കര്‍ദിനാള്‍ ഉറപ്പു പാലിച്ചില്ലെന്ന്; വ്യജരേഖ കേസില്‍ സിബി ഐ അന്വേഷണം വേണമെന്ന് എറണാകുളം-അങ്കമാലി അതിരൂപത

അതിരൂപതയിലെ ഒരു വൈദികനും വ്യാജ രേഖകള്‍ ചമയ്ക്കുന്നതിന് പ്രേരണ നല്‍കുകയോ ഗൂഡാലോചന നടത്തുകയോ ചെയ്തിട്ടില്ല.മറിച്ചുള്ള മുഴുവന്‍ പ്രചരണങ്ങളും വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണാ ജനകവുമാണ്.ഈ രേഖകള്‍ ഉപയോഗിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പ്രചരണം സത്യവിരുദ്ധം.കസ്റ്റഡിയിലെടുത്ത യുവാവിനെ ക്രൂരമായി പീഡിപ്പിച്ച് വൈദികര്‍ക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു.യുവാവിനെ പീഡിപ്പിച്ചതിനെതിരെ കാക്കനാട് മജിസ്‌ട്രേറ്റ് കോടതി സ്വമേധയ കേസ് രജിസ്റ്റര്‍ ചെയ്തു

Update: 2019-05-25 03:16 GMT

കൊച്ചി: കര്‍ദിനാളിനെതിരെ വ്യാജരേഖ ചമച്ചെന്ന കേസില്‍ സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് എറണാകുളം-അങ്കാമാലി അതിരൂപത നേതൃത്വം.അതിരൂപതിയിലെ ഒരു വൈദികനും വ്യാജ രേഖകള്‍ ചമയ്ക്കുന്നതിന് പ്രേരണ നല്‍കുകയോ ഗൂഡാലോചന നടത്തുകയോ ചെയ്തിട്ടില്ല.മറിച്ചുള്ള മുഴുവന്‍ പ്രചരണങ്ങളും വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണാ ജനകവുമാണ്.ഈ രേഖകള്‍ ഉപയോഗിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പ്രചരണം സത്യവിരുദ്ധമാണെന്നും അതിരൂപത പ്രൊ-പ്രോട്രോസിഞ്ചെല്ലൂസ് ഫാ.വര്‍ഗീസ് പൊട്ടയ്ക്കല്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.അന്വേഷണ വിധേയനായ യുവാവിനെ പോലിസ് 48 മണിക്കൂര്‍ അനധികൃതമായി കസ്റ്റഡിയില്‍ വെയ്ക്കുകയും അതിക്രൂരവും പ്രാകൃതവുമായി പീഡിപ്പിച്ച് വൈദികരുടെ പ്രേരണയാല്‍ ഈ രേഖകള്‍ സ്വയം നിര്‍മിച്ചതാണെന്ന് മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഇത് മനുഷ്യാവകാശ ലംഘനവും നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണെന്നും അതിരുപത നേതൃത്വം വ്യക്തമാക്കി.

കേസിന്റെ അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നത്.യുവാവിനെ പോലിസ് കസ്റ്റഡിയില്‍ വെച്ച് പിഡിപ്പിച്ചതിന്റെ ഉത്തരവാദികളായ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കാക്കനാട് മജിസ്‌ട്രേറ്റ് കോടതി സ്വമേധയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അതിരൂപത നേതൃത്വം വ്യക്തമാക്കി.പോലിസ് അറസ്റ്റ് ചെയ്ത യുവാവ്് ഈ രേഖകള്‍ തന്റെ ജോലിക്കിടയില്‍ കണ്ടെത്തുകയും ഇത് ഫാ.പോള്‍ തേലക്കാട്ടിലിന് അയച്ചു നല്‍കുകയും ചെയ്തു. അദ്ദേഹം അതില്‍ ചിലത് മാര്‍ ജേക്കബ് മനത്തോടത്തിന് സ്വകാര്യമായിട്ടാണ് നല്‍കിയത്.തുടര്‍ന്ന് ഈ രേഖകളുടെ നിജസ്ഥിതി അന്വേഷിച്ച് അറിയുന്നതിനായിട്ടാണ് മാര്‍ ജേക്കബ് മനത്തോടത്ത് ഇത് കര്‍ദിനാളിന് കൈമാറിയത്.ഇക്കാര്യം കര്‍ദിനാള്‍ സിനഡില്‍ അവതരിപ്പിച്ചു.കര്‍ദിനാളിനെ അപകീര്‍ത്തിപ്പെടുത്താന്‍ മനപ്പൂര്‍വം രേഖകള്‍ വ്യാജമായി ചമച്ചതാണെന്നും ഇതില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും വ്യക്തമാക്കി നല്‍കിയ പരാതിയില്‍ ഫാ.പോള്‍ തേലക്കാട്ടും മാര്‍ ജക്കബും മനത്തോടത്തും പ്രതികളായി.ഇരുവരെയും പ്രതിസ്ഥാനത്ത് നിന്നൊഴിവാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് കര്‍ദിനാള്‍ ഉറപ്പു നല്‍കിയെങ്കിലും അത് പാലിച്ചില്ലെന്നും അതിരൂപത നേതൃത്വം വ്യക്തമാക്കുന്നു.ഇതിലെ സത്യാവസ്ഥ ജുഡീഷ്യല്‍ അന്വേഷണം വഴിയോ സിബി ഐ അന്വേഷണം വഴിയോ മാത്രമെ പുറത്തുകൊണ്ടുവരാന്‍ കഴിയുവെന്നും അതിരൂപത പ്രൊ-പ്രോട്രോസിഞ്ചെല്ലൂസ് ഫാ.വര്‍ഗീസ് പൊട്ടയ്ക്കല്‍ വ്യക്തമാക്കുന്നു. 

Tags:    

Similar News