ഇന്ധന വിലവര്‍ധനവ് : തലമുണ്ഡനം ചെയ്ത് പ്രതിഷേധ സമരവുമായി ഹോട്ടലുടമകള്‍

എറണാകുളം പനമ്പിള്ളിനഗറിലുള്ള ഐഒസി ഓഫീസിനുമുന്നിലാണ് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടേയും എറണാകുളം ജില്ലാകമ്മിറ്റിയുടേയും ആഭിമുഖ്യത്തില്‍ തലമുണ്ഡനംചെയ്ത് പിച്ചചട്ടിയുമായി പ്രതിഷേധ സമരം നടത്തിയത്

Update: 2021-03-02 10:59 GMT

കൊച്ചി: പാചക വാതകമടക്കമുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനവിനെതിരെ വേറിട്ട സമരരീതിയുമായി ഹോട്ടലുടമകള്‍. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ മൂലം ജീവിക്കാന്‍ നിവൃത്തിയില്ലാത്ത സാഹചര്യത്തില്‍ തലമുണ്ഡനം ചെയ്ത് പിച്ചച്ചട്ടിയുമായി പ്രതിഷേധ സമരം സംഘടിപ്പിച്ചാണ് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ പുതിയ സമരമുഖത്തിന് തുടക്കമിട്ടത്.


എറണാകുളം പനമ്പിള്ളി നഗറിലെ ഐഒസി ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച സമരം സംസ്ഥാന ജനറല്‍ സെക്രട്ടറി ജി ജയപാല്‍ തല മുണ്ഡനം ചെയ്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയുടെയും എറണാകുളം ജില്ലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിലാണ് പ്രതിഷേധ സമരം നടന്നത്.കൊവിഡ് മൂലം പ്രതിസന്ധിയിലായ ഹോട്ടല്‍ മേഖലക്ക് കനത്ത തിരിച്ചടിയാണ് അടിക്കടിയുള്ള പാചകവാതക വിലവര്‍ധനവെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജിയും ജനറല്‍ സെക്രട്ടറി ജി ജയപാലും പറഞ്ഞു.

പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചതിനെ തുടര്‍ന്ന് നിത്യോപയോഗ സാധനങ്ങളുടേയും വില വര്‍ധിച്ചിരിക്കുകയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറക്കുവാന്‍ സര്‍ക്കാര്‍ എണ്ണകമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തി നികുതിഭാരം കുറക്കണമെന്നും ഇവര്‍ആവശ്യപ്പെട്ടു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റുമാരായ പ്രസാദ് ആനന്ദഭവന്‍, ജി കെ പ്രകാശ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം എന്‍ ബാബു, എന്‍ അബ്ദുള്‍ റസാഖ്, മുഹമ്മദ് ഷറീഫ്, സംസ്ഥാന സെക്രട്ടറിമാരായ കെ എം രാജ, എന്‍ സുഗുണന്‍, സി ബിജുലാല്‍, പി ആര്‍ ഉണ്ണി, വി ടി ഹരിഹരന്‍, എറണാകുളം ജില്ലാപ്രസിഡന്റ് അസീസ്, എറണാകുളം ജില്ലാസെക്രട്ടറി ടി ജെ മനോഹരന്‍ സംസാരിച്ചു.

Tags:    

Similar News