ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്: കമറുദ്ദീനെതിരായ കേസ് പ്രാഥമികമായി നിലനില്‍ക്കുമെന്ന് സര്‍ക്കാര്‍;ഹരജി ഹൈക്കോടതി വിധിപറയാന്‍ മാറ്റി

സ്ഥാപനത്തിന്റെ സ്വര്‍ണവും ആഭരണങ്ങളും കാണാതായതിനെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അനുമതിയില്ലാതെയാണ് സ്ഥാപനം നിക്ഷേപം സ്വീകരിച്ചത്.സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് തെറ്റായ വിവരങ്ങളാണ് സ്ഥാപനം നല്‍കിയതെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു

Update: 2020-11-11 12:42 GMT

കൊച്ചി: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പു കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു എം സി കമറുദ്ദീന്‍ എംഎല്‍എ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി വിധിപറയാന്‍ മാറ്റി. കമറുദ്ദീനെതിരെ കേസ് പ്രാഥമികമായി നിലനില്‍ക്കുമെന്നും റദ്ദാക്കരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.തനിക്കെതിരായ തട്ടിപ്പു കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കമറുദ്ദീന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടറിയിച്ചത്. സ്ഥാപനത്തിന്റെ സ്വര്‍ണവും ആഭരണങ്ങളും കാണാതായതിനെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

അനുമതിയില്ലാതെയാണ് സ്ഥാപനം നിക്ഷേപം സ്വീകരിച്ചത്.സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് തെറ്റായ വിവരങ്ങളാണ് സ്ഥാപനം നല്‍കിയതെന്നും പണം നിക്ഷേപിച്ചവര്‍ക്ക് ഷെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സ്ഥാപനം തയാറായിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന് സമാനമായ തട്ടിപ്പ് ആണ് നടന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. സ്വന്തം ലാഭത്തിനായി പണം തിരിമറി നടത്തുകയായിരുന്നു. നിക്ഷേപകരില്‍ നിന്ന് ലഭിച്ച പണം ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. കമറുദ്ദീന് എതിരെ വഞ്ചനാ കുറ്റം നിലനില്‍ക്കുന്നതാണ്. ആവശ്യമെങ്കില്‍ മറ്റു ഡയറക്ടര്‍മാരെയും കേസില്‍ പ്രതി ചേര്‍ക്കും. ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തുന്നതായും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

2006 മുതലുള്ള കമ്പനിയാണ് ഫാഷന്‍ ഗോള്‍ഡെന്നും അതിനാലാണ് നിക്ഷേപകര്‍ കമ്പനിയില്‍ പണം നിക്ഷേപിച്ചതെന്നും കമറുദ്ദീന്‍ കോടതിയില്‍ പറഞ്ഞു. 2019 വരെ കമ്പനി കൃത്യമായി ലാഭവിഹിതം നല്‍കിയിട്ടുണ്ട്. നിക്ഷേപകരുടെ കരാര്‍ എംഡിയുമായിട്ടാണ്. തന്റെ പ്രതിഛായ നശിപ്പിക്കാനാണ് കമ്പനിക്ക് എതിരെ കേസ് എടുക്കാതെ തനിക്ക് എതിരെ എടുത്തിരിക്കുന്നത്. മറ്റ് ഡയറക്ടേഴ്സിനെതിരെ പരാതിയില്ലാതെ തനിക്കെതിരെ പരാതി വന്നത് തന്റെ പ്രതിച്ഛായ നശിപ്പിക്കുകയെന്ന ഉദ്ദേശത്തോടെയാണെന്നും. മുഴുവന്‍ സമയ ഡയറക്ടര്‍ എന്ന നിലയില്‍ മാത്രം തനിക്കെതിരെ വഞ്ചനാക്കുറ്റം നിലനില്‍ക്കില്ല. തന്റെ സാന്നിധ്യത്തില്‍ പണം നല്‍കി എന്നുള്ളതും വഞ്ചനാകുറ്റം ചുമത്താന്‍ തക്കതായ കാരണം അല്ല.ഫാഷന്‍ ഗോള്‍ഡില്‍ താന്‍ 56 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ട് എന്നും കമറുദ്ദീന്‍ കോടതിയില്‍ അറിയിച്ചു. നിക്ഷേപകര്‍ക്ക് പരാതി ഉണ്ടെങ്കില്‍ കമ്പനി ട്രൈബ്യൂണലിനെ ആണ് സമീപിക്കേണ്ടതെന്നും സ്വതന്ത്ര ഓഡിറ്ററെ നിയമിക്കണം എന്നും ഹരജിക്കാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News