ഡി ബാബു പോളിന്റെ സംസ്‌കാരം ഇന്ന്
വൈകീട്ട് നാലിന് ജന്‍മനാടായ പെരുമ്പാവൂര്‍ കുറുപ്പംപടിയിലെ സെന്റ് മേരീസ് കത്തീഡ്രലിലാണ് സംസ്‌കാരച്ചടങ്ങുകള്‍.
തിരുവനന്തപുരം: അന്തരിച്ച മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ ഡി ബാബുപോളിന്റെ സംസ്‌കാരം ഇന്ന് നടക്കും. വൈകീട്ട് നാലിന് ജന്‍മനാടായ പെരുമ്പാവൂര്‍ കുറുപ്പംപടിയിലെ സെന്റ് മേരീസ് കത്തീഡ്രലിലാണ് സംസ്‌കാരച്ചടങ്ങുകള്‍. മാതാപിതാക്കളുടെ ഭൗതികദേഹങ്ങള്‍ അടക്കിയ കുടുംബ കല്ലറ സെന്റ് മേരീസ് കത്തീഡ്രലിലാണ്. അവിടെ തന്നെയും അടക്കണമെന്നത് അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമായിരുന്നു.
ഭൗതികശരീരം ഇന്നലെ പൊതുദര്‍ശനത്തിന് വച്ച തിരുവനന്തപുരം സ്റ്റാച്യു പുന്നന്‍ റോഡിലെ സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയിലും കവടിയാര്‍ മമ്മീസ് കോളനിയിലെ ചീരത്തോട്ടം വീട്ടിലും മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പടെ നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയില്‍ അന്ത്യശുശ്രൂഷയ്ക്ക് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് ബാവ മുഖ്യ കാര്‍മികത്വം വഹിച്ചു. സര്‍ക്കാരിന് വേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അന്തിമോപചാരം അര്‍പ്പിച്ചു. കരള്‍, വൃക്കരോഗങ്ങള്‍ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെയാണ് ബാബു പോള്‍ അന്തരിച്ചത്.