സ്വര്‍ണക്കടത്ത്: തനിക്കെതിരായ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നീക്കണം; ഭീമ ഗോവിന്ദന്റെ വാദം തള്ളി ഹൈക്കോടതി
രാജ്യസുരക്ഷയെയോ, മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തെയോ, പൊതുസമാധാനത്തെയോ ബാധിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നീക്കംചെയ്യാന്‍ ഐടി ആക്ട് 69എ വകുപ്പിലുള്ള സര്‍ക്കാരിന്റെ അധികാരമുപയോഗിക്കണമെന്നാണ് ഭീമ കോടതിയില്‍ ആവശ്യപ്പെട്ടത്.
കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തനിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ നീക്കംചെയ്യണമെന്ന ഭീമ ജ്വല്ലറി ഉടമ ബി ഗോവിന്ദന്റെ ആവശ്യം ഹൈക്കോടതി തള്ളി. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴി നടത്തിയ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ഭീമ ജ്വല്ലറിയെ വലിച്ചിഴക്കുന്നുവെന്നാരോപിച്ചാണ് ബി ഗോവിന്ദന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. കോണ്‍ഗ്രസ് നേതാവ് നിയാസ് ഭാരതി, അഡ്വ.ഹരീഷ് വാസുദേവന്‍ തുടങ്ങിയവരെ എതിര്‍കക്ഷികളാക്കിയാണ് പരാതി നല്‍കിയത്.
ഭീമാ ജ്വല്ലറി ഉടമ യുഎഇ കോണ്‍സുലേറ്റില്‍ സ്വപ്‌ന സുരേഷിനൊപ്പം പങ്കെടുത്ത ചടങ്ങും ഇതുമായി ബന്ധപ്പെട്ട അന്വേഷണവും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് നിയാസ് ഭാരതി രംഗത്തെത്തിയിരുന്നു. യുഎഇ കോണ്‍സുലേറ്റിന്റെ ചടങ്ങില്‍ പ്രതി സ്വപ്‌ന സുരേഷിനൊപ്പമുള്ള ഭീമ ജ്വല്ലറി ഉടമ ഭീമ ഗോവിന്ദന്റെ സാന്നിധ്യം അന്വേഷിക്കണമെന്ന് അഡ്വ. ഹരീഷ് വാസുദേവനും ഫെയ്‌സ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതെത്തുടര്‍ന്നാണ് ഐടി ആക്ടിലെ പ്രത്യേക അധികാരമുപയോഗിച്ച് മാനനഷ്ടമുണ്ടാക്കുന്ന പോസ്റ്റ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഭീമ ഗോവിന്ദന്‍ ഹൈക്കോടതിയെ സമീപിച്ചത്.
രാജ്യസുരക്ഷയെയോ, മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തെയോ, പൊതുസമാധാനത്തെയോ ബാധിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നീക്കംചെയ്യാന്‍ ഐടി ആക്ട് 69എ വകുപ്പിലുള്ള സര്‍ക്കാരിന്റെ അധികാരമുപയോഗിക്കണമെന്നാണ് ഭീമ കോടതിയില്‍ ആവശ്യപ്പെട്ടത്. ഇതെങ്ങനെ അതിന്റെ പരിധിയില്‍ വരുമെന്ന കോടതിയുടെ ചോദ്യത്തിന്, മതസ്പര്‍ധയുണ്ടാക്കുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യാമല്ലോ. അതുപോലെ ഭീമ ഉടമ ഗോവിന്ദനെതിരേ പോസ്റ്റ് ഇട്ടാലും 'പൊതുസമാധാന'ത്തെ ബാധിക്കുമെന്നാണ് ഭീമയുടെ അഭിഭാഷകന്‍ പറഞ്ഞത്. എന്നാല്‍, വ്യക്തികള്‍ക്ക് മാനഹാനിയുണ്ടായാല്‍ 69 എ ഉപയോഗിക്കാന്‍ കഴിയില്ലെന്നും ഐടി ആക്ടിലെ ഈ അധികാരം ദുരുപയോഗിച്ചാല്‍ പൗരന്‍മാരുടെ വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമായ നിലപാടെടുത്തു.
എന്തുകൊണ്ട് ഐടി ആക്ട് 69എയിലെ അധികാരമുപയോഗിക്കണമെന്ന ചോദ്യത്തിന് ഭീമയ്ക്ക് മറുപടിയുമുണ്ടായില്ല. മറ്റൊരു ദിവസം വാദിക്കാമെന്നായിരുന്നു പ്രതികരണം. ഇടക്കാല ഉത്തരവും കോടതി പുറപ്പെടുവിച്ചില്ല. കേസുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും എതിര്‍കക്ഷികള്‍ക്കും നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശിച്ചു. കേസ് പിന്നീട് പരിഗണിക്കും. ഭീമ ജ്വല്ലറി ഉടമയായ ഗോവിന്ദന്റെ യുഎഇ കോണ്‍സുലേറ്റിലെ സ്വപ്‌നയ്ക്ക് ഒപ്പമുള്ള സാന്നിധ്യമടക്കം അന്വേഷിക്കാത്തതും ചര്‍ച്ചയാവാത്തതും ഒരു പൗരന്‍ പരസ്യമായി ചോദിച്ചാല്‍ ഭീമയ്‌ക്കോ ഉടമ ഗോവിന്ദനോ മാനനഷ്ടമുണ്ടാവേണ്ട കാര്യമില്ലെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.
ഭീമയുടെ പരസ്യം കിട്ടുന്നതുകൊണ്ട് ചാനലുകള്‍ക്ക് മാനനഷ്ടമുണ്ടായേക്കാം. തന്റെ ഉദ്ദേശശുദ്ധി പോസ്റ്റില്‍ വ്യക്തമാണ്. സ്വപ്‌നയോടൊപ്പമുള്ള ഭീമ ഉടമ ഗോവിന്ദന്റെ സാന്നിധ്യംകൂടി അന്വേഷിക്കേണ്ടതല്ലേ, എല്ലാ വശവും അന്വേഷിച്ച് കേസില്‍ സത്യം കണ്ടെത്തേണ്ടതല്ലേ എന്ന് ഒരു പൗരന്‍ സോഷ്യല്‍ മീഡിയയില്‍ പൊതുതാല്‍പര്യാര്‍ഥം സംശയം ചോദിച്ചാല്‍ ഈ നാട്ടിലെ സമാധാനം എങ്ങനെയാണ് തകരുകയെന്നറിയാന്‍ കാത്തിരിക്കുന്നു. പ്രധാനമന്ത്രിയെയോ മുഖ്യമന്ത്രിയെയോ മറ്റു അധികാരികളെയോ പൊതുതാല്‍പര്യത്തില്‍ മാന്യമായി വിമര്‍ശിക്കാന്‍ നിയമമുള്ള നാട്ടില്‍ അവര്‍ക്കില്ലാത്ത എന്തവകാശമാണ് ഭീമ ഗോവിന്ദനുള്ളതെന്നും അറിയാന്‍ താല്‍പര്യമുണ്ടെന്നും ഹരീഷ് വാസുദേവന്‍ ചോദിക്കുന്നു.