ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതല്‍ ഹര്‍ജിയില്‍ ഇന്ന് വാദം തുടരും

മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടി പ്രതിഭാഗം പ്രത്യേക ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇതില്‍ വാദം പൂര്‍ത്തിയാക്കിയ കോടതി വിധി പറയാനായി മാറ്റിവെച്ചിരിക്കുകയാണ്.

Update: 2020-02-29 02:16 GMT

കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിലെ വിടുതല്‍ ഹര്‍ജിയില്‍ ഇന്ന് വാദം തുടരും. അടച്ചിട്ട മുറിയില്‍ ആണ് കോടതി വാദം കേള്‍ക്കുന്നത്. പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായാല്‍ പ്രോസിക്യൂഷന്‍ വാദം ഇന്ന് ആരംഭിക്കും.

കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2014-16 കാലയളവില്‍ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചെന്ന് കഴിഞ്ഞ വര്‍ഷം ജൂണ്‍ 27 നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. കഴിഞ്ഞ ഏപ്രില്‍ ഒന്‍പതിനാണ് കേസിലെ കുറ്റപത്രം സമര്‍പ്പിച്ചത്. ആയിരം പേജുള്ള കുറ്റപത്രത്തില്‍ മൂന്ന് ബിഷപ്പ്മാരും 11 വൈദികരും 24 നഴ്‌സുമാരും ഉള്‍പ്പടെ 84 സാക്ഷികളുണ്ട്. ബലാത്സംഗം, അന്യായമായി തടവില്‍ വയ്ക്കല്‍, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗീകമായി പീഡിപ്പിക്കല്‍ ഉള്‍പ്പടെ ആറു വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം, മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടി പ്രതിഭാഗം പ്രത്യേക ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇതില്‍ വാദം പൂര്‍ത്തിയാക്കിയ കോടതി വിധി പറയാനായി മാറ്റിവെച്ചിരിക്കുകയാണ്.

Tags:    

Similar News