കര്‍ദിനാളിനെതിരെ വ്യാജ രേഖ: അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

തങ്ങള്‍ക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത്, സത്യദീപം ഇംഗ്ലീഷ് വിഭാഗം ചീഫ് എഡിറ്റര്‍ ഫാ.പോള്‍ തേലക്കാട്ട് എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഉത്തരവ്്. ഫാ.പോള്‍ തേലക്കാട്ട്,ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് എന്നിവര്‍ കേസുമായി സഹകരിക്കണമെന്നും ഇവരെ പോലീസ് അനാവശ്യമായി ശല്യം ചെയ്യരുതെന്നും കോടതി വ്യക്തമാക്കി

Update: 2019-04-10 14:52 GMT

കൊച്ചി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ചുവെന്ന കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. തങ്ങള്‍ക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത്, സത്യദീപം ഇംഗ്ലീഷ് വിഭാഗം ചീഫ് എഡിറ്റര്‍ ഫാ.പോള്‍ തേലക്കാട്ട് എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. ഫാ.പോള്‍ തേലക്കാട്ട്,ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് എന്നിവര്‍ കേസുമായി സഹകരിക്കണമെന്നും ഇവരെ പോലീസ് അനാവശ്യമായി ശല്യം ചെയ്യരുതെന്നും കോടതി വ്യക്തമാക്കി.

കര്‍ദിനാളിന്റെ പേരിലെ സ്വകാര്യ ബാങ്കിന്റെ അക്കൗണ്ടിന്റെ രേഖ ഫാ.പോള്‍ തേലക്കാട്ട് മാര്‍ ജേക്കബ് മനത്തോടത്തിന് കൈമാറുകയായിരുന്നു. മാര്‍ ജേക്കബ് മനത്തോടത്ത് ഇത് കര്‍ദിനാളിന് കൈമാറി.തനിക്ക് ഇത്തരത്തില്‍ ഒരു അക്കൗണ്ടില്ലെന്നും ഇത് വ്യാജ രേഖയാണെന്നും വ്യക്തമാക്കി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഈ രേഖ മെത്രാന്‍ സിനഡില്‍ സമര്‍പ്പിച്ചു.വ്യാജ രേഖ ചമച്ചവരെ കണ്ടെത്തുന്നതിനായി സിനഡിന്റെ തീരുമാന പ്രകാരം ഫാ.ജോഷി മാപ്രക്കാവിലാണ് പോലിസില്‍ പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലിസ് ആദ്യം ഫാ. പോള്‍ തേലക്കാട്ടിനെതിരെയും പിന്നാലെ മാര്‍ ജേക്കബ് മനത്തോടത്തിനെതിരെയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. തങ്ങളുടെ പക്കല്‍ ലഭിച്ച രേഖയുടെ ആധികാരികത പരിശോധിക്കാനാണ് ഇത് ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയതെന്നും അല്ലാതെ ഇതില്‍ തങ്ങള്‍ക്കു പങ്കില്ലെന്നുമായിരുന്നു ഇരുവരും പറഞ്ഞത്.  

Tags:    

Similar News