ഗാന്ധി ഘാതകര്‍ തന്നെ ഗാന്ധിജിയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി
ഈ സാഹചര്യത്തില്‍ ഇത്തവണത്തെ ഗാന്ധിജയന്തി ദിനാഘോഷങ്ങള്‍ക്ക് പ്രസക്തി വര്‍ധിക്കുന്നു
തിരുവനന്തപുരം: ഗാന്ധി ഘാതകര്‍ തന്നെ ഗാന്ധിജിയെ സ്വന്തമാക്കാന്‍ ശ്രമിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഗാന്ധിജിയുടെ വാചകങ്ങളെ ഇവര്‍ തങ്ങള്‍ക്ക് അനുകൂലമായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇത്തവണത്തെ ഗാന്ധിജയന്തി ദിനാഘോഷങ്ങള്‍ക്ക് പ്രസക്തി വര്‍ധിക്കുന്നു. നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 105ാം ജന്മവാര്‍ഷികമാണിന്ന്. സ്വന്തം ജീവിതം തന്നെ ലോകത്തിനുള്ള സന്ദേശമാക്കിയ നേതാവ്. ഗാന്ധിജി ഉയര്‍ത്തിപ്പിടിച്ച മ്യൂല്യങ്ങള്‍ നൂറ്റാണ്ട് പിന്നിടുമ്പോഴും ഒളിമങ്ങാതെ തിളങ്ങിനില്‍ക്കുന്നു. എല്ലാ വിഭാഗം ജനങ്ങളെയും ഒന്നായി കാണാനുള്ള വിശാലമായ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചാണു ഗാന്ധിജിയുടെ ഓരോ ചുവടുവയ്പ്പും. എന്നാല്‍ രാജ്യത്തെ ഇന്ന് ഗാന്ധിയില്‍ നിന്നു പിറകോട്ട് നടത്താനാണ് ചിലര്‍ ശ്രമിക്കുന്നത്. രാഷ്ട്രപിതാവായ ഗാന്ധിജിയെയും ആശയങ്ങളെയും നിലനിര്‍ത്തുമെന്ന പ്രതിജ്ഞയാണ് ഈ ദിനത്തില്‍ ഓരോ ഇന്ത്യക്കാരനും ഉറക്കെ ചൊല്ലേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഗാന്ധിജയന്തി ദിനത്തില്‍ മഹാത്മാ ഗാന്ധിയുടെ സ്മരണ പുതുക്കുന്നതോടൊപ്പം രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ തലപൊക്കാന്‍ ശ്രമിക്കുന്ന 'ഗോഡ്‌സെ'മാരെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്താനുള്ള കടമ കൂടി നമുക്ക് ഏറ്റെടുക്കാമെന്ന് മന്ത്രി എം എം മണി ഫേസ്ബുക്കില്‍ കുറിച്ചു. താഴ്ന്നവനെന്നോ ഉയര്‍ന്നവനെന്നോ വ്യത്യാസമില്ലാത്തതും, ജാതിമത, സ്ത്രീപുരുഷ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും തുല്യ നീതി, തുല്യ നിയമം, തുല്യ പങ്കാളിത്തം കിട്ടുന്നതുമായ ഒരു രാജ്യമായിരുന്നു ഗാന്ധിജിയുടെ സങ്കല്‍പ്പത്തിലെ ഇന്ത്യ. ഇത്തരം മഹത്തായ ആശയങ്ങളുടെ മഹാത്മാവിനു നേരെ ഹിന്ദു വര്‍ഗീയവാദിയായ ഗോഡ്‌സെ എന്ന മതഭ്രാന്തന്‍ നിറയൊഴിച്ചപ്പോള്‍ അത് കൊണ്ടത് ഗാന്ധിജിയുടെ നെഞ്ചില്‍ മാത്രമായിരുന്നില്ല, അദ്ദേഹത്തിന്റെ ആശയങ്ങളുമായി ഒത്തുചേര്‍ന്ന എല്ലാ ഇന്ത്യക്കാരുടെയും ഹൃദയത്തില്‍ കൂടിയായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.