കരിപ്പൂരില്‍ വീണ്ടും കോടികളുടെ സ്വര്‍ണവേട്ട; കടത്താന്‍ ശ്രമിച്ചത് മൂന്നുകിലോ സ്വര്‍ണം, രണ്ടുപേര്‍ പിടിയില്‍

Update: 2021-06-01 12:41 GMT

കരിപ്പൂര്‍: വിമാനത്താവളത്തില്‍ വീണ്ടും കോടികളുടെ സ്വര്‍ണവേട്ട. കോഴിക്കോട്, എറണാകുളം സ്വദേശികളില്‍നിന്നായി എയര്‍ ഇന്റലിജന്‍സ് യൂനിറ്റ് 2.932 കിലോഗ്രാം തൂക്കമുള്ള സ്വര്‍ണമാണ് പിടികൂടിയത്. ഷാര്‍ജയില്‍നിന്ന് ജി 9 454 ഫ്‌ളൈറ്റിലെത്തിയ കോഴിക്കോട് സ്വദേശിയായ 38 കാരനാണ് പിടിയിലായവരില്‍ ഒരാള്‍. പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ് കണങ്കാലില്‍ സോക്‌സിനടിയില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ മിശ്രിതം കടത്താന്‍ ശ്രമിച്ചത്.

മിശ്രിതത്തില്‍നിന്ന് 1681 ഗ്രാം സ്വര്‍ണമാണ് വേര്‍തിരിച്ചെടുത്തത്. എറണാകുളം സ്വദേശിയായ 30 കാരന്‍ കബോഡ് പെട്ടിയില്‍ ഒളിപ്പിച്ച് ആണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. മിശ്രിത രൂപത്തില്‍ 1251 ഗ്രാം സ്വര്‍ണമാണ് ഇയാള് കടത്താന്‍ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വര്‍ണത്തിന്റെ മൊത്തം വിപണി മൂല്യം 1.65 കോടി രൂപയാണ്.

വാഗേഷ് കുമാര്‍ സിങ് ജോയിന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ കെ പി മനോജ്, ഗഗന്ദീപ് രാജ്, എം ഉമാദേവി, സൗരഭ് കുമാര്‍ ഇന്‍സ്‌പെക്ടര്‍മാരായ സുമിത് നെഹ്‌റ, ടി എസ് അഭിലാഷ്, ഹെഡ് ഹവില്‍ദാറുമാരായ കെ സി മാത്യു, പി മനോഹരന്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് സ്വര്‍ണം പിടിച്ചെടുത്തത്. ജനുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് പിടികൂടിയിരുന്നു.

Tags:    

Similar News