മതപണ്ഡിതന്മാർക്കു മേൽ ഭീകരമുദ്ര ചാർത്തി ഇസ്‌ലാം ഭീതി പരത്താൻ ഗൂഢനീക്കം: ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ

തികച്ചും അന്യായമായ നിലയിൽ കൊല്ലം ജില്ലയിലെ ചില മത സ്ഥാപനങ്ങളിലെയും മസ്ജിദുകളിലെയും മതപണ്ഡിതന്മാരെ ചോദ്യം ചെയ്യാൻ മുതിരുന്ന പോലിസ് നീക്കം വിശുദ്ധ റമളാനിൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് ഇടയാക്കും.

Update: 2019-05-13 06:36 GMT

തിരുവനന്തപുരം: ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ മറവില്‍ കേരളത്തില്‍ മതപണ്ഡിതന്മാർക്കു മേൽ ഭീകരമുദ്ര ചാർത്തി ഇസ്‌ലാം ഭീതി പരത്താനുള്ള ചില കേന്ദ്രങ്ങളുടെ ഗൂഢനീക്കം അപലപനീയമാണെന്ന് ഓൾ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പണ്ഡിതന്‍മാര്‍ നീരീക്ഷണത്തിലെന്ന രീതിയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിലൂടെ സമുദായ പണ്ഡിതന്മാരെ ഹിന്ദുത്വ ഭീകരതക്കെതിരിലുള്ള സമരങ്ങളിൽ നിന്നും പിറകോട്ടടിപ്പിക്കാനുള്ള ഗൂഢമായ ശ്രമമാണ് ചില കേന്ദ്രങ്ങൾ നടത്തുന്നതെന്ന് ന്യായമായി സംശയിക്കുന്നു.

തികച്ചും അന്യായമായ നിലയിൽ കൊല്ലം ജില്ലയിലെ ചില മത സ്ഥാപനങ്ങളിലെയും മസ്ജിദുകളിലെയും മതപണ്ഡിതന്മാരെ ചോദ്യം ചെയ്യാൻ മുതിരുന്ന പോലിസ് നീക്കം വിശുദ്ധ റമളാനിൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് ഇടയാക്കും. പണ്ഡിതന്മാർ നിരീക്ഷണത്തിലാണെന്ന തരത്തിൽ യാതൊരു സ്ഥിരീകരണവുമില്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്താനും വിഭാഗീയത സൃഷ്ടിക്കാനും ഇടയാക്കും. സമൂഹത്തില്‍ അപകടം സൃഷ്ടിക്കുന്ന ഇത്തരം നീക്കങ്ങളെ നിയന്ത്രിക്കാനുള്ള ജാഗ്രത ഉത്തരവാദിത്തപ്പെട്ട സര്‍ക്കാരുകളില്‍ നിന്നും പ്രതീക്ഷിക്കുന്നു.

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനങ്ങളെ മുസ്‌ലിം സമുദായം ഒന്നടങ്കം തള്ളിപ്പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും അതിന്റെ പേരില്‍ സമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി പണ്ഡിതന്‍മാരെ വേട്ടയാടാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. രാജ്യത്ത് മുസ്‌ലിം വിരുദ്ധത ആളിക്കത്തിക്കാന്‍ വേണ്ടി രഹസ്യാന്വേഷണ വിഭാഗത്തിന്റെ പേരില്‍ മേല്‍വിലാസമില്ലാത്ത ഇത്തരം വാര്‍ത്തകള്‍ എല്ലാക്കാലത്തും പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്തുടനീളം നടന്ന ഹിന്ദുത്വ സ്‌ഫോടനങ്ങളുടെ സമയത്തും ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇതിന്റെ മറപിടിച്ച് നൂറുകണക്കിന് മുസ്‌ലിം യുവാക്കളെയാണ് ജയിലിലടച്ചത്. പിന്നീട് തീവ്രഹിന്ദുത്വ വിഭാഗങ്ങളുടെ പങ്ക് പുറത്തുവന്നതോടെ കേസുകള്‍ അട്ടിമറിക്കപ്പെടുകയായിരുന്നു.

ഐഎസ് പോലുള്ള ദുരൂഹസംഘങ്ങളുടെ പേരില്‍ സമീപകാലത്തായി രാജ്യത്തെ ഇസ്‌ലാമിക പണ്ഡിതരെ ലക്ഷ്യംവച്ചുള്ള നുണപ്രചാരണവും അവരെ കള്ളക്കേസില്‍ കുടുക്കാനുള്ള നീക്കവും തകൃതിയാണ്. ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം നീക്കം വീണ്ടും സജീവമായിരിക്കുകയാണ്. ഇത്തരം നീക്കങ്ങളെ ചെറുക്കാന്‍ എല്ലാവിഭാഗങ്ങളും ഐക്യത്തോടെ രംഗത്തിറങ്ങണമെന്നും ഇമാംസ് കൗണ്‍സില്‍ ആഹ്വാനം ചെയ്തു.

Tags:    

Similar News