വ്യാജരേഖക്കേസ്: കോടതിയില്‍ സത്യം തെളിയുമെന്ന് എറണാകുളം-അങ്കമാലി അതിരൂപത സംരക്ഷണ സമിതി

വ്യാജരേഖക്കേസിന്റെ പേരില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി വേട്ടയാടപ്പെടുന്നവര്‍ക്ക് ഏറെ ആശ്വാസകരമാണ് പോലിസ് ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രമെന്ന് എറണാകുളം-അങ്കമാലി അതിരൂപത സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ.സെബാസ്റ്റ്യന്‍ തളിയന്‍,പി ആര്‍ ഒ ഫാ.ജോസ് വൈലിക്കോടത്ത് എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു

Update: 2020-12-18 13:52 GMT

കൊച്ചി: മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചെന്ന കേസിലെ സത്യം കോടതിയില്‍ തെളിയട്ടെയെന്ന് എറണാകുളം-അങ്കമാലി അതിരൂപത സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ.സെബാസ്റ്റ്യന്‍ തളിയന്‍,പി ആര്‍ ഒ ഫാ.ജോസ് വൈലിക്കോടത്ത് എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.വ്യാജരേഖക്കേസിന്റെ പേരില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി വേട്ടയാടപ്പെടുന്നവര്‍ക്ക് ഏറെ ആശ്വാസകരമാണ് പോലിസ് ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രമെന്നും അതിരൂപത സംരക്ഷണ സമിതി നേതൃത്വം വ്യക്തമാക്കി.

കേസിലെ കുറ്റാരോപിതരുടെ സമൂഹത്തിലെ സ്ഥാനവും വിശ്വാസികളുടെ ഇടയിലുള്ള മതിപ്പും ഇത്തരം കേസിന്റെ പശ്ചാത്തലവും കണക്കിലെടുക്കുമ്പോള്‍ ഇത് കേവലം കെട്ടിച്ചമച്ച ആരോപണങ്ങളാണെന്ന് നീതിബോധമുള്ളവര്‍ക്ക് മനസിലാകും.എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടന്ന വിവാദ ഭൂമി വില്‍പനയില്‍ വന്ന ധാര്‍മികവും സാമ്പത്തികവുമായ നഷ്ടം പരിഹരിക്കാന്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോട് വത്തിക്കാന്‍ രേഖമൂലം ആവശ്യപ്പെട്ടിരുന്നു.മാര്‍ ആന്റണി കരിയിലിനെ എറണാകുളം-അങ്കമാലി മേജര്‍ അതിരൂപതയുടെ മെത്രാപോലിത്തന്‍ വികാരിയാക്കിയപ്പോള്‍ സ്ഥിരം സിനഡ് അംഗങ്ങളുടെ സഹായത്തോടെ നഷ്ടപരിഹാരത്തിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തിയിരുന്നു. ഇതു പ്രകാരം ഈയിടെ അതിരൂപതയുടെ വിവിധ കാനോനിക സമിതികളില്‍ നഷ്ടപരിഹാരത്തെക്കുറിച്ച് വിപുലമായ ചര്‍ച്ചകള്‍ നടത്തി.

എന്താണ് ഭൂമിയിടപാടില്‍ വന്നുപോയ പിഴവുകളെന്നും സാമ്പത്തികമായ നഷ്ടം എത്രയാണെന്നും ആരൊക്കെയാണ് നഷ്ടത്തിന് ഉത്തരവാദികളെന്നും നഷ്ടപരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്നും കാണിച്ച് വ്യക്തമായ റിപോര്‍ട് വൈദികരുടെയും അല്‍മായരുടെയും 12 അംഗ കമ്മിറ്റി ഒപ്പിട്ട് മാര്‍ ആന്റണി കരിയിലിന്റെ വിശദീകരണവും കൂട്ടിച്ചേര്‍ത്ത് സ്ഥിരം സിനഡിന് സമര്‍പ്പിച്ചു.ഈ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ വ്യജരേഖക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.കേസിലെ സത്യം കോടതിയില്‍ തെളിയുമെന്നും നിരപരാധികള്‍ കുറ്റവിമുക്തരാക്കപ്പെടുമെന്നും ഞങ്ങള്‍ക്ക് ഉത്തമ ബോധ്യമുണ്ട്.വാദിഭാഗത്തുള്ളവരുടെ പേരില്‍ നിരവധി കേസുകള്‍ നിലനില്‍ക്കുന്നുവെന്ന കാര്യവും ഇതിനൊപ്പം അറിയണമെന്നും അതിരൂപത സംരക്ഷണ സമിതി നേതൃത്വം വ്യക്തമാക്കി.

Tags:    

Similar News