വെള്ളപ്പൊക്ക സാധ്യത: കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ 50 ക്യാംപുകള്‍ സജ്ജമാക്കും
കൊവിഡ് വ്യാപന സാധ്യതയുള്ളതിനാല്‍ കഴിയാവുന്നിടത്തോളം ബന്ധു ഗൃഹങ്ങളിലേയ്ക്ക് മാറാന്‍ ജനങ്ങള്‍ ശ്രമിക്കണം.
കൊടുങ്ങല്ലൂര്‍: കനത്ത മഴയില്‍ വെള്ളപ്പൊക്ക സാധ്യത മുന്നില്‍ കണ്ട് കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ 50 ദുരിതാശ്വാസ ക്യാംപുകള്‍ സജ്ജമാക്കും. മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി നഗരസഭയില്‍ അഡ്വ. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അടിയന്തര മുന്നൊരുക്കങ്ങളുടെ ഭാഗമായി ആദ്യഘട്ടത്തിലാണ് ക്യാംപുകള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നത്.
വീടുകളില്‍ വെള്ളം കയറിയാല്‍ എത്രയും വേഗം വാര്‍ഡ് കൗണ്‍സിലറുമായോ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീമുമായോ ബന്ധപ്പെട്ട് നിശ്ചയിക്കപ്പെട്ട ക്യാംപുകളിലേക്ക് മാറണം. കൊവിഡ് വ്യാപന സാധ്യതയുള്ളതിനാല്‍ കഴിയാവുന്നിടത്തോളം ബന്ധു ഗൃഹങ്ങളിലേയ്ക്ക് മാറാന്‍ ജനങ്ങള്‍ ശ്രമിക്കണം.
ക്യാംപുകളില്‍ രണ്ട് വിഭാഗങ്ങളിലായി ആളുകളെ വേര്‍തിരിക്കും. സാധാരണ ആളുകളെ എ വിഭാഗത്തിലും 60 വയസ്സില്‍ കൂടുതലുള്ളവര്‍, 10 വയസ്സില്‍ താഴെയുള്ള കുട്ടികള്‍, മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ എന്നിവരെ അതേ ക്യാംപില്‍ തന്നെ ബി വിഭാഗത്തിലും താമസിപ്പിക്കും. കൂടുതല്‍ ശുചിമുറികള്‍ ആവശ്യമുള്ളിടത്ത് പുതിയവ നിര്‍മിക്കും. ഭക്ഷണം ഒരു കേന്ദ്രത്തില്‍ പാകം ചെയ്ത് വിവിധ കേന്ദ്രങ്ങളില്‍ എത്തിക്കും. കേന്ദ്രങ്ങളുടെ കെയര്‍ടെയ്ക്കര്‍മാരായി അധ്യാപകരെ ചുമതലപ്പെടുത്തും.
വാര്‍ഡ് തലത്തില്‍ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ 1015 പേരടങ്ങുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ശക്തമാക്കും. കിടപ്പു രോഗികള്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെയും വളര്‍ത്തുമൃഗങ്ങള്‍, വാഹനങ്ങള്‍ എന്നിവയെയും സുരക്ഷിതമായി മാറ്റുന്നതിന് ഇ.ആര്‍.ടി.കള്‍ ( എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം) നേതൃത്വം നല്‍കും. താമസം മാറ്റുന്നവര്‍ പായ, തലയിണ, ബഡ്ഷീറ്റ്, ടൂത്ത് പേസ്റ്റ്, ബ്രഷ്, അത്യാവശ്യം വേണ്ട വസ്ത്രങ്ങള്‍, സാനിറ്റൈസര്‍, മാസ്‌ക്ക്, മരുന്നുകള്‍ എന്നിവ കരുതണം. വിലപിടിപ്പുള്ള രേഖകള്‍, വസ്തുക്കള്‍ എന്നിവ സുരക്ഷിതമായി സൂക്ഷിക്കണം. ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹണി പീതാംബരന്‍, കൗണ്‍സിലര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.