സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യകിറ്റുകള്‍ സിപിഎം ഓഫിസില്‍; പ്രതിഷേധം ശക്തം
വലിയ വാഹനങ്ങള്‍ക്ക് സുഗമമായെത്താവുന്ന മറ്റ് ഹാളുകളും സ്ഥാപനങ്ങളും വടകരയില്‍ ഉണ്ടെന്നിരിക്കെ ചെറിയ റോഡ് മാത്രമുള്ള ഏരിയാകമ്മിറ്റി ഓഫിസ് ഉപയോഗിച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
വടകര: സപ്ലൈകോ വഴി സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യധാന്യകിറ്റുകള്‍ സിപിഎം വടകര ഏരിയാകമ്മറ്റി ഓഫിസില്‍ സൂക്ഷിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. ഇന്നലെയാണ് സിപിഎം ഏരിയാകമ്മിറ്റി ഓഫിസായ കേളുഏട്ടന്‍-പിപി ശങ്കരന്‍ സ്മാരകമന്ദിരത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ കിറ്റുകള്‍ സൂക്ഷിച്ച വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് സംഭവത്തില്‍ പ്രതിഷേധവുമായി യൂത്ത് ലീഗ് രംഗത്തെത്തി. അതേസമയം, കിറ്റുകള്‍ പായ്ക്ക് ചെയ്യാനാണ് മന്ദിരത്തില്‍ സൂക്ഷിച്ചതെന്നും ആര്‍ആര്‍ടി അംഗങ്ങള്‍ ഇതിന്റെ പായ്ക്കിങ് നടത്തുകയാണെന്നും സപ്ലൈകോ അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍, വലിയ വാഹനങ്ങള്‍ക്ക് സുഗമമായെത്താവുന്ന മറ്റ് ഹാളുകളും സ്ഥാപനങ്ങളും വടകരയില്‍ ഉണ്ടെന്നിരിക്കെ ചെറിയ റോഡ് മാത്രമുള്ള ഏരിയാകമ്മിറ്റി ഓഫിസ് ഉപയോഗിച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. പാവപ്പെട്ടവര്‍ക്ക് നല്‍കേണ്ട കിറ്റുകള്‍ സ്വന്തക്കാര്‍ക്ക് നല്‍കാനുള്ള ശ്രമമാണ് ഇതിനുപിന്നിലെന്ന് യൂത്ത് ലീഗ് ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ചും കിറ്റുകള്‍ എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ടും യൂത്ത് ലീഗ് വടകര താലൂക്ക് ഓഫിസ് ഉപരോധിച്ചു.
എംഎസ്എഫ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഫ്നാസ് ചോറോട്, മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി അന്‍സീര്‍ പനോളി, യൂത്ത് ലീഗ് സ്റ്റേറ്റ് കൗണ്‍സിലര്‍ അന്‍സാര്‍ മുകച്ചേരി, മുനിസിപ്പല്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ആര്‍ സിറാജ് എന്നിവരാണ് ഉപരോധം നടത്തിയത്. പോലിസെത്തി സമരക്കാരെ അറസ്റ്റുചെയ്തു നീക്കി. അതേസമയം, സമരക്കാര്‍ക്ക് പിന്തുണയുമായെത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകരെ സാമൂഹിക അകലം പാലിച്ചില്ലെന്ന് പറഞ്ഞ് പോലിസ് മര്‍ദിച്ചതായും ആരോപണമുണ്ട്.