സ്വപ്നയ്ക്ക് സ്വാധീനമായതോടെ കോണ്‍സുലേറ്റില്‍ നിന്നു അനുമതി രേഖകള്‍ പ്രോട്ടോക്കോള്‍ ഓഫിസില്‍ വരുന്നത് നിലച്ചു
സരിത്തിനെ കോണ്‍സുലേറ്റ് പിആര്‍ഒ ആയി നിയമിച്ചതിനു ശേഷം കോണ്‍സുലേറ്റില്‍ ഈ പതിവ് നിലച്ചുവെന്നാണ് പുതിയ കണ്ടെത്തല്‍.
തിരുവനന്തപുരം: സ്വപ്ന സുരേഷിനു യുഎഇ കോണ്‍സുലേറ്റില്‍ സ്വാധീനമുണ്ടായതിനു ശേഷം, കോണ്‍സുലേറ്റില്‍ നിന്നു പതിവ് അനുമതി രേഖകള്‍ പ്രോട്ടോക്കോള്‍ ഓഫിസില്‍ വരുന്നതു നിലച്ചതായി എന്‍ഐഎ കണ്ടെത്തല്‍. നയതന്ത്ര പാഴ്സലുകള്‍ കസ്റ്റംസ് ക്ലിയറന്‍സ് കഴിഞ്ഞു പുറത്തിറക്കാന്‍ പ്രോട്ടോക്കോള്‍ ഓഫിസറുടെ അനുമതിക്കു രേഖകള്‍ നല്‍കേണ്ടതു പിആര്‍ഒ ആണ്. സരിത്തിനെ കോണ്‍സുലേറ്റ് പിആര്‍ഒ ആയി നിയമിച്ചതിനു ശേഷം കോണ്‍സുലേറ്റില്‍ ഈ പതിവ് നിലച്ചുവെന്നാണ് പുതിയ കണ്ടെത്തല്‍.
കോണ്‍സുലേറ്റ് ആരംഭിച്ച 2016 മുതലുള്ള രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് നിര്‍ണായക തെളിവുകള്‍ ലഭിച്ചത്. സരിത്തിനു മുന്‍പുള്ള പിആര്‍ഒ എല്ലാ നയതന്ത്ര പാഴ്സലിനും പ്രോട്ടോക്കോള്‍ ഓഫിസറുടെ അനുമതി തേടി കത്തു നല്‍കിയിരുന്നു. എന്നാല്‍, സ്വപ്ന ഇടപെട്ട് ഈ ഉദ്യോഗസ്ഥനെ മാറ്റുകയായിരുന്നു. സരിത് നിയമിതനായ 2017 ജൂലൈയ്ക്കു ശേഷം ഒരു രേഖയും അനുമതി തേടി പ്രോട്ടോക്കോള്‍ ഓഫിസിലേക്കു വന്നിട്ടില്ല എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.