിവിൽസപ്ലൈസിന്റെയും കൺസ്യൂമർ ഫെഡിന്റെയും ഗോഡൗണുകളിൽ ഉണ്ടെന്നാണ് വിലയിരുത്തൽ.
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു മാസത്തേക്കുള്ള അവശ്യഭക്ഷ്യവസ്തുക്കൾ സ്റ്റോക്കുണ്ടെന്നു ഭക്ഷ്യമന്ത്രി പി തിലോത്തമൻ. അവശ്യവസ്തുക്കൾക്ക് ഒരു കാരണവശാലും ക്ഷാമമുണ്ടാവില്ല. മൂന്നു മാസത്തേക്കു സംസ്ഥാനം അവശ്യഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങൾ സിവിൽസപ്ലൈസിന്റെയും കൺസ്യൂമർ ഫെഡിന്റെയും ഗോഡൗണുകളിൽ ഉണ്ടെന്നാണ് വിലയിരുത്തൽ. ചരക്കു ട്രെയിനുകൾക്കും വാഹനങ്ങൾക്കും നിരോധനമില്ലാത്തതിനാൽ തന്നെ ഭക്ഷ്യക്ഷാമം നേരിടേണ്ടിവരില്ലെന്നാണ് സർക്കാർ വിലയിരുത്തൽ.
അതേസമയം, കേരളത്തിലെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ വീണ്ടും മാറ്റം വരുത്തി. രാവിലെ ഒമ്പതു മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും, ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് അഞ്ചു വരെയുമാണു റേഷൻ കടകൾ പ്രവർത്തിക്കുക. ഉച്ചയ്ക്ക് ഒരു മണിക്കൂർ കടകൾ അടച്ചിടും.
സൂപ്പർമാർക്കറ്റുകൾ ഉൾപ്പടെ അത്തരം കടകൾ രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചു വരെ മാത്രമേ തുറക്കാവൂ എന്നു നിർദേശമുണ്ട്. മെഡിക്കൽ ഷോപ്പുകൾ തുറക്കും. ഏറ്റവും കൂടുതൽ പേർ കൊവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്ന കാസർഗോട്ട് നിയന്ത്രണങ്ങൾ കുറച്ചുകൂടി കർശനമാണ്.