തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ കേരളത്തില്‍ മടക്കിയെത്തിക്കാനുള്ള കോണ്‍ഗ്രസിന്റെ പദ്ധതിക്ക് തുടക്കമായി. ആദ്യ ബസ് 25 മലയാളി യാത്രക്കാരുമായി രാത്രി എട്ടിനു ബെംഗളൂരു ഗാന്ധി ഭവനിലെ കെപിസിസി ആസ്ഥാനത്തുനിന്ന് പുറപ്പെട്ടു. കര്‍ണാടക പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാര്‍ യാത്ര ഫഌഗ് ഓഫ് ചെയ്തു. കെപിസിസിയുടെ അഭ്യര്‍ഥന പ്രകാരം കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയാണ് മലയാളികളെ സഹായിക്കാനും നാട്ടിലെത്തിക്കാനുമുള്ള ബസ് സൗകര്യം ഒരുക്കിയത്. സാമൂഹിക അകലം പാലിച്ചായിരിക്കും ബസില്‍ യാത്രക്കാരെ പ്രവേശിപ്പിക്കുക. രണ്ട് സംസ്ഥാനങ്ങളുടെയും പാസുകള്‍ ഉളളവര്‍ക്കാണ് യാത്ര ചെയ്യാന്‍ അനുമതി.
കേരളത്തില്‍ നിന്ന് കെഎസ്ആര്‍ടിസി ബസുകള്‍ അയക്കണമെന്ന പ്രതിപക്ഷത്തിന്റെ നിരന്തര അഭ്യര്‍ഥന സംസ്ഥാന സര്‍ക്കാര്‍ തള്ളിയതിനെ തുടര്‍ന്നാണ് ഇതര സംസ്ഥാനങ്ങളിലെ മലയാളികളെ നാട്ടിലെത്തിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ എന്‍ എ ഹാരിസ് എംഎല്‍എയുടെ 969696 9232 എന്ന നമ്പറിലോ infomlanaharis@gmail.com എന്ന ഇ-മെയില്‍ ഐഡിയിലോ ബന്ധപ്പെടണം.