ലോക്ക് ഡൗണ്‍ തീരുംമുമ്പ് പ്രവാസികളെ തിരിച്ചുകൊണ്ടുവരണം: ഉമ്മന്‍ചാണ്ടി

നിലവില്‍ വിമാനസര്‍വീസുകളില്ലാത്തതിനാല്‍ ചാര്‍ട്ടേഡ് വിമാനം ലഭിക്കാന്‍ എളുപ്പമാണ്. പൊതുവായ വിമാനസര്‍വീസുകള്‍ ആരംഭിക്കുന്നതിനു മുമ്പ് തന്നെ കേരളത്തിലേയ്ക്ക് നമ്മുടെ ആളുകളെ എത്തിക്കാന്‍ സാധിക്കണമെന്ന് ഉമ്മന്‍ചാണ്ടി അഭ്യര്‍ഥിച്ചു.

Update: 2020-04-27 17:55 GMT

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ തീരുന്നതിനു മുമ്പേ ചാര്‍ട്ടേഡ് വിമാനത്തില്‍ ഗള്‍ഫില്‍നിന്നുള്ള പ്രവാസി മലയാളികളെ കൊണ്ടുവരുന്നതിന് കേന്ദ്രസര്‍ക്കാരില്‍നിന്ന് അനുമതി നേടിയെടുക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്‍കി. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രവാസികളെ സ്വീകരിക്കാന്‍ കേരളം തയ്യാറെടുത്തുകഴിഞ്ഞു. നിലവില്‍ വിമാനസര്‍വീസുകളില്ലാത്തതിനാല്‍ ചാര്‍ട്ടേഡ് വിമാനം ലഭിക്കാന്‍ എളുപ്പമാണ്. പൊതുവായ വിമാനസര്‍വീസുകള്‍ ആരംഭിക്കുന്നതിനു മുമ്പ് തന്നെ കേരളത്തിലേയ്ക്ക് നമ്മുടെ ആളുകളെ എത്തിക്കാന്‍ സാധിക്കണമെന്ന് ഉമ്മന്‍ചാണ്ടി അഭ്യര്‍ഥിച്ചു.

ലോക്ക് ഡൗണിനെത്തുടര്‍ന്ന് ഒരുമാസത്തിലേറെയായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിപ്പോയ നൂറുകണക്കിനു മലയാളി വിദ്യാര്‍ഥികളെയും മറ്റുള്ളവരെയും നാട്ടിലേക്കുകൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണം. മാര്‍ച്ച് 31നു സര്‍വീസില്‍നിന്നു വിരമിച്ച നിരവധി ജവാന്‍മാരും കേരളത്തിലേക്ക് മടങ്ങാന്‍ കാത്തിരിക്കുകയാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികള്‍: അക്കാദമിക് പ്രോജക്ടിന്റെ ഭാഗമായി ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മദ്ധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ കേരളത്തിലെ 5 നവോദയ സ്‌കൂളിലെ 100 വിദ്യാര്‍ഥികള്‍. ഒരുമാസത്തിലേറെ ഈ കൊച്ചുകുട്ടികള്‍ സ്‌കൂള്‍ ഹോസ്റ്റലുകളില്‍ തുടരുകയാണ്.

മൈസൂര്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിങ്ങിലെ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട 41 കുട്ടികളും അവരുടെ രക്ഷകര്‍ത്താക്കളും ഉള്‍പ്പെടെ 126 പേര്‍. പ്രത്യേക പരിഗണന വേണ്ടുന്ന ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് മുന്‍തൂക്കം നല്‍കണം. വിവിധ സ്ഥലങ്ങളില്‍ അകപ്പെട്ടിരിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍: മദ്രാസ് മെഡിക്കല്‍ മിഷനിലെ 85 ബിഎസ്‌സി നഴ്സിങ് വിദ്യാര്‍ഥികള്‍. പ്രത്യേക ബസ്സുകളില്‍ വരാന്‍ താല്‍പര്യപ്പെടുന്ന അവര്‍ക്ക് പാസ് കിട്ടിയിട്ടില്ല. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ മിഷന്‍ കോളജില്‍ 170 നഴ്സിങ് വിദ്യാര്‍ഥികളും 85 പാരാ മെഡിക്കല്‍ വിദ്യാര്‍ഥികളും. തൂത്തുക്കുടി സെന്റ് ആന്‍സ് സ്‌കൂള്‍ ഓഫ് നഴ്സിങ്ങില്‍ 28 വിദ്യാര്‍ഥികള്‍.

ചെന്നൈ താംബരം എംഎ ചിദംബരം സ്‌കൂള്‍ ഓഫ് നഴ്സിങ്ങിലെ 8 വിദ്യാര്‍ഥികള്‍. സേലം വിനായക മിഷന്‍ ഹോമിയോ മെഡിക്കല്‍ കോളജിലെ 28 ഹൗസ് സര്‍ജന്‍മാര്‍. മംഗലാപുരം എജെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ 40 നഴ്സിങ് വിദ്യാര്‍ഥികള്‍. എംജിഎം ന്യൂ ബോംബെ കോളജ് ഓഫ് നഴ്സിങ്ങിലെ 57 വിദ്യാര്‍ഥികള്‍. മാര്‍ച്ച് 31ന് സേവനം പൂര്‍ത്തിയാക്കിയ ഊട്ടി, ജബല്‍പൂര്‍, സെക്കന്തരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലെ ജവാന്‍മാര്‍ നാട്ടിലേയ്ക്ക് പുറപ്പെടാന്‍ പാസിനായി അപേക്ഷ നല്‍കി കാത്തിരിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. 

Tags:    

Similar News