സ്വര്‍ണക്കടത്ത് കേസിലെ വിവാദ ശബ്ദരേഖ: ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കാന്‍ പോലിസിന് നിയമോപദേശം
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കുമെതിരേ മൊഴി നല്‍കാന്‍ പ്രതി സ്വപ്‌ന സുരേഷനില്‍ ഇഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തിയെന്ന തരത്തില്‍ സ്വപ്‌നയുടേതെന്ന പേരില്‍ പ്രചരിച്ച ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കേസെടുക്കാന്‍ പോലിസ് വകുപ്പിന് നിയമോപദേശം ലഭിച്ചത്.
തിരുവനന്തപുരം: മുഖ്യമന്ത്രിയ്‌ക്കെതിരേ മൊഴി നല്‍കാന്‍ സ്വര്‍ണക്കടത്ത്, ഹവാല കേസുകളിലെ പ്രതിയായ സ്വപ്‌നാ സുരേഷിനെ നിര്‍ബന്ധിച്ചുവെന്ന വിവാദത്തില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലിസിന് നിയമപരമായ അനുമതി ലഭിച്ചു. ഹൈടെക് സെല്‍ എഎസ്പി ഇ എസ് ബിജുമോന്‍ സമര്‍പ്പിച്ച റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലിസ് ഒരുങ്ങുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കുമെതിരേ മൊഴി നല്‍കാന്‍ പ്രതി സ്വപ്‌ന സുരേഷനില്‍ ഇഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തിയെന്ന തരത്തില്‍ സ്വപ്‌നയുടേതെന്ന പേരില്‍ പ്രചരിച്ച ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കേസെടുക്കാന്‍ പോലിസ് വകുപ്പിന് നിയമോപദേശം ലഭിച്ചത്.
ശബ്ദരേഖയുടെ നിര്‍മാണവും പ്രചരണവും അന്വേഷിച്ച ടീമിന്റെ തലവനായിരുന്നു ബിജുമോന്‍. സ്വര്‍ണക്കടത്ത്, ഹവാല കേസുകളില്‍ പിണറായി വിജയനും ഏതാനും മന്ത്രിമാര്‍ക്കുെതിരേ മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് ഓഡിയോയില്‍ സ്വപ്‌ന പറയുന്നത്. പോലിസ് സ്വമേധയാ കേസെടുക്കുകയാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. സ്വപ്‌ന ഇക്കാര്യത്തില്‍ നേരത്തെ ഒരു പരാതി ഉന്നയിച്ചിരുന്നു. സ്വപ്‌ന പരാതികളൊന്നും നല്‍കിയിട്ടില്ലെന്ന് ജയില്‍ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു. സ്വര്‍ണക്കടത്ത്, കിഫ്ബി തുടങ്ങിയ വിഷയങ്ങളില്‍ മുഖ്യമന്ത്രിക്കെതിരേയും മന്ത്രിമാര്‍ക്കെതിരേയും ഇഡി രംഗത്തുവന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് കടുപ്പിക്കാന്‍ തീരുമാനിച്ചത്.
ഇഡി ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ കിഫ്ബി അധികൃതര്‍ ഹാജരാവേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കൂടാതെ കിഫ്ബി ഉദ്യോഗസ്ഥരെ മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ച് ഇഡിക്കെതിരേ കേസെടുക്കാനും സര്‍ക്കാര്‍ നീക്കം തുടങ്ങി. അതിനിടയിലാണ് സ്വപ്‌നയുടേതെന്ന പേരില്‍ വിവാദ ശബ്ദരേഖ പുറത്തുവന്നത്. ഇതുപയോഗിച്ച് ഇഡി ഉദ്യോഗസ്ഥരെ വരുതിയിലാക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ പോലിസ് കേസെന്നാണ് റിപോര്‍ട്ടുകള്‍. മുഖ്യമന്ത്രിയ്‌ക്കെതിരേ മൊഴി നല്‍കാന്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌നാ സുരേഷിനെ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്ന് പോലിസ് ഉദ്യോഗസ്ഥയും മൊഴി നല്‍കിയിട്ടുണ്ട്.
സ്വപ്‌നാ സുരേഷ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലായിരിക്കെ അവരുടെ സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന പാലാരിവട്ടം പോലിസ് സ്‌റ്റേഷനിലെ സിപിഒ സിജി വിജയന്‍ നല്‍കിയ മൊഴിയാണ് പുറത്തുവന്നത്. സ്വപ്‌നയുടേതെന്ന പേരില്‍ പ്രചരിച്ച ശബ്ദരേഖ സംബന്ധിച്ച അന്വേഷണത്തിനിടെയാണ് ഉദ്യോഗസ്ഥ മൊഴി നല്‍കിയിരുന്നത്.